യുഎഇയോട് ഐക്യദാർഢ്യം
ആരോഗ്യപ്രവർത്തകരെ അണിനിരത്തി ഗിന്നസ് ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി: യുഎഇയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ അണിനിരത്തി ഗിന്നസ് ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്‌സ്. ഫിലിപ്പൈൻസ്, ഇന്ത്യ, യുണൈറ്റഡ് കിങ്ഡം തുടങ്ങി ലോകമെമ്പാടുമുള്ള 64 രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ആരോഗ്യപ്രവർത്തകരെ അണിനിരത്തി ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡാണ് മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബുർജീൽ ഹോൾഡിങ്സ് സ്വന്തമാക്കിയത്. 2019-ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ 'ബുർജീൽ ഗെയിംസി'ന്റെ സമാപന ചടങ്ങിലായിരുന്നു പ്രകടനം. ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. അബുദാബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് 85 മീറ്റർ നീളവും 200 കിലോഗ്രാമിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ആരോഗ്യപ്രവർത്തകരുടെ സംഘം 100 മീറ്ററിലധികം ദൂരം നടന്നു. "നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്" എന്ന പ്രമേയത്തിലായിരുന്നു ഐക്യദാർഢ്യ പ്രകടനം.
ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു. രണ്ടായിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്ത ബുർജീൽ ഗെയിംസ് ഫെബ്രുവരി 28-ന് സമാപിക്കേണ്ടതായിരുന്നുവെങ്കിലും, പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.










0 comments