ദുബായ് വിമാനത്താവളത്തിന് സമീപം എയർ ടാക്സി സ്റ്റേഷൻ; നഗര ഗതാഗതത്തിൽ പുതിയ ചുവടുവെപ്പ്

ദുബായ്: ദുബായ് വിമാനത്താവളത്തിന് സമീപം, ആദ്യ എയർ ടാക്സി സ്റ്റേഷൻ പൂർത്തിയായതായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റഷീദ് അൽ മക്തൂം അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു (ഡിഎക്‌സ്‌ബി) സമീപമുള്ള സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷമാണ് ഷെയ്ഖ് ഹംദാൻ പ്രതികരിച്ചത്.
ലോകത്തിലെ ആദ്യ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്- ഓഫ് ആൻഡ് ലാൻഡിങ് (ഇവിടിഒഎൽ) എയർ ടാക്സി സ്റ്റേഷനായി വിലയിരുത്തപ്പെടുന്ന ഈ പദ്ധതി നഗരത്തിലെ എയർ ടാക്സി സേവനങ്ങളുടെ പ്രധാന ഹബ്ബായിരിക്കും. സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ ജോബി ഏവിയേഷൻ (Skyports Infrastructure, Joby Aviation ) എന്നിവ ചേർന്ന് വികസിപ്പിച്ച പദ്ധതി ആർടിഎ യുടെ മേൽനോട്ടത്തിലാണ് നടപ്പാക്കിയത്.
3,100 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള നാല് നില കെട്ടിടം, രണ്ട് നില പാർക്കിംഗ് സൗകര്യം, രണ്ട് ടേക്ക്- ഓഫ്/ലാൻഡിംഗ് പാഡുകൾ, ചാർജിംഗ് സംവിധാനങ്ങൾ, താപനിയന്ത്രിത സൗകര്യങ്ങൾ എന്നിവയടങ്ങിയതാണ് സ്റ്റേഷൻ. വർഷത്തിൽ ഏകദേശം 1.7 ലക്ഷം യാത്രക്കാരെ സേവിക്കാൻ ശേഷിയുണ്ട്. എയർ ടാക്സി സേവനം നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കും. വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറ വരെ യാത്ര ഏകദേശം 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും. പൊതുഗതാഗത സംവിധാനങ്ങളോടും ഇ-സ്കൂട്ടർ, സൈക്കിൾ പോലുള്ള വ്യക്തിഗത ഗതാഗത മാർഗങ്ങളോടും എയർ ടാക്സി സംവിധാനം ബന്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
ഈ വർഷാവസാനം വാണിജ്യ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയർ ടാക്സി പദ്ധതി, സ്മാർട്ടും സുസ്ഥിരവുമായ നഗര ഗതാഗതത്തിലേക്കുള്ള ദുബായുടെ ശ്രമങ്ങൾക്ക് വലിയ പിന്തുണ നൽകും. 2025 നവംബറിൽ, ജോബി ഏവിയേഷൻ രാജ്യത്തെ ആദ്യ പൈലറ്റ് സഹിതമുള്ള എയർ ടാക്സി പരീക്ഷണയാത്ര വിജയകരമായി പൂർത്തിയാക്കിയിരുന്നു. ടെസ്റ്റ് കേന്ദ്രത്തിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനതാവളം (ഡിഡബ്ല്യുസി) വരെയായിരുന്നു 17 മിനിറ്റ് ദൈർഘ്യമുള്ള യാത്ര.
ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങളിലായി കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ആർടിഎ പ്രഖ്യാപിച്ചിട്ടുണ്ട്. 2026ഓടെ മൊത്തം നാല് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രാഥമിക ശൃംഖല രൂപീകരിക്കാനാണ് ലക്ഷ്യം.










0 comments