അക്കാഫ് ചെറുകഥാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

ദുബായ് : ഓൾ കേരള കോളേജസ് അലുമ്നി ഫോറം സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് അൽ നഹ്ദയിലെ അക്കാഫ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ജൂനിയർ വിഭാഗത്തിൽ ആവ്യ മഹെർവാൾ ഒന്നാംസ്ഥാനവും കാവ്യ മേനോൻ രണ്ടാംസ്ഥാനവും അമാനി ഷാഹിർ മൂന്നാംസ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അദിതി അജേഷ് കുമാർ ഒന്നാംസ്ഥാനവും സ്റ്റെഫാനി ലില്ലി സാമുവൽ രണ്ടാംസ്ഥാനവും അൻവിക വിനോദ് മൂന്നാംസ്ഥാനവും നേടി. ഒന്നാംസ്ഥാനക്കാർക്ക് 1250 ദിർഹവും രണ്ടാംസ്ഥാനക്കാർക്ക് 750 ദിർഹവും മൂന്നാംസ്ഥാനക്കാർക്ക് 500 ദിർഹവും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.
സെപ്തംബറിൽ നടക്കുന്ന അക്കാഫ് ഓണം ആഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത മികച്ച കഥകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, യുഎഇ വാർത്ത ആൻഡ് ന്യൂസ് മിഡിൽ ഈസ്റ്റ് സ്ഥാപകനും ചീഫ് എഡിറ്ററുമായ അനൂപ് കീച്ചേരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു.
യുഎഇയിലെ വിവിധ സ്കൂളുകളിൽനിന്നായി ലഭിച്ച 700ഓളം രചനകളിൽനിന്നാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആറ് വിജയികളെ തെരഞ്ഞെടുത്തത്. ആറുമാസത്തോളം നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു. ചെറുകഥാ മത്സരം കമ്മിറ്റി കൺവീനറും എഴുത്തുകാരനുമായ അക്ബർ ആലിക്കര ആമുഖപ്രഭാഷണം നടത്തി. സജ്ന അബ്ദുള്ള പ്രാർഥനചൊല്ലി. രാഖി രമണൻ അവതാരകയായി.









0 comments