Deshabhimani

ആരൊക്കെ ആദായനികുതി കൊടുക്കണം?

tax
avatar
പി ജെ എബ്രഹാം

Published on Apr 08, 2025, 10:25 AM | 3 min read

2025ലെ ബജറ്റിൽ ആദായനികുതിയിൽ വിവിധ മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ നികുതി സ്കീമിൽ നടപ്പ് സാമ്പത്തികവർഷം ആരൊക്കെ, എന്തിനൊക്കെ, എത്ര നികുതി കൊടുക്കേണ്ടിവരും എന്ന സംശയമുണ്ടാകുക സ്വാഭാവികമാണ്. പത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ ഇത് വിശദമായി അറിയാം.


പുതിയ നികുതിഘടനപ്രകാരം ആരൊക്കെ നികുതി നൽകണം?


വരുമാനം ഏതുതരത്തിലുള്ളതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നികുതി തീരുമാനിക്കുന്നത്. ആദായനികുതിനിയമത്തിൽ പട്ടിക നിരക്കുപ്രകാരം നികുതി ചുമത്തുന്ന വരുമാനങ്ങൾ, പ്രത്യേക നിരക്കുപ്രകാരം നികുതി ഈടാക്കുന്ന വരുമാനങ്ങൾക്ക് എന്നിങ്ങനെ രണ്ട് വിഭാ​ഗമുണ്ട്. ശമ്പളം, പലിശ, കെട്ടിടവാടക, ബിസിനസ് തുടങ്ങിയ വരുമാനംമാത്രം ഉള്ളവരാണ് ഒന്നാമത്തെ വിഭാ​ഗത്തിൽ വരുന്നത്. ഇവരുടെ വാർഷികവരുമാനം 12 ലക്ഷം രൂപവരെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. ശമ്പളവരുമാനക്കാർക്ക് 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ഉള്ളതിനാൽ 12.75 ലക്ഷംവരെ വരുമാനമുണ്ടെങ്കിലും നികുതി നൽകേണ്ടതില്ല (പഴയ നികുതിഘടനയിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ).


തൊഴിൽദാതാവ് എൻ‌പി‌എസി-ലേക്ക് തൊഴിലാളിയുടെ പേരിൽ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ 50,000 രൂപവരെ അതിനും കിഴിവ് ലഭിക്കുന്നതാണ്. മൂലധനലാഭം, ലോട്ടറി, ക്രിപ്റ്റോ തുടങ്ങിയവയിൽനിന്നുള്ള വരുമാനമാണ് പ്രത്യേക നിരക്കിൽ നികുതി ഈടാക്കുന്ന രണ്ടാംവിഭാ​ഗത്തിൽ വരുന്നത്. ഈ വരുമാനം 12 ലക്ഷത്തിൽ താഴെയാണെങ്കിലും ആദായനികുതി നൽകണം.


12 ലക്ഷംവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ട എന്നത് ബാധകമാകുന്നത് എന്നുമുതലാണ്?


2025–-26 സാമ്പത്തികവർഷം, അതായത് 2025 ഏപ്രിൽ ഒന്നുമുതലുള്ള വരുമാനത്തിനാണ് ഇത് ബാധകമാകുന്നത്. 2024-–25 സാമ്പത്തികവർഷത്തിലെ ഏഴുലക്ഷംവരെയുള്ള വരുമാനത്തിനും നികുതി നൽകേണ്ട.


പുതുക്കിയ നികുതിഘടന 
എങ്ങനെയാണ്?


പുതുക്കിയ നികുതിഘടനയിൽ ആദ്യത്തെ നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല. തുടർന്നുള്ള നിരക്ക് താഴെ പറയുന്നു.


12 ലക്ഷംവരെയുള്ള വരുമാനത്തിന് ആദായനികുതിയില്ലെങ്കിൽ പിന്നെന്തിനാണ് നാലുലക്ഷംമുതലുള്ള വരുമാനത്തിന് നികുതിനിരക്ക് പറഞ്ഞിരിക്കുന്നത്?


പുതിയ നികുതി സ്കീമിൽ 12 ലക്ഷംവരെയുള്ള വരുമാനത്തിന് നികുതി ഇല്ല എന്നല്ല പറഞ്ഞിരിക്കുന്നത്. 12 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവർ നികുതി നൽകേണ്ടതില്ല എന്നതാണ്. അതായത് 12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്കും ഈ നിരക്കുപ്രകാരം നികുതിയുണ്ട്. എന്നാൽ, ആദായനികുതിനിയമത്തിലെ വകുപ്പ് 87 എ പ്രകാരം ആ നികുതി മുഴുവൻ (60,000 രൂപ) കിഴിവായി ലഭിക്കുന്നതുകൊണ്ടാണ് നികുതി നൽകേണ്ടതില്ല എന്നു പറയുന്നത്.


എന്നാൽ, ആകെ വരുമാനം 12 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഈ കിഴിവ് കിട്ടില്ല. അപ്പോൾ, അടിസ്ഥാന കിഴിവായ നാലുലക്ഷം രൂപയ്‌ക്കുമുകളിലുള്ള മുഴുവൻ വരുമാനത്തിനും നികുതി നൽകണം. ഉദാഹരണത്തിന് ഒരാളുടെ ആകെ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ അയാളുടെ നികുതിബാധ്യത കണക്കുകൂട്ടുന്നത് താഴെ പറയുംപ്രകാരമാണ്. (തുക രൂപയിൽ)


ആകെ വരുമാനം 13 ലക്ഷം രൂപയാണെങ്കിൽ, 87– എ വകുപ്പിന്റെ കിഴിവ് കിട്ടാത്തതിനാൽ 12 മുതൽ 13 ലക്ഷംവരെയുള്ള വരുമാനത്തിന് നൽകേണ്ട 15,000 രൂപയും നാല് ശതമാനം സെസും കൂടി ചേർത്ത് (60,000+15,000+3000) 78,000 രൂപ നികുതി നൽകേണ്ടിവരും. (പ്രത്യേക നിരക്കുപ്രകാരം നികുതി ഈടാക്കുന്ന മൂലധനലാഭം, ലോട്ടറി, ക്രിപ്റ്റോ തുടങ്ങിയവയിൽനിന്നുള്ള വരുമാനത്തിന് 87 എ വകുപ്പുപ്രകാരമുള്ള കിഴിവ് കിട്ടില്ല).


ഒരു വ്യക്തിയുടെ ആകെ വരുമാനം 15 ലക്ഷം. അതിൽ പട്ടിക നിരക്കുപ്രകാരം നികുതിബാധ്യതയുള്ളത് 10 ലക്ഷം. പ്രത്യേക നിരക്ക് ബാധകമായ വരുമാനം അഞ്ചുലക്ഷം. എങ്കിൽ 87 എ വകുപ്പുപ്രകാരമുള്ള കിഴിവ് കിട്ടുമോ?


കിട്ടും. ഇതിലെ പട്ടിക നിരക്കുപ്രകാരമുള്ള വരുമാനത്തിന് കിഴിവ് അവകാശപ്പെടാം. ബാക്കിയുള്ള അഞ്ചുലക്ഷത്തിന് ആ വിഭാ​ഗത്തിന് പറഞ്ഞിരിക്കുന്ന നിരക്കുപ്രകാരം നികുതിയും സെസും നൽകണം.


പ്രവാസികൾക്ക് 87 എ വകുപ്പുപ്രകാരമുള്ള കിഴിവ് കിട്ടുമോ?


ഇല്ല. 87 എ വകുപ്പുപ്രകാരമുള്ള കിഴിവ് ഇന്ത്യയിൽ സ്ഥിരതാമസമുള്ള പൗരന്മാർക്കുമാത്രമുള്ളതാണ്.


വരുമാനം 12 ലക്ഷം രൂപയിൽ 
താഴെയാണെങ്കിൽ ആദായ
നികുതി റിട്ടേൺ നൽകണോ?


അടിസ്ഥാന കിഴിവിൽ കൂടുതൽ വരുമാനമുള്ളവരെല്ലാം ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. 2025–--26 സാമ്പത്തികവർഷത്തിൽ അടിസ്ഥാന കിഴിവ് നാലുലക്ഷം രൂപയാണ്.


ആദായനികുതി നൽകുന്നില്ലെങ്കിൽ പിന്നെന്തിനാണ് 
റിട്ടേൺ ഫയൽ ചെയ്യുന്നത്?


നാലുലക്ഷത്തിനു മുകളിൽ 12 ലക്ഷംവരെ വരുമാനമുള്ളവർക്ക് ആദായനികുതി ബാധ്യതയുണ്ട്. ഇവർക്ക് 87 എ വകുപ്പുപ്രകാരമുള്ള കിഴിവ് കിട്ടണമെങ്കിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ച് അത് അവകാശപ്പെടണം. അതിനാൽ നാലുലക്ഷം രൂപയ്‌ക്കു മുകളിൽ വരുമാനമുള്ളവർ നിർബന്ധമായും ആദായനികുതി റിട്ടേൺ സമർപ്പിക്കണം.


പഴയ നികുതിഘടനയിൽ 
മാറ്റമുണ്ടോ?


ഇല്ല. കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നയം നിക്ഷേപങ്ങൾക്കുംമറ്റും നല്കിയിരുന്ന നികുതിയിളവുകൾ പിൻവലിച്ച് കൂടുതൽ ചെലവ് ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ്. അതിനാൽ വിവിധ ഇളവുകൾ നല്കിയിരുന്ന പഴയ നികുതി സ്കീം അനാകർഷകമാക്കി എല്ലാവരെയും പുതിയ സ്കീമിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. (ജാക്ക്സ് ആൻഡ് അസോസിയറ്റ് 
ചാർട്ടേർഡ് അക്കൗണ്ട്സ് പാർട്ണറും 
ആലപ്പുഴ ശാഖാ മേധാവിയുമാണ് ലേഖകൻ)


നിങ്ങൾക്ക് കിട്ടുമോ 
മാർജിനൽ റിലീഫ്?


ഒരാളുടെ ആകെ വരുമാനം 12 ലക്ഷം രൂപവരെയാണെങ്കിൽ നികുതിബാധ്യത 87എ പ്രകാരം കിഴിവായി ലഭിക്കുമെന്ന് പറഞ്ഞല്ലോ? എന്നാൽ, ഒരു വ്യക്തിയുടെ ആകെ വരുമാനം 12.01 ലക്ഷം രൂപയാണെങ്കിൽ, ​നികുതിഘടനപ്രകാരം ആ വ്യക്തിക്ക് അധികമായി ലഭിച്ച വരുമാനത്തേക്കാൾ കൂടുതൽ തുക നികുതിവരും. ഈ അമിതഭാരം ഒഴിവാക്കാൻവേണ്ടിയുള്ള വകുപ്പാണ് മാർജിനൽ റിലീഫ് എന്ന പേരിൽ അറിയപ്പെടുന്നത്.


ഇതുപ്രകാരം, അധികം ലഭിച്ച തുകയേക്കാൾ കൂടുതലാണ് നികുതിബാധ്യതയെങ്കിൽ, അധികം ലഭിച്ച തുകമാത്രം നികുതിയായി നല്കിയാൽ മതിയാകും. അതായത് തുടക്കത്തിൽ പറഞ്ഞ വ്യക്തി 1000 രൂപമാത്രം നികുതിയായി നല്കിയാൽ മതിയാകും. ബാക്കിയുള്ള നികുതിബാധ്യത കിഴിവ് ലഭിക്കും.





deshabhimani section

Related News

View More
0 comments
Sort by

Home