നവോദയ കോടിയേരി ബാലകൃഷണൻ പുരസ്കാരം; സ്വാഗതസംഘം രൂപീകരിച്ചു

ദമ്മാം : നവോദയ - കോടിയേരി ബാലകൃഷണൻ സമഗ്ര സംഭാവന അവാർഡ് സ്വാഗതസംഘം രൂപീകരിച്ചു. നാലാമത് നവോദയ കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുവച്ച് നടന്നു. നവോദയ മുൻ രക്ഷാധികാരിയും എൻആർഐ കമ്മീഷനംഗവുമായ എം എം നഈമിന്റെ അധ്യക്ഷതയിൽ സിപിഐഎം ഒറ്റപ്പാലം ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന യോഗം സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിൽ സമഗ്ര സംഭാവന നൽകിയ ഒരു വ്യക്തി അല്ലെങ്കിൽ സ്ഥാപനത്തിനാണ് ഈ വർഷത്തെ സമഗ്ര സംഭാവന അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. അവാർഡ് തുക ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും. അതോടൊപ്പം ഈ രംഗത്ത് ഏറ്റവും നല്ല സംഭാവന നൽകിയ മൂന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്‌കാരവും നൽകുന്നതാണ്.
സിപിഐ എം ഏരിയ സെക്രട്ടറി കൃഷ്ണദാസ്, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജയസുധ, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, പ്രവാസിസംഘം പാലക്കാട് ജില്ലാ സെക്രട്ടറി എംഎ നാസർ, നവോദയ മുൻ രക്ഷാധികാരികളായ സി വി ജോസ്, ഡി ബി രഘുനാഥ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സ്വാഗതസംഘ രൂപീകരണയോഗത്തിൽ വിവിധ വർഗ ബഹുജന സംഘടന പ്രതിനിധികൾ, കേരള പ്രവാസിസംഘം നേതാക്കൾ, നവോദയ മുൻ കേന്ദ്ര കമ്മിറ്റിയംഗം ദേവൻ പട്ടാമ്പി ഉൾപ്പെടെയുള്ള ദമ്മാം നവോദയയുടെ മുൻകാല പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു.
അവാർഡ് വിതരണം ആഗസ്ത് രണ്ടിന് 2.30ന് ഒറ്റപ്പാലം മനിശേരി പിഷാരടി ഓഡിറ്റോറിയത്തിൽ നടക്കും. നവോദയ മുൻ രക്ഷാധികാരി സമിതിയംഗവും സിപിഐ എം ഒറ്റപ്പാലം ലോക്കൽ കമ്മിറ്റിയംഗവുമായ മോഹനൻ വെള്ളിനേഴി കൺവീനറും സിപിഐ എം ജില്ല സെക്രട്ടറി ഇ എൻ സുരേഷ്ബാബു ചെയർമാനുമായുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്. നവോദയ മുൻ രക്ഷാധികാരി സമിതിയംഗവും കേരള പ്രവാസിസംഘം പാലക്കാട് ജില്ല ട്രഷററുമായ നന്ദിനി മോഹൻ സ്വാഗതവും മോഹനൻ വെള്ളിനേഴി നന്ദിയും രേഖപ്പെടുത്തി.











0 comments