Deshabhimani

നിയമലംഘനം; ഒമാനിൽ 17 പെട്രോൾ പമ്പിന്‌ പൂട്ട്‌

petrol uae
വെബ് ഡെസ്ക്

Published on Oct 18, 2026, 08:08 AM | 1 min read

മസ്‌കത്ത് : അളവിൽ കുറവുവരുത്തി ഇന്ധനം വിതരണം ചെയ്ത 17 പെട്രോൾ പമ്പുകൾ ഒമാനിൽ താൽക്കാലികമായി അടപ്പിച്ചു. ആദം- ദോഫാർ പാതയിലെ 90 ഇന്ധന സ്‌റ്റേഷനുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇന്ധന വിതരണത്തിലെ അളവുതെറ്റുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ആകെ 47 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.


ആഗസ-്‌ത്‌ ഒന്നുമുതൽ 21 വരെ നടത്തിയ പരിശോധനയിൽ ഇന്ധന വിതരണത്തിന്റെ കൃത്യത, സാങ്കേതിക മാനദണ്ഡങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ എന്നിവയിലെ വീഴ്‌ചകളാണ് കണ്ടെത്തിയതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ സ്റ്റാൻഡേർഡ്‌സ് ആൻഡ്‌ മെട്രോളജി ഇൻസ്‌പെക്ഷൻ വിഭാഗത്തിലെ ഷൈമ ബിൻത് ഖമീസ് അൽ ബലൂഷി പറഞ്ഞു.


ഇന്ധനം നിശ്ചിത അളവിൽ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ച സ്‌റ്റേഷനുകൾ തകരാറുകൾ പരിഹരിക്കുന്നതുവരെ അടച്ചിടാൻ നിർദേശിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം മന്ത്രാലയത്തിലെ വിദഗ്ധർ പരിശോധന നടത്തി വീഴ്‌ചകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമേ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകൂ.


ഇന്ധന സ്‌റ്റേഷനുകളിലെ ശുചിമുറികൾ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയ 12 കേസുകളും ഇലക-്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കാത്ത 15 കേസും പരിശോധനയിൽ കണ്ടെത്തി. ടയറുകളിൽ വായു നിറയ-്‌ക്കാനുള്ള ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്ന രണ്ട് കേസും കണ്ടെത്തിയിട്ടുണ്ട്. ഇന്ധന വിതരണത്തിലെ കൃത്യത ഉറപ്പാക്കാനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇന്ധന സ്‌റ്റേഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കാനുമുള്ള പരിശോധനയുടെ ഭാഗമായാണ് നടപടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home