പ്രതീക്ഷയോടെ ; പി എസ് ജീന അനുഭവങ്ങൾ 
പങ്കുവയ്‌ക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 20, 2021, 02:33 AM | 0 min read

കോവിഡ് പ്രതിസന്ധിയുടെ കാലത്തും പ്രതീക്ഷയുടെയും ആകാംക്ഷയുടെയും പുതിയ ലോകത്തെ കാത്തിരിക്കുന്ന ഇന്ത്യൻ വനിതാ ബാസ്‌കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി എസ് ജീന അനുഭവങ്ങൾ 
പങ്കുവയ്‌ക്കുന്നു


ഞാനിപ്പോൾ പുതിയൊരു ലോകത്താണ്. അമ്മയാകാൻ പോകുന്നതിന്റെ ആകാംക്ഷയും പ്രതീക്ഷയുമാണ് മനസ്സുനിറയെ. ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ അതിഥിയുടെ മുഖം. പിന്നെ കോവിഡെല്ലാം മാറി കളിക്കളത്തിൽ പഴയപോലെ സജീവമാകണം. ഇതുരണ്ടും മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളത്. കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റന്റ്‌ ആയ ഞാൻ ഫെബ്രുവരിയിൽ തിരുവനന്തപുരത്തുനിന്ന്‌ ട്രാൻസ്ഫർ വാങ്ങി എന്റെ നാടായ വയനാട് പടിഞ്ഞാറത്തറ സെക്‌ഷൻ ഓഫീസിലേക്ക് പോന്നു. ഇപ്പോൾ വിശ്രമത്തിലാണ്.

ആദ്യ ലോക്ക്‌ഡൗൺ കാലത്തും കുറേദിവസം നാട്ടിലുണ്ടായിരുന്നു. 2018 ഏഷ്യൻ ഗെയിംസിലും 2019ലെ സാഫ് ഗെയിംസിലും ഒളിമ്പിക്സ് യോഗ്യത മത്സരത്തിലും ഇന്ത്യയെ നയിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമെല്ലാം ആയിരുന്നു. തിരുവനന്തപുരത്ത് സ്ഥിരം പരിശീലനവുമായി നല്ല ഫോമിൽ നിൽക്കുന്ന സമയത്താണ് ആദ്യ ലോക്ക്‌ഡൗൺ വരുന്നത്. അതോടെ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നശേഷം ഫിറ്റ്നസ് നിലനിർത്താൻ സ്ഥിരമായി ഒരു മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്തു. അനിയത്തിയും കളിക്കാരിയാണ്, അവൾക്ക് ചെറിയ ടിപ്‌സുകളെല്ലാം പറഞ്ഞുകൊടുക്കാൻ കഴിത്തു. സൗകര്യങ്ങൾ കുറവാണെങ്കിലും മുറ്റത്തും റോഡിലുമെല്ലാം നിന്ന് പന്ത് തട്ടി.

ഇന്ത്യൻ പരിശീലകർ മിക്കവാറും ദിവസവും വീഡിയോ കോൺഫറൻസ് വഴി വേണ്ടനിർദേശങ്ങൾ നൽകിയിരുന്നു. ഇതിനുപുറമേ കുക്കിങ്‌ പരീക്ഷണങ്ങൾ, ഗാർഡനിങ് തുടങ്ങിയവയിലും സഹായിച്ചു. പഠനം കണ്ണൂർ ആയിരുന്നു. ജോലി കിട്ടി നേരെ തിരുവനന്തപുരത്ത് എത്തി. അതുകൊണ്ട് ഒരുപാടുകാലത്തിനുശേഷം വീട്ടുകാർക്കൊപ്പം കിട്ടിയ സമയമായിരുന്നു ആദ്യ ലോക്ക്‌ഡൗൺ കാലം. ബന്ധുക്കളുടെ ഒപ്പമെല്ലാം ചെലവഴിക്കാൻ കുറേസമയം കിട്ടി. സമ്പൂർണ ലോക്ക്ഡൗണിന് ഇളവ് ലഭിച്ച സമയത്താണ് കെഎസ്ബി -എംഎൻസിയിൽ പർച്ചേസ് എൻജിനിയറായ ചാലക്കുടി സ്വദേശി ജാക്സൺ ജോൺസണുമായി വിവാഹം നടന്നത്. 2020 ജൂലൈ നാലിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചാലക്കുടിയിലായിരുന്നു വിവാഹം.

കോവിഡ് വന്നശേഷം ഒറ്റ ടൂർണമെന്റ്‌ മാത്രമാണ് നടന്നത്. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഫിയാസ്റ്റ സംഘടിപ്പിച്ച ടൂർണമെന്റായിരുന്നു അത്. ഏതാനുംമാസംമുമ്പ് ബംഗളൂരുവിൽ ആരംഭിച്ച ഇന്ത്യൻ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വിശ്രമം വേണ്ടതുകൊണ്ട് പോയില്ല. നാലഞ്ച് മലയാളി താരങ്ങൾ ക്യാമ്പിലുണ്ട്. കോവിഡ് രൂക്ഷമായതോടെ അതും നിർത്തിയിരിക്കുകയാണ്.

പ്രസവശേഷം തിരുവനന്തപുരത്തിനോ ചാലക്കുടിക്കോ തിരിച്ച് മടങ്ങുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനം എടുക്കാൻ. ബാസ്‌കറ്റ്ബോൾ രംഗത്ത് കുറച്ചുകാലംകൂടി എന്തായാലും ഉണ്ടാകും. വിരമിക്കുന്ന കാര്യമൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home