സിറിയക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനം; സ്വാഗതം ചെയ്ത് ഒമാൻ

മസ്‌കത്ത്: സിറിയക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ. ഇത് സിറിയൻ സർക്കാരിനെയും അവിടത്തെ ജനങ്ങളെയും വികസനവും സമൃദ്ധിയും പിന്തുടരാൻ പ്രാപ്തമാക്കുന്ന നല്ല നടപടിയാണെന്നും വിശേഷിപ്പിച്ചു. സിറിയയിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ശ്രമങ്ങളെ ഒമാൻ വിദേശമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പ്രശംസിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ വീണ്ടെടുക്കലിനെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വികസനം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും ഒമാൻ വിലമതിക്കുന്നു. കൂടാതെ സിറിയൻ ജനതയെ സഹായിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കിനെ വിലമതിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സംഘർഷങ്ങൾക്കുള്ള സംഭാഷണങ്ങളെയും സമാധാനപരമായ പരിഹാരങ്ങളെയും ഒമാൻ സ്ഥിരമായി പിന്തുണച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.









0 comments