ad
Deshabhimani

ഔദ്യോഗിക അനുമതി ലഭിക്കാത്ത എയർലൈൻസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിസിഎ

dgca
വെബ് ഡെസ്ക്

Published on May 14, 2026, 03:35 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ ഔദ്യോഗിക അനുമതി ലഭിക്കാത്ത എയർലൈൻസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ റിസർവേഷൻ നടത്തുകയോ ചെയ്യരുതെന്ന് യാത്രക്കാർക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും രാജ്യത്തെ വ്യോമഗതാഗതം ക്രമീകരിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം.


നിലവിൽ കുവൈത്ത് എയർവേയ്സിനും ജസീറ എയർവേയ്സിനും മാത്രമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ ഔദ്യോഗിക അനുമതിയുള്ളതെന്ന് ഡിജിസിഎ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. മറ്റ് എല്ലാ എയർലൈൻസുകൾക്കും ഇതുവരെ സർവീസ് നടത്താനുള്ള ഓപ്പറേറ്റിംഗ് പെർമിറ്റോ ഔദ്യോഗിക അനുമതിയോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനുമതിയില്ലാത്ത എയർലൈൻസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പിന്നീട് യാത്രാ സംബന്ധമായ ബുദ്ധിമുട്ടുകളും നിയമപരമായ പ്രശ്നങ്ങളും നേരിടേണ്ടി വരാനിടയുണ്ടെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസിന് ഔദ്യോഗിക അനുമതിയുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


ഇതിനിടെ, അനുമതിയില്ലാത്ത എയർലൈൻസുകളുമായി ഇതിനകം ഇടപാട് നടത്തിയവർക്കും ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ‘സഹേൽ’ ആപ്പിലൂടെ പരാതി നൽകാം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന എയർലൈൻസുകൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


എയർലൈൻസുകളെയും ട്രാവൽ–ടൂറിസം ഓഫീസുകളെയും സംബന്ധിച്ച പരാതികൾ സ്വീകരിക്കാനും അവയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ‘സഹേൽ’ ആപ്പാണ് ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമായും പ്രവർത്തിക്കുന്നതെന്ന് ഡിജിസിഎ കൂട്ടിച്ചേർത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home