ലോക കേരള സഭയെ പിരിച്ചുവിടരുത്; പ്രവാസലോകത്ത് പ്രതിഷേധം ശക്തം

ദുബായ്: ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നിലവിലെ ലോക കേരള സഭ ഇല്ലാതാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വേള്‍ഡ് കെഎംസിസി ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ. ലോക കേരള സഭ പിരിച്ചുവിടാനുള്ള നടപടി ധൃതിപിടിച്ച് നടപ്പാക്കുംമുമ്പ് പ്രവാസി മലയാളി സമൂഹവുമായി കൂടിയാലോചന നടത്തി ശക്തവും സുതാര്യവും കാര്യക്ഷമവുമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം. മന്ത്രാലയത്തിന്റെയോ എക്‌സിക്യൂട്ടീവ് ഏജന്‍സിയുടെയോ മാനദണ്ഡങ്ങള്‍വച്ച് സഭയുടെ വിജയപരാജയങ്ങള്‍ അളക്കുന്നത് ശരിയല്ല. സഭ മുന്നോട്ടുവച്ച നല്ല ആശയങ്ങള്‍ നടപ്പാക്കേണ്ട ചുമതല വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നോര്‍ക്കപോലുള്ള ഏജന്‍സികള്‍ക്കുമാണ്. ലോക കേരള സഭയുടെ കാര്യത്തില്‍ അപാകതകളോ വീഴ്‌ചയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ തിരുത്തുകയാണ് വേണ്ടത്. എന്നാല്‍, ഇത്തരം സാമ്പത്തിക ബാധ്യതയും പാളിച്ചകളും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് പ്രവാസികളെ ബന്ധിപ്പിക്കുന്ന സംവിധാനത്തെ യാതൊരു തരത്തിലുമുള്ള ബദല്‍ വേദിയൊരുക്കാതെ അവസാനിപ്പിക്കരുതെന്നും പുത്തൂർ റഹ്‌മാൻ പറഞ്ഞു.
മസ്കത്ത്
കക്ഷിരാഷ-്‌ട്രീയത്തിന്റെ ഇടുങ്ങിയ നിലപാടിൽനിന്ന് നോക്കിയാൽ ലോക കേരള സഭയുടെ വിശാലത മനസ്സിലാക്കാനാകില്ലെന്ന് മസ്‌കത്തിലെ മാധ്യമപ്രവർത്തകൻ ഒ കെ മുഹമ്മദലി. ലോക കേരളമെന്ന വലിയ ഒത്തുചേരലിൽനിന്ന് ഉടലെടുക്കുന്ന വ്യക്തിപരമായ സൗഹൃദങ്ങൾ, അതിലൂടെ വികസിക്കുന്ന ബന്ധങ്ങൾ, ഫലമായി ക്രമത്തിൽ ഉരുത്തിരിയുന്ന സംരംഭങ്ങൾ ഇതെല്ലാം ലോക കേരള സഭയുടെ ഗുണഫലങ്ങളാണ്. സ്വന്തം ചെലവിൽ പ്രവാസികൾ താമസിച്ച് പങ്കെടുക്കുന്ന പരിപാടിക്ക് സർക്കാരിനുണ്ടാകുന്ന ചിലവ് രണ്ടുദിവസത്തെ ഭക്ഷണം കൊടുക്കുന്നതും നിയമസഭാമന്ദിരത്തിന്റെ ഒരുഭാഗം അതിനായി വിട്ടുകൊടുക്കുന്നതുമാണ്. നിലവിലെ മന്ത്രിസഭയിലെ സുപ്രധാന പദവിയിലുള്ള അംഗങ്ങൾപോലും ഒരുഘട്ടത്തിൽ ഇതിന്റെ നന്മകളെ അംഗീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ വ്യത്യസ്തതരം ജീവിത സാഹചര്യങ്ങൾ, ജീവിതാനുഭവങ്ങൾ, ഓരോ നാട്ടിലെയും നിയമങ്ങളിലെ വൈവിധ്യം തുടങ്ങിയ വിഷയങ്ങൾ സർക്കാർ അധികാരികളെ ബോധ്യപ്പെടുത്തുന്നതിന് ഇതിനേക്കാൾ നല്ല അവസരമില്ല. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ പ്രവാസിക്ക് ലഭിക്കുന്ന അനുഭൂതിയും അഭിമാനവും പൊതുപ്രവർത്തകർക്കോ, ഉദ്യോഗസ്ഥർക്കോ പൂർണമായും ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ലെന്നും അദ്ദേഹം ഒ കെ മുഹമ്മദലി പറഞ്ഞു.
ജിദ്ദ
ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്ന് മുൻ അംഗം അബ്ദുള്ള മുല്ലപ്പള്ളി. സാധാരണ പ്രവാസി തൊഴിലാളിമുതൽ പ്രൊഫഷണലുകൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ, കലാ-സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിൽനിന്നുള്ളവർക്ക് ഒരേവേദിയിൽ സംസാരിക്കാനുള്ള അവസരമാണ് ലഭിച്ചത്. സഭയിൽ പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചകളിൽ ഒതുങ്ങിയില്ല. നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ നിരവധി പദ്ധതികൾ അതിന്റെ ഭാഗമായി നടപ്പാക്കി. ഏറ്റവും ഒടുവിലത്തെ ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായ മാതാപിതാക്കൾക്കുകൂടി ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നത് നോർക്ക കെയർ പ്ലസിലൂടെ കഴിഞ്ഞ സർക്കാർ വേഗത്തിൽ നടപ്പാക്കി. നോർക്ക പൊലീസ് സ്റ്റേഷൻ, വിവിധ രാജ്യങ്ങളിലെ ഹെൽപ് ഡെസ-്‌കുകൾ, എയർപോർട്ട് ഹെൽപ് ഡെസ-്‌ക്, പ്രവാസി മിത്ര പോർട്ടൽ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ തുടങ്ങിയ നിരവധി ഇടപെടലുകളും പ്രവാസികളുടെ ആവശ്യങ്ങളോട് കഴിഞ്ഞ സർക്കാർ നടത്തിയ പ്രതികരണങ്ങളുടെ ഭാഗമാണ്. നിലവിലുള്ള സംവിധാനത്തിൽ പോരായ്‌മകളുണ്ടെങ്കിൽ അത് പരിഹരിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ലോകമെമ്പാടുമുള്ള പ്രവാസികളുടെ ശബ്‌ദം കേൾക്കാനുള്ള വേദി സംരക്ഷിക്കപ്പെടണമെന്നും അബ്ദുള്ള മുല്ലപ്പള്ളി പറഞ്ഞു.









0 comments