ad
Deshabhimani

യുഎഇയിൽ ചെറുകിട- ഇടത്തരം സംരഭകര്‍ക്ക് നേട്ടം; ട്രേഡ്‌മാർക്ക് സേവന ഫീസിൽ 50 ശതമാനം ഇളവ്

UAE
വെബ് ഡെസ്ക്

Published on Oct 22, 2025, 03:01 PM | 2 min read

ദുബായ്: അർഹരായ സംരംഭകർക്കായി ട്രേഡ്‌മാർക്ക് സേവന ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതായി യുഎഇയിലെ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയം. ദേശീയ ചെറുകിട-, ഇടത്തരം വ്യവസായ പദ്ധതിയിൽ അംഗങ്ങളായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഇളവ്. പുതിയ ഭേദഗതിപ്രകാരം വിശേഷ ആവശ്യക്കാരായവർക്ക് ട്രേഡ്‌മാർക്ക് സേവന ഫീസ് പൂർണമായും ഒഴിവാക്കി. മൊത്തം 28 സേവനങ്ങൾക്കുള്ള ഫീസുകൾ പുതുക്കിയതായും മന്ത്രാലയം അറിയിച്ചു. ചില ഫീസ് പരിഷ്‌കരിക്കപ്പെട്ടതോടൊപ്പം പുതിയ സേവനങ്ങളും ചേർത്തിട്ടുണ്ട്.


7000 ദിർഹം ആയിരുന്ന, തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാനുള്ള ഫീസ് 3750 ദിർഹമായി കുറച്ചു. ലംഘനപരാതിക്ക് 2250 ദിർഹമാണ്‌ ഫീസ്. ഒരു വിഭാഗത്തിൽമാത്രം അപേക്ഷിച്ചാൽ അതിനായി മാത്രം ഫീസ് ഈടാക്കും. ഒന്നിലധികം വിഭാഗങ്ങൾ ഉൾപ്പെടുന്ന അപേക്ഷകൾക്ക് ഓരോ വിഭാഗത്തിനും പ്രത്യേകമായി ഫീസ് അടയ്ക്കേണ്ടിവരും. ഭൗമസൂചന രജിസ്ട്രേഷൻ– 6500 ദിർഹം, ഏകദിന ട്രേഡ്‌മാർക്ക് പരിശോധന– 2250 ദിർഹം, ട്രേഡ്‌മാർക്ക് റദ്ദാക്കലിനെതിരായ അപ്പീൽ– 5000 ദിർഹം, ദേശീയ ട്രേഡ്‌മാർക്ക് അന്താരാഷ്ട്രതലത്തിലേക്ക് മാറ്റൽ– 400 ദിർഹം എന്നിങ്ങനെയാണ്‌ ഫീസ്‌.


ട്രേഡ്‌മാർക്ക് പുതുക്കലുമായി ബന്ധപ്പെട്ട നാല് സേവനഫീസും ഏകീകരിച്ചു. സംരക്ഷണ കാലയളവിന്റെ അവസാന വർഷം പുതുക്കലിന്‌ 5750 ദിർഹം, കാലാവധി കഴിഞ്ഞ് ആറുമാസത്തിൽ പുതുക്കാൻ 6500 ദിർഹം, നിരീക്ഷണ -പരിശോധന ചിഹ്നങ്ങളുടെ പുതുക്കലിന്‌ യഥാക്രമം 8250 ദിർഹവും 9750 ദിർഹവുമാണ്‌ പുതുക്കിയ ഫീസ്‌.


തീരുമാനം യുഎഇയെ അന്താരാഷ്ട്ര നിക്ഷേപകരുടെ പ്രിയസ്ഥാനമാക്കുമെന്ന്‌ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മാരി പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായികൾക്കും പ്രത്യേകാവശ്യക്കാർക്കും വലിയ പിന്തുണ നൽകുമെന്നും അദ്ദേേഹം വ്യക്തമാക്കി. ദേശീയ ചെറുകിട, -ഇടത്തരം വ്യവസായ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക്‌ ഇളവിന് അപേക്ഷിക്കാമെന്ന്‌ മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ മേഖലയുടെ അസി. അണ്ടർസെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ഹസൻ അൽ മുഐനി പറഞ്ഞു. ഇത് രജിസ്ട്രേഷൻ എണ്ണത്തിലെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശീയ ഉൽപ്പന്നങ്ങൾക്കായി ഭൗമസൂചന സംവിധാനം സ്ഥാപിക്കൽ, മാഡ്രിഡ് കരാറിൽ അംഗത്വം, ഏകദിന ട്രേഡ്‌മാർക്ക് പദ്ധതി തുടങ്ങിയ നവീകരണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും സഹായിക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്നതായി മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അബ്ദുള്ള അഹ്മദ് അൽ സാലെഹ് പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ അർധത്തിൽ യുഎഇയിൽ 19,957 ദേശീയവും അന്താരാഷ്ട്രവുമായ ട്രേഡ്‌മാർക്കുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 8711 ആയിരുന്നു. 129 ശതമാനം വളർച്ചയാണ്‌ രേഖപ്പെടുത്തിയതെന്ന്‌ മന്ത്രാലയം വ്യക്തമാക്കി. 2025 സെപ്തംബർ അവസാനംവരെ യുഎഇയിൽ രജിസ്റ്റർ ചെയ്ത മൊത്തം ദേശീയ-അന്താരാഷ്ട്ര ട്രേഡ്‌മാർക്കുകളുടെ എണ്ണം 4,02,311 ആയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home