Deshabhimani

പച്ചതൊട്ട് സെൻസെക്സും നിഫ്റ്റിയും; ഐടി ഓഹരികളുടെ കരുത്തിൽ മുന്നേറ്റം

Stock Market Green
വെബ് ഡെസ്ക്

Published on Oct 16, 2026, 12:11 PM | 1 min read

മുംബൈ : ഐടി ഓ​ഹരികളുടെ പിൻബലത്തിൽ നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി. ആഗോളതലത്തിൽ എഐ വ്യാപാരവും, വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങളും വിപണിയുടെ തിരിച്ചുവരവിന് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം നാല് മാസത്തിനിടയിലെ ഏറ്റവും വലിയ ‍നേട്ടമാണ് ഒറ്റ ദിവസത്തിൽ സെൻസെക്സും നിഫ്റ്റിയും രേഖപ്പെടുത്തിയത്. ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ 74,658.96 എന്ന നിലവാരത്തിലാണ്. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 129.55 പോയിന്റ് അഥവാ 0.56 ശതമാനം വർധിച്ച് 23,126 എന്ന നിലയിലുമാണ് നിലവിൽ വ്യാപാരം നടത്തുന്നത്.


ഐടി മേഖലയിലെ ഓഹരികളാണ് ഇന്ന് വിപണിക്ക് കരുത്തേകിയത്. രണ്ടാം പാദ ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ടെക് മഹീന്ദ്രയുടെ ഓഹരികൾ 8% വരെ കുതിച്ചുയർന്നു. കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ അവരുടെ ഏറ്റവും വലിയ ഇൻട്രാ-ഡേ നേട്ടമാണിത്. ഇൻഫോസിസ് (Infosys), ടിസിഎസ് (TCS) എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. റിലയൻസ് (RIL), ഐടിസി (ITC), എൽ ആൻഡ് ടി (L&T), ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ വമ്പൻ കമ്പനികൾ ഇന്ന് നഷ്ടത്തിലാണ്. എണ്ണ-വാതകം (Oil and Gas), എഫ്എംസിജി (FMCG) മേഖലകളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.


പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വിതരണത്തിൽ തടസങ്ങളുണ്ടാകുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടുണ്ട്. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 105 ഡോളറിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. ഇന്ന് ആദ്യ വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയർന്ന് 94.79 എന്ന നിലയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home