പതിനഞ്ചാമത് എഡിഷൻ സൗദി വെസ്റ്റ് നാഷണൽ പ്രവാസി സാഹിത്യോത്സവ്; ജിസാൻ സോൺ ജേതാക്കൾ

pravasi sahithyolsav
മക്ക: സൗദി വെസ്റ്റ് നാഷണൽ കലാലയം സംസ്‍കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന് സമാപനം. 'പ്രയാണം' എന്ന ശീർഷകത്തിൽ നടന്ന പ്രവാസി നാഷനൽ സാഹിത്യോത്സവിൽ യൂണിറ്റ് , സെക്ടർ, സോൺ എന്നീ തലങ്ങളിൽ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മാറ്റുരച്ചത്. രജിസ്ട്രേഷൻ മുതൽ ജഡ്ജിങ്, ഫലപ്രഖ്യാപനം വരെ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ ക്രമീകരിച്ച 'പേപ്പർലെസ് സാഹിത്യോത്സവ്' ആയിരുന്നു ഇത്തവണത്തേത് എന്നത് 15-ാം എഡിഷന്റെ പ്രത്യേകതയായി.
മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കലാ വിരുന്നിൽ ജിസാൻ, തായിഫ്, അൽബഹ, മദീന, യാമ്പു, അസീർ, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മക്ക, റാബിഗ്, തുടങ്ങിയ 11 സോണിൽ നിന്നെത്തിയ 300 മത്സരാർഥികൾ മാറ്റുരച്ചു. 259 പോയിന്റ് നേടി ജിസാൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 196 പോയിന്റ് നേടി ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി മദീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്യാമ്പസ് വിഭാഗത്തിൽ 86 പോയിന്റ് നേടി ജിദ്ദ നോർത്ത് ചാമ്പ്യൻമാരായപ്പോൾ 55 പോയിന്റ് നേടി മക്ക രണ്ടാം സ്ഥാനവും 49 പോയിന്റ് നേടി അസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാഹിത്യോത്സവിന്റെ കലാ പ്രതിഭയായി ജിസാൻ സോണിലെ മുഹമ്മദ് റബീഹിനെയും സർഗ പ്രതിഭയായി മദീന സോണിലെ ആസിഫിനെയും വനിത വിഭാഗത്തിൽ നിന്നും സർഗപ്രതിഭായി മദീന സോണിൽ നിന്നുള്ള മുംതാസിനെയും തെരഞ്ഞെടുത്തു.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ആർഎസ്‍സി നാഷണൽ സെക്രട്ടറി സയ്യിദ് ശബീറലി തങ്ങളുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ശിഹാബ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. നാഷണൽ കലാലയം സെക്രട്ടറി റഫീഖ് കൂട്ടായി സ്വാഗതവും ഐ സി എഫ് നാഷനൽ പ്രസിഡന്റ് സിറാജ് കുറ്റ്യാടി മുഖ്യ പ്രഭാഷണവും ഗ്ലോബൽ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂർ സന്ദേശ പ്രഭാഷണവും നടത്തി.
സാഹിത്യോത്സവ് സംഘാടക സമിതി ജനറൽ കൺവീനറും കെഎംസിസി നാഷനൽ പ്രസിഡന്റുമായ കുഞ്ഞിമോൻ കാക്കിയ മുഖ്യഅഭിവാദന ഭാഷണം നടത്തി. സലീം കണ്ണനാംകുഴി (OICC), ഷംസു തുറയിൽ (നവോദയ ), മുസ്തഫ മലയിൽ (KMCC), നൗഷാദ് പെരിന്താറ്റിരി (OICC)ഷമീം നരിക്കുനി (ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗം) തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഷാഫി ബാഖവി അധ്യക്ഷനായി. കബീർ ചൊവ്വ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വിജയികളായവർക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു.










0 comments