12 December Thursday

മലപ്പുലയാട്ടവും പളിയനൃത്തവും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 21, 2017

  തൃശൂര്‍ > കേരള സംഗീത നാടക അക്കാദമിയുടെ വജ്രജൂബിലിയാഘോഷങ്ങളുടെ അഞ്ചാം ദിനമായ ബുധനാഴ്ച ഗോത്രകലകളായ മലപ്പുലയാട്ടവും പളിയനൃത്തവും പാരമ്പര്യ കലയായ കാക്കാരിശ്ശി നാടകവും അരങ്ങേറും.  

ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗമായ മലപ്പുലയന്‍ ജാതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങളില്‍ മാരിയമ്മന്‍, കാളിയമ്മന്‍, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ‘ഭാഗമായി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് മലപ്പുലയാട്ടം.  ചിക്കുവാദ്യം, കിട്ടുമുട്ടി, കുഴല്‍, കട്ടവാദ്യം എന്നീ ഉപകരണങ്ങള്‍ പക്കമേളത്തില്‍ ഉപയോഗിക്കുന്നു. മറയൂര്‍ ജഗദീശനും സംഘവുമാണ്  അവതരിപ്പിക്കുന്നത്. 
ഇടുക്കി ജില്ലയിലെ പളിയരുടെ പാരമ്പര്യ നൃത്ത രൂപമാണ് പളിയനൃത്തം. മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണിത്. മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക എന്നീ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. വെള്ളയങ്കാണി പരമ്പരാഗതനൃത്ത സംഘമാണ് പളിയനൃത്തം അവതരിപ്പിക്കുന്നത്.
മധ്യകേരളത്തിലെ കാക്കരശ്ശി നാടകം സംഗീത നൃത്ത നാടക രൂപമാണ്. സുന്ദരകാക്കാന്‍, കാക്കാത്തി, വേടന്‍  എന്നിവരാണ് മിക്ക നാടകത്തിലേയും കഥാപാത്രങ്ങള്‍. ഹാര്‍മോണിയം, മൃദംഗം, ഗഞ്ചിറ, കൈമണി എന്നിവയാണ് കാക്കാരിശ്ശി നാടകത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.  കൊട്ടാരക്കര താമരക്കുടി ഹരികുമാറും സംഘവുമാണ് അവതരിപ്പിക്കുന്നത്.
പ്രധാന വാർത്തകൾ
 Top