ഓഹരിയിൽ നേട്ടമുണ്ടാക്കാൻ മൂന്ന് സാധ്യതകൾ; നിക്ഷേപിക്കും മുൻപ് ഇക്കാര്യങ്ങൾ അറിയുക

Representative Image | AI
ഓഹരിവിപണിയില്‍ നിക്ഷേപത്തിന് ഒരുങ്ങുമ്പോള്‍ നിക്ഷേപിക്കാന്‍ തെരഞ്ഞെടുക്കുന്ന കമ്പനിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ഇതിന് നിക്ഷേപകരെ സഹായിക്കുന്നതാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (മാർക്കറ്റ് ക്യാപ്). ഒരു കമ്പനിയുടെ നിലവിലുള്ള ഓഹരികളുടെ ആകെ വിപണിമൂല്യമാണ് അതിന്റെ മാർക്കറ്റ് ക്യാപ്. കമ്പനിയുടെ വലുപ്പം, റിസ്ക് പ്രൊഫൈൽ, വളർച്ചസാധ്യത എന്നിവ നിർണയിക്കാനുള്ള ഒരു പ്രാഥമിക അളവുകോലാണത്.
മാർക്കറ്റ് ക്യാപ് = നിലവിലെ ഓഹരിവില × ആകെ ഓഹരികളുടെ എണ്ണം എന്ന സൂത്രവാക്യം ഉപയോഗിച്ചാണ് ഇത് കണക്കാക്കുന്നത്. ഉദാഹരണം: 100 രൂപ നിരക്കിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരുകോടി ഓഹരികളുള്ള ഒരു കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ് 100 കോടിയാണ്. ഓഹരിവിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ദിവസേന ഈ കണക്കില്‍ മാറ്റം വരാവുന്നതാണ്.
സെബിയുടെ തരംതിരിക്കല്‍
ഇന്ത്യൻ ഓഹരിവിപണി നിയന്ത്രണ അതോറിറ്റിയായ സെബി മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിൽ കമ്പനികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
ലാർജ്-ക്യാപ്: സാധാരണയായി 20,000 കോടിയിൽ കൂടുതൽ മാർക്കറ്റ് ക്യാപ് ഉള്ള, സുസ്ഥാപിതമായ വന്‍കിടക്കാരാണ് ഈ വിഭാഗത്തില്‍ വരുന്നത്. റിലയന്‍സ്, ടിസിഎസ് പോലെ ഏറ്റവും കൂടുതൽ മാർക്കറ്റ് ക്യാപ്പുള്ള ആദ്യ100 കമ്പനികളെ സെബി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മിഡ്-ക്യാപ്: ആദ്യ നൂറിന്റെ ലാര്‍ജ്ക്യാപ് പട്ടികയ്ക്കുശേഷം, 101നും 250നും ഇടയിൽ റാങ്ക് ചെയ്തിരിക്കുന്ന, 5000 കോടിമുതൽ 20,000 കോടിവരെ മൂല്യമുള്ള, വളർന്നുവരുന്ന കമ്പനികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
സ്മോൾ-ക്യാപ്: 251ലും അതിനുതാഴെയും റാങ്ക് ചെയ്തിരിക്കുന്ന, 5000 കോടിയിൽത്താഴെ മൂല്യമുള്ള കമ്പനികളാണ് സ്മോള്‍ക്യാപ് വിഭാഗത്തില്‍ വരുന്നത്.
ലാർജ് നോക്കിയാല്‍ കൂടുതല്‍ നേട്ടം
സ്ഥിരതയാണ് ലാര്‍ജ്ക്യാപ് കമ്പനികളുടെ പ്രത്യേകത. പല ലാർജ്-ക്യാപ് സ്ഥാപനങ്ങളും പതിവായി ലാഭവിഹിതം നൽകുന്നവയാണ്. ഇത് നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ പണലഭ്യത ഉറപ്പാക്കുന്നു. ഇവയ്ക്ക് ശക്തമായ ബാലൻസ്ഷീറ്റും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡുകളുമുണ്ടാകും. അതിനാല്‍ നിക്ഷേപം താരതമ്യേന സുരക്ഷിതമായിരിക്കും.
ലാർജ്-ക്യാപ് സ്റ്റോക്കുകൾ വളരെ ലിക്വിഡിറ്റിയുള്ളവയുമാണ്. പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ വിലയെ കാര്യമായി ബാധിക്കാതെ എളുപ്പത്തില്‍ വലിയഅളവിൽ വിൽക്കാനോ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ വാങ്ങാനോ സാധിക്കും.
മിഡ്, സ്മോള്‍ ക്യാപ്പില്‍ ഉയർന്ന വളർച്ചസാധ്യത
ചെറിയ കമ്പനികൾക്ക് അതിവേഗത്തിൽ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നതാണ് മിഡ്, സ്മോള്‍ക്യാപ് ഓഹരികളുടെ പ്രത്യേകത. അവ വളർന്ന് ലാർജ്ക്യാപ് ആകുമ്പോൾ "മൾട്ടിബാഗർ’ വരുമാനം ലഭ്യമാകാന്‍ സാധ്യതയുണ്ട്.
അതേസമയം, ചെറുകിട, ഇടത്തരം ഓഹരികൾക്ക് പൂര്‍ണ വളര്‍ച്ചസാധ്യതയിലേക്ക് എത്താനും ചാക്രികമായ ഏറ്റക്കുറച്ചിലുകളിൽനിന്ന് കരകയറാനും പലപ്പോഴും കൂടുതൽ കാലം (ഉദാ: 5–10 വർഷം) വേണ്ടിവന്നേക്കാമെന്നതും പരിഗണിക്കേണ്ടതാണ്.
വിദേശതാല്‍പ്പര്യവും സാമ്പത്തിക ആരോഗ്യവും
ലാര്‍ജ്ക്യാപ് ഓഹരികളില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ക്കൊപ്പം വിദേശ സ്ഥാപന നിക്ഷേപകരും മികച്ച താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ റിസർച്ച് അനലിസ്റ്റുകളുടെ വിപുലമായ ഗവേഷണപിന്തുണയും ലഭ്യമാകും.
സ്മോള്‍ക്യാപ് ഓഹരികളില്‍ വന്‍കിട സ്ഥാപന നിക്ഷേപകര്‍ പൊതുവില്‍ വളരെ കുറഞ്ഞ താല്‍പ്പര്യമാണ് പ്രകടിപ്പിക്കാറുള്ളത്. കുറഞ്ഞ അനലിസ്റ്റ് കവറേജാണ് ലഭിക്കുക. ഇവ ഉയര്‍ന്ന വരുമാനത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, കൂടുതല്‍ വ്യക്തിഗത ജാഗ്രത ആവശ്യമാണ്.
മാർക്കറ്റ് ക്യാപ് വിപണിയിലെ സ്ഥിതിമാത്രമേ പ്രതിഫലിപ്പിക്കൂവെന്നകാര്യം ഓര്‍ക്കണം. കമ്പനി അടിസ്ഥാനപരമായി മികച്ചതാണെന്ന് ഉറപ്പാക്കാൻ മൊത്തത്തിലുള്ള ലാഭക്ഷമത, പ്രവർത്തനങ്ങൾക്ക് എത്രത്തോളം കടം (ഡെറ്റ്) ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്ന സാമ്പത്തിക സൂചികയായ "ഡെറ്റ്- ടു -ഇക്വിറ്റി' അനുപാതം തുടങ്ങിയവയും പരിഗണിക്കണം. ചില വാര്‍ത്തകളുടെയും സംഭവങ്ങളുടെയും ഫലമായി ഉണ്ടാകുന്ന ഹ്രസ്വകാല ഏറ്റക്കുറച്ചിലുകള്‍ക്ക് കമ്പനിയുടെ ആന്തരികമൂല്യം പരിഗണിക്കാതെതന്നെ മാര്‍ക്കറ്റ് ക്യാപ് വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ കഴിയുമെന്നകാര്യവും ഓര്‍ക്കണം.
നിക്ഷേപിക്കുംമുമ്പ് ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ലാർജ്-ക്യാപ് ഓഹരികൾ സാധാരണ നിക്ഷേപകർക്ക് അനുയോജ്യമാണ്, അതേസമയം, ഉയർന്ന റിസ്ക് നേരിടാന്‍ ശേഷിയുള്ളവര്‍ക്കും വന്‍ ചാഞ്ചാട്ടങ്ങൾ സഹിക്കാൻ കഴിയുന്നവർക്കും സ്മോൾ-ക്യാപ് ഓഹരികൾ മികച്ചതാണ്. അതിനാല്‍ നിക്ഷേപകർ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക പ്രൊഫൈലും താഴെ പറയുന്ന കാര്യങ്ങളും അടിസ്ഥാനമാക്കി ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളെ വിലയിരുത്തണം.
1. നഷ്ടസാധ്യതയും അസ്ഥിരതയും
ലാർജ്-ക്യാപ്: ഏറ്റവും കുറഞ്ഞ നഷ്ടസാധ്യതയും ഉയർന്ന സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.
മിഡ്-ക്യാപ്: മിതമായ നഷ്ടസാധ്യത. ലാർജ്ക്യാപ്പിനേക്കാള്‍ അസ്ഥിരമാണ്. എന്നാല്‍, സ്മോള്‍ക്യാപ്പിനെ അപേക്ഷിച്ച് അസ്ഥിരത കുറവായിരിക്കും.
സ്മോൾ-ക്യാപ്: ഏറ്റവും ഉയർന്ന നഷ്ടസാധ്യതയും ഉയർന്ന അസ്ഥിരതയും. സാമ്പത്തിക മാറ്റങ്ങളോടും വിപണിയുടെ കയറ്റിറക്കങ്ങളോടും വേഗത്തിൽ പ്രതികരിക്കുന്നു.
2. റിട്ടേൺ സാധ്യതയും വളർച്ചയും
ലാർജ്-ക്യാപ്: അതിവേഗ വരുമാനത്തേക്കാൾ സ്ഥിരതയുള്ള വളർച്ചയിലും പതിവ് ഡിവിഡന്റ് പേഔട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മിഡ്-ക്യാപ്: വളർച്ചയുടെയും സ്ഥിരതയുടെയും സന്തുലിതാവസ്ഥ നൽകുന്നു; ഭാവിയിലെ ലാർജ്-ക്യാപ് ഓഹരികളാകാനുള്ള ഉയർന്ന സാധ്യതയുമുണ്ട്.
സ്മോൾ-ക്യാപ്: ഏറ്റവും ഉയർന്ന സമ്പത്ത് സൃഷ്ടിക്കൽ സാധ്യത. ബുൾറൺ സമയത്ത് "മൾട്ടി-ബാഗർ’ വരുമാനം നൽകാൻ കഴിയുന്ന കമ്പനികൾ.
3. നിക്ഷേപ കാലാവധി
ലാർജ്-ക്യാപ്: യാഥാസ്ഥിതിക നിക്ഷേപകർക്കും ഹ്രസ്വ, ഇടത്തരം-, ദീർഘകാല ലക്ഷ്യങ്ങൾ (3–7 വർഷം) ഉള്ളവർക്കും അനുയോജ്യം.
മിഡ്-ക്യാപ്: ഇടത്തരം, ദീർഘകാല (5–7 വർഷം) സാമ്പത്തിക ലക്ഷ്യങ്ങളുള്ളവര്‍ക്ക് തെരഞ്ഞെടുക്കാം. മിതമായ ഏറ്റക്കുറച്ചിലുകൾ നേരിടാം.
സ്മോൾ-ക്യാപ്: ഉയർന്ന ചാഞ്ചട്ടങ്ങൾക്ക് സാധ്യതയുണ്ട്. വളർച്ച പ്രകടമാകാൻ ദീർഘകാല കാലയളവ് (7–10+ വർഷം) ആവശ്യമാണ്.
4. ലിക്വിഡിറ്റി
ലാർജ്-ക്യാപ്: ഏറ്റവും ഉയർന്ന ലിക്വിഡിറ്റി. വിലയെ കാര്യമായി ബാധിക്കാതെ ഓഹരികൾ വേഗത്തിൽ വാങ്ങാനോ വിൽക്കാനോ കഴിയും.
മിഡ്-ക്യാപ്: മിതമായ ലിക്വിഡിറ്റി. പൊതുവില്‍ വ്യാപാരം എളുപ്പമാണ്. പക്ഷേ, വിപണി ഇടിയുമ്പോള്‍ വിൽപ്പനയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.
സ്മോൾ-ക്യാപ്: ഏറ്റവും കുറഞ്ഞ ലിക്വിഡിറ്റി. വിപണിയിൽ തകർച്ച നേരിടുമ്പോൾ കുറഞ്ഞ ട്രേഡിങ് വോള്യമുള്ള സ്മാൾക്യാപ് ഓഹരികൾ വിറ്റ് പണമാക്കുക ബുദ്ധിമുട്ടായിരിക്കും.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. സെബി സ്മാര്‍ട്ട്, എന്‍എസ്ഇ, ബിഎസ്ഇ, എന്‍എസ്ഡിഎല്‍, പിഎഫ്ആര്‍ഡിഎ, സിഎല്‍ഡിഎല്‍, എന്‍സിഡിഇഎക്സ് എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍)











0 comments