Deshabhimani

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ്; ബഹ്‌റൈനിൽ 31-ന് പ്രാബല്യത്തിൽ

health insurance

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 18, 2026, 12:30 AM | 1 min read

മനാമ : പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി 31-ന് ബഹ്‌റൈനിൽ ഔദ്യോഗികമായി ആരംഭിക്കും. അംഗീകൃത ആനുകൂല്യങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി പ്രൈമറി–സെക്കൻഡറി ആരോഗ്യ സംരക്ഷണം, അത്യാഹിത വിഭാഗത്തിലെ ചികിത്സ, അപകട ചികിത്സ എന്നിവ നിർബന്ധിത ആരോഗ്യ ഇൻഷുറൻസിന് കീഴിൽ അർഹരായ പ്രവാസികൾക്ക് ലഭ്യമാകും.


കൂടുതൽ ഉയർന്ന പരിരക്ഷ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾക്കും തൊഴിലുടമകൾക്കും അധിക ഇൻഷുറൻസ് പാക്കേജുകളും ലഭ്യമാകും.

പ്രവാസി ജീവനക്കാരുടെ നിർബന്ധിത അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന്റെ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. വർക്ക് പെർമിറ്റ് അപേക്ഷകളിലും പുതുക്കലിലും ഇതിന്റെ നിരക്കുകൾ ഉൾപ്പെടുത്തും.


സഹാതി ഡിജിറ്റൽ സംവിധാനം വഴി പ്രവാസികൾക്ക് ഇൻഷുറൻസ് നില പരിശോധിക്കാം. സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സേവനങ്ങൾ നേടാനും സാധിക്കും. ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ്‌ പദ്ധതിയെന്ന്‌ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുള്ള അൽ ഖലീഫ പറഞ്ഞു.


പദ്ധതിയുടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. സമഗ്ര ഇൻഷുറൻസ് ചട്ടക്കൂടിനുള്ളിൽനിന്ന്‌ പ്രവാസികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, ആരോഗ്യ രംഗത്തെ വിഭവങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. അതേസമയം, പുതിയ പദ്ധതി നിലവിൽ വരുന്നത് ബഹ്റൈൻ പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന ആരോഗ്യ സേവനങ്ങളെ ബാധിക്കില്ല. പൗരന്മാർക്കുള്ള സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home