20 January Thursday

മലബാര്‍ വി രാമന്‍നായര്‍ക്ക് ഇന്ന് നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2015
ചെറുവത്തൂര്‍ > മലബാര്‍ വി രാമന്‍ നായരുടെ വേര്‍പാടിന് ഞായറാഴ്ച 55-ാം ആണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനെ ജനകീയമാക്കുന്നതിന് അക്ഷീണപ്രയത്നം നടത്തിയ കലാകാരനാണ് മലബാര്‍ വി രാമന്‍ നായര്‍. കലാമണ്ഡലത്തിലെ ആദ്യ തുള്ളല്‍ ആചാര്യന്‍, തുള്ളലിന്റെ പരിഷ്കര്‍ത്താവ് എന്നതിനുമപ്പുറം തുള്ളലിന്റെ വളര്‍ത്തച്ഛന്‍ കൂടിയാണ് രാമന്‍നായര്‍. ജന്മനാടായ ചെറുവത്തൂര്‍ കുട്ടമത്ത് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയും ഗ്രന്ഥാലയവും മാത്രമാണ് ഈ കലാകാരന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്ന ഏക സ്മാരകം. തുള്ളലിന്റെ വളര്‍ച്ചയിലും വികാസത്തിലും ചരിത്രപരമായ ഇടമുള്ള കുട്ടമത്ത് ഗ്രാമത്തില്‍ വള്ളിയോടന്‍ വീട്ടില്‍ മാണിയമ്മയുടെയും കന്യാടില്‍ രാമന്‍ നായരുടെയും മകനായി 1901ലായിരുന്നു രാമന്‍ നായരുടെ ജനം. അഭിനയത്തിലും സംഗീതത്തിലും അസാമാന്യമായ വൈഭവം പ്രകടിപ്പിച്ച ഇദ്ദേഹം മഹാകവി കുട്ടമത്തിന്റെയും വിദ്വാന്‍ പി കേളുനായരുടെയും നാടകങ്ങളിലെ പ്രധാന അഭിനേതാവ് കൂടിയായിരുന്നു. തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മയില്‍നിന്നും പത്മനാഭ മുദ്രയുള്ള ഉപഹാരവും ലഭിച്ചു. വേദികള്‍ കൂടിയതോടെ വൈക്കം ഇദ്ദേഹത്തിന്റെ കലാപ്രവര്‍ത്തന മേഖലയായി മാറി. കൊളംബോ, ഡല്‍ഹി, മദ്രാസ്, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം കല്യാണസൗഗന്ധികവും, കിരാതവും, സന്താനഗോപാലവും രാമന്‍നായരിലൂടെ അരങ്ങിലെത്തി. ഡോ. രാജേന്ദ്രപ്രസാദിനും നെഹ്റുവിനും മുന്നില്‍ ഡല്‍ഹിയില്‍ ഇദ്ദേഹം ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചതാണ് കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠനം ആരംഭിക്കുന്നതിന് നിമിത്തമായത്. ജന്മനാടായ കുട്ടമത്ത് മലബാര്‍ വി രാമന്‍ നായര്‍ സ്മാരക ഗ്രന്ഥാലയം അനുസ്മരണവും തുള്ളല്‍ കലാകാര സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് അനുസ്മരണ യോഗം എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top