റിയാദിൽ പൊതുഗതാഗതം ഉപയോഗിച്ചത് 50 കോടിയോളം പേർ

റിയാദ് : സൗദി തലസ്ഥാനത്തെ പൊതുഗതാഗത ശൃംഖല ആരംഭിച്ച് രണ്ടുവർഷം തികയുംമുമ്പ് യാത്രക്കാരുടെ എണ്ണം 50 കോടിയോടടുത്തതായി ഗതാഗത, ലോജിസ്റ്റിക-്സ് ഉപമന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ്. റിയാദിൽ നടക്കുന്ന 25–-ാമത് ലോക ഊർജ കോൺഗ്രസിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 85 സ്റ്റേഷനുകളുള്ള റിയാദ് മെട്രോയും വൈദ്യുതിയിലും പരമ്പരാഗത ഇന്ധനങ്ങളിലും പ്രവർത്തിക്കുന്ന ബസ് ശൃംഖലയും ഉൾപ്പെടുന്നതാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനം.
പൊതുഗതാഗതത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത നഗരത്തിലെ യാത്രാരീതികളിൽ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് അൽ റുമൈഹ് പറഞ്ഞു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിന് പകരം പൊതുഗതാഗതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വിവിധ നഗരങ്ങളിൽ പൊതുഗതാഗത ശൃംഖല വിപുലീകരിക്കാനും വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനുമുള്ള പദ്ധതികൾ സൗദി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള ഊർജ ആവശ്യകതയുടെ 30 ശതമാനത്തോളം ഗതാഗത, ലോജിസ്റ്റിക-്സ് മേഖലയുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ കാർബൺ പുറന്തള്ളൽ കുറയ-്ക്കുന്നതിന് ദീർഘകാല പദ്ധതികളും വിവിധ സാങ്കേതികവിദ്യകളുടെ ഉപയോഗവും ആവശ്യമാണ്. 2060ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുകയെന്ന സൗദിയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ ഗതാഗത മേഖലയ-്ക്ക് നിർണായക പങ്കുണ്ടെന്നും ദേശീയ ഗതാഗത, ലോജിസ്റ്റിക-്സ് നയത്തിന്റെ ഭാഗമായി വ്യോമ, സമുദ്ര, റെയിൽ, റോഡ് ഗതാഗത മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.









0 comments