ad
Deshabhimani

മുഖ്യമന്ത്രിയുടെ സന്ദർശനം; ആവേശത്തോടെ അബുദാബി മലയാളികൾ

cm at abudhabi
വെബ് ഡെസ്ക്

Published on Nov 06, 2025, 01:53 PM | 1 min read

അബുദാബി: എട്ടു വർഷങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ ആവേശത്തോടെ അബുദാബിയിലെ പ്രവാസികൾ. മുഖ്യമന്ത്രിക്ക് അബുദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


യുഎഇ ക്യാബിനറ്റ് അംഗവും മന്ത്രിയുമായ ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഉദ്‌ഘാടനം ചെയ്യും. മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ ദീപക് മിറ്റാൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയതിലക്, എം എ യൂസഫലി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നവംബർ 9ന് അബുദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്താണ് പരിപാടി. കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.


മലയാളം മിഷൻ, ലോക കേരള സഭ, അബുദാബിയിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. വൈകിട്ട് 6 മണി മുതൽ തുടങ്ങുന്ന പരിപാടിയിൽ, കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ അബുദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, സംഘാടക സമിതി വൈസ് ചെയർമാൻ ഇ. കെ. സലാം, കോർഡിനേറ്റർ വി. പി. കൃഷ്ണകുമാർ, രക്ഷാധികാരികളായി റോയ് ഐ വർഗ്ഗീസ്, പി വി പത്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home