13 വർഷത്തെ കാത്തിരിപ്പ്: കാസിം ജന്മനാട്ടിലേക്ക്

ജിദ്ദ : നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകാതെ 13 വർഷമായി ജിദ്ദയിൽ കഴിയുന്ന തിരൂർ സ്വദേശി കാസിം നാടണഞ്ഞു. ജിദ്ദ തിരൂർ കൂട്ടായ്മയുടെ ഇടപെടലിലൂടെ നിയമ, സാമ്പത്തിക കുരുക്കുകൾ അഴിഞ്ഞതോടെയാണ് ഞായറാഴ്ചത്തെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.
ജിദ്ദയിലെ ടാക്സി കമ്പനിയിലുണ്ടായ തർക്കത്തെ തുടർന്ന് വലിയ തുക ബാധ്യതയും യാത്രാവിലക്കും കാസിമിനുമേൽ ചുമത്തപ്പെട്ടു. ഇതിനിടെ കമ്പനി പൂട്ടുകയും ഉടമ മരിക്കുകയും ചെയ്തതോടെ പ്രശ്നം സങ്കീർണമായി. സ്ഥിരമായ ജോലിയില്ലാതെ മറ്റുള്ളവരുടെ സഹായത്തോടെ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ നാട്ടിലെ മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിൽ കടുത്ത സാമ്പത്തിക പ്രയാസത്തിലുമായിരുന്നു.
രണ്ടുമാസംമുമ്പ് വിഷയത്തിൽ ഇടപെട്ട ജിദ്ദ തിരൂർ കൂട്ടായ്മ പ്രവർത്തകർ 40,000ൽ അധികം സൗദി റിയാലിന്റെ ബാധ്യത തീർപ്പാക്കുകയും നിയമനടപടി പൂർത്തിയാക്കുകയുമായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത്, രക്ഷാധികാരി വാസു വെള്ളേടത്ത്, വെൽഫെയർ കൺവീനർ റിയാസ് എന്നിവർ സംസാരിച്ചു. അബ്ദുൾ ഗഫൂർ, ഫാസിൽ കാഞ്ഞിക്കോത്ത്, ടി കെ സുഹൈൽ, മുഹമ്മദ് സമീർ, അനീസ് കല്ലിങ്ങൽ, സജീവ്, ട്രഷറർ മൊയ്തു വലിയകത്ത് എന്നിവർ പങ്കെടുത്തു.









0 comments