അബ്‌ദലി അതിർത്തി കവാടത്തിനുനേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്തിന്റെ വടക്കൻ അതിർത്തിയിലെ അബ്ദലി കവാടത്തിനുനേരെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ അതിർത്തി കവാടത്തിലെ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്‌ടമുണ്ടായി. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ആക്രമണവിവരം സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സ്ഥലത്തെത്തി. നാശനഷ്‌ടങ്ങളുടെ വ്യാപ്തി വിലയിരുത്താനും പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കാനുമായി സാങ്കേതിക സംഘങ്ങളെ വിന്യസിച്ചതായും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബ്‌ദലി അതിർത്തി കവാടത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതി സാധാരണ നിലയിലായശേഷം ഗതാഗതം പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.










0 comments