ad
Deshabhimani

അൽ മക്തൂം വിമാനത്താവളം വികസനം; 50 കിലോമീറ്റർ ഓട്ടോമേറ്റഡ് യാത്രാസംവിധാനം

Al Maktoum International Airport Dubai
വെബ് ഡെസ്ക്

Published on Aug 20, 2026, 11:33 PM | 1 min read

ദുബായ്: പുതിയ ടെർമിനലുകളെയും പ്രധാന സൗകര്യങ്ങളെയും ബന്ധിപ്പിക്കാൻ ഓട്ടോമേറ്റഡ് സംവിധാനവുമായി അൽ മക്തൂം അന്താരാഷ-്‌ട്ര വിമാനത്താവളം. ഒമ്പത് സ്റ്റേഷനെ ബന്ധിപ്പിച്ച്‌ 50 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ ഡ്രൈവറില്ലാത്ത പീപ്പിൾ മൂവർ സംവിധാനം ഒരുക്കുന്നത്‌. വിമാനത്താവളത്തിനുള്ളിലെ യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യം.


ലോകത്ത്‌ വിമാനത്താവളത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനമായിരിക്കും ഇതെന്ന് പദ്ധതി നടപ്പാക്കുന്ന മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് അറിയിച്ചു. 165 ഓട്ടോമേറ്റഡ് വാഹനങ്ങളാണ് സംവിധാനത്തിന്റെ ഭാഗമായി സർവീസ് നടത്തുക. പുതിയ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുംമുമ്പ്‌ 2031 ഡിസംബറോടെ സ‍ൗകര്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷൻ പദ്ധതിയുടെ നിർമാണ കരാർ എംഎച്ച്‌ഐ ഉൾപ്പെടുന്ന കൺസോർഷ്യത്തിന് നൽകി. എംഎച്ച്‌ഐ മൊബിലിറ്റി എൻജിനിയറിങ് സർവീസസും ഇന്ത്യൻ എൻജിനിയറിങ്–നിർമാണ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയും കൺസോർഷ്യത്തിന്റെ ഭാഗമാണ്.


​വിപുലീകരണം പൂർത്തിയാകുന്നതോടെ അൽ മക്തൂം വിമാനത്താവളം വർഷം 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായി മാറും. വിമാനത്താവളത്തെ ദുബായിലെ വിവിധ മേഖലകളുമായി ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതികളും പുരോഗമിക്കുകയാണ്. ​ആർടിഎ ദുബായ് 55 കിലോമീറ്റർ ദൈർഘ്യമുള്ള എയർപോർട്ട് എക്-്‌സ്‌പ്രസ് ലൈൻ പദ്ധതിയുമായും മുന്നോട്ടുപോകുന്നു. അൽ ജദ്ദാഫ്, അൽ ഖൈൽ റോഡ് എന്നിവ വഴി ദുബായ് വിമാനത്താവളത്തിൽനിന്ന് അൽ മക്തൂം വിമാനത്താവളത്തിലേക്ക് എത്തുന്ന രീതിയിലാണ് പദ്ധതി. ജുമൈറ വില്ലേജ് സർക്കിളിൽ പുതിയ സ്റ്റേഷനും പദ്ധതിയിലുണ്ട്. എത്തിഹാദ് റെയിലിന്റെ അതിവേഗ റെയിൽപാത, നിർദിഷ-്‌ട എയർപോർട്ട് എക-്‌സ്‌പ്രസ്, ദുബായ് മെട്രോ ഗോൾഡ് ലൈൻ എന്നിവയും അൽ മക്തൂം വിമാനത്താവളത്തിന്റെ ഭാവി ഗതാഗതബന്ധത്തിൽ നിർണായകമാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home