മുഖ്യമന്ത്രിയുടെ സലാല സന്ദർശനം വിജയിപ്പിക്കുമെന്ന് പ്രവാസി സംഘടനകൾ

പിണറായി വിജയൻ
സലാല: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി 25ന് സലാലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സ്വീകരണം വിജയിപ്പിക്കുമെന്ന് പ്രവാസി സംഘടനകൾ. സലാലയിലെ മലയാളികൾക്ക് ഇത് ചരിത്രപരമായ നിമിഷമാണെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) ഭാരവാഹികൾ പറഞ്ഞു.
പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സർക്കാരിന്റെ ജനക്ഷേമ, വികസന, പ്രവാസിക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും. മുഴുവൻ അംഗങ്ങളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്നും പിസിഡബ്ല്യുഎഫ് പ്രസിഡന്റ് കെ കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, വൈസ് പ്രസിഡന്റുമാരായ അരുൺ കുമാർ, ജയരാജൻ കളരിക്കൽ, നൗഷാദ് ഗുരുകൾ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദർശനം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രവാസി കൗൺസിൽ സലാല (കേരള) ഭാരവാഹികൾ. പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണം. പരിപാടി വിജയിപ്പിക്കുന്നതിന് പ്രവാസി കൗൺസിലിന്റെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കുമെന്നും പ്രസിഡന്റ് ഉസ്‌മാൻ വാടാനപ്പള്ളി, സെക്രട്ടറി ലക്ഷ്‌മണൻ, രക്ഷാധികാരി ഈപ്പൻ പനക്കൽ, കൊല്ലം ഗോപകുമാർ, തമ്പി മൂന്നുപീടിക എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments