സിബിഎസ്ഇ പ്രത്യേക പരീക്ഷ പ്രഖ്യാപനം; പ്രവാസി വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം

അനസ് യാസിൻ
Published on Sep 18, 2026, 08:14 AM | 2 min read
മനാമ : പശ്ചിമേഷ്യയിലെ പ്രദേശിക സംഘർഷങ്ങളെ തുടർന്ന് റദ്ദാക്കിയ പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ വീണ്ടും നടത്താനുള്ള സിബിഎസ്ഇ പ്രഖ്യാപനത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ പ്രവാസി കുടുംബങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയും. പരീക്ഷ നിർബന്ധമാണോ, നിലവിലെ കോളേജ് പ്രവേശനത്തെ ബാധിക്കുമോ എന്നിവയെക്കുറിച്ചാണ് പ്രധാനമായും സംശയങ്ങൾ ഉയരുന്നത്.
കഴിഞ്ഞ ഏപ്രിലിൽ പരീക്ഷകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രത്യേക അസെസ്മെന്റ് രീതി വഴിയായിരുന്നു മാർക്ക് നിശ്ചയിച്ചത്. ഇതുപ്രകാരം 75 ശതമാനത്തിലധികം വിദ്യാർഥികളും ഇന്ത്യയിലോ വിദേശത്തോ ഇതിനകംതന്നെ വിവിധ സർവകലാശാലകളിൽ ഉപരിപഠനം ആരംഭിച്ചുകഴിഞ്ഞു. വീണ്ടും നടത്തുന്ന പ്രത്യേക പരീക്ഷ പൂർണമായും ഐച്ഛികം മാത്രമായിരിക്കുമെന്നാണ് നിലവിലുള്ള സിബിഎസ്ഇ ചട്ടങ്ങളും സുപ്രീം കോടതി ഉത്തരവും സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ലെങ്കിലും നിലവിലെ അസസ്മെന്റ് മാർക്കിൽ സംതൃപ്തരായവർക്കോ, ഇതിനകം കോളേജ് പ്രവേശനം നേടി പഠനം ആരംഭിച്ചവർക്കോ ഈ പരീക്ഷ എഴുതേണ്ടതില്ല. പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവരുടെ നിലവിലെ പന്ത്രണ്ടാംക്ലാസ് സർട്ടിഫിക്കറ്റും മാർക്കും പൂർണമായും സാധുവായി തുടരുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കുന്നത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം, വിദ്യാർഥി ഈ പ്രത്യേക പരീക്ഷ എഴുതിയാൽ അതിൽ ലഭിക്കുന്ന പുതിയ മാർക്കായിരിക്കും അന്തിമമാർക്കായി സിബിഎസ്ഇ കണക്കാക്കുക. ഒരുപക്ഷേ പുതിയ പരീക്ഷയിൽ മാർക്ക് കുറയുകയോ പരാജയപ്പെടുകയോ ചെയ-്താൽ, പഴയ അസസ്മെന്റ് മാർക്ക് റദ്ദാകുകയും പുതിയ കുറഞ്ഞ മാർക്ക് നിലവിൽ വരികയും ചെയ്യും. ഇത് വിദ്യാർഥികളുടെ നിലവിലെ കോളേജ് പ്രവേശനത്തെപ്പോലും അപകടത്തിലാക്കിയേക്കാം.
ഭൂരിഭാഗം വിദ്യാർഥികളും ഇതിനകം ബിരുദപഠനം ആരംഭിച്ചുകഴിഞ്ഞു. കോളേജ് സിലബസിലേക്ക് മാറിയ കുട്ടികൾ വീണ്ടും സ്കൂൾ പാഠഭാഗങ്ങൾ പഠിച്ചെടുക്കുക പ്രയാസമാണ്. സെമസ്റ്റർ പരീക്ഷകളുടെ തിരക്കിനിടയിൽ സ്കൂൾ ബോർഡ് പരീക്ഷകൂടി എഴുതേണ്ടി വരുന്നത് വലിയ ഭാരമാകും. പരീക്ഷ എഴുതാനായി മാത്രം ഗൾഫിലേക്ക് തിരികെ യാത്രചെയ്യുന്നത് സാമ്പത്തിക ബാധ്യതയ-്ക്കും സമയനഷ-്ടത്തിനും കാരണമാകുമെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു.
മുമ്പ് നിശ്ചയിച്ച അസെസ്മെന്റ് രീതിയിൽ മാർക്ക് കുറഞ്ഞുപോയതുമൂലം മെറിറ്റ് സീറ്റ് നഷ്ടപ്പെട്ട ചില വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവുണ്ടായത്. മാർക്ക് ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ ഇപ്പോൾ പ്രത്യേക പരീക്ഷ നടത്തുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് ഇത് ബാധകം. മൊത്തം 40 വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.









0 comments