ഖത്തർ ടീമിനൊപ്പം വീണ്ടും മലയാളിത്തിളക്കം; ഷസൈന്റെ വര ലോകകപ്പിലേക്ക്

മസ്‌കത്ത് : ലോകകപ്പിനുള്ള ഖത്തർ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ബസിൽ ഇടം നേടി മലയാളി വിദ്യാർഥിയുടെ ചിത്രം. ഒമാനിലെ ദഹ്‌ലിയ ഗവർണറേറ്റിലെ നിസ്‌വ ഇന്ത്യൻ സ്‌കൂൾ നാലാംക്ലാസ് വിദ്യാർഥി ഷസൈൻ സാക്കിയാണ് തന്റെ സൃഷ്‌ടിയിലൂടെ ലോക മാമാങ്കത്തിന്റെ ഭാഗമായത്. ഫിഫയും ഹ്യുണ്ടായിയും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പ് 2026 ചിത്രരചന മത്സരത്തിൽ വിജയിച്ചാണ് ഷസൈൻ നേട്ടം കൈവരിച്ചത്. വിവിധ രാജ്യത്തുനിന്നുള്ള അനവധി കുട്ടികൾ വരച്ച തങ്ങളുടെ ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 48 വിജയികളിൽ ഒരാളാണ് ഷസൈൻ.
തന്റെ പ്രിയ ടീമായ ഖത്തറിനുവേണ്ടി "ഗോ ഗോ ഖത്തർ, കിക്ക് ഇറ്റ് ഫാർ' എന്ന പ്രമേയത്തിൽ ഷസൈൻ വരച്ച ചിത്രമാണ് ഖത്തർ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ബസിൽ പ്രദർശിപ്പിക്കുക. കൂടാതെ ഖത്തറും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം കാണാനുള്ള അവസരവും ഷസൈന് ലഭിക്കും. ഷൊർണൂർ സ്വദേശികളായ ഷക്കീലിന്റെയും നബീലയുടെയും മകനാണ് ഷസൈൻ. മലയാളം മിഷൻ ഒമാൻ അധ്യാപകരാണ് ഇരുവരും.
മലയാളിയായ തഹ്‌സീൻ മുഹമ്മദ് ലോകകപ്പിൽ ഖത്തറിന് വേണ്ടി കളിക്കാനിറങ്ങുന്ന വേളയിൽ തഹ്‌സീൻ സഞ്ചരിക്കുന്ന ടീം ബസിനെ ഷസൈന്റെ ചിത്രവും അലങ്കരിക്കും. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പ് 11ന് തുടങ്ങും.










0 comments