ad
Deshabhimani

ഒരു വീട് സ്വപ്നം കാണുകയാണോ? ഭവനവായ്പ എടുക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

Home Loan
വെബ് ഡെസ്ക്

Published on Apr 13, 2026, 08:37 AM | 2 min read

മുംബൈ : സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നമാണ്. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ ഭവനവായ്പ എടുക്കുന്നതും വസ്തു വാങ്ങുന്നതും സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം. ഭവനവായ്പ എടുക്കുമ്പോൾ വരുത്തുന്ന ചില സാധാരണ തെറ്റുകളെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ നോക്കാം.


വരുമാനവും ചെലവും


നിങ്ങളുടെ മാസവരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐ ആയി പോകുന്നത് സാമ്പത്തിക സമ്മർദമുണ്ടാക്കും. സാധാരണയായി മാസവരുമാനത്തിന്റെ 35 മുതൽ 40 ശതമാനത്തിൽ കൂടുതൽ ഇഎംഐ വരാത്ത രീതിയിൽ വേണം വായ്പതുക നിശ്ചയിക്കാൻ. വരും കാലത്തെ മറ്റ് ആവശ്യങ്ങൾ കൂടി പരിഗണിച്ചു വേണം തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കാൻ.


ഒളിഞ്ഞിരിക്കുന്ന ചെലവുകൾ അറിഞ്ഞിരിക്കാം


വസ്തുവിന്റെ വില മാത്രം കണക്കിലെടുത്ത് വായ്പ എടുക്കരുത്. രജിസ്ട്രേഷൻ ചാർജ്, സ്റ്റാമ്പ് ഡ്യൂട്ടി, ജിഎസ്ടി , വായ്പയുടെ പ്രോസസിംഗ് ഫീ തുടങ്ങിയ അധിക ചെലവുകൾ കൂടി മുൻകൂട്ടി കണക്കാക്കണം. ഇവ പലപ്പോഴും വസ്തുവിന്റെ ആകെ വിലയുടെ 10 മുതൽ 15 ശതമാനം വരെ ഉയർന്നേക്കാം.


റെറ (RERA) അംഗീകാരം പരിശോധിക്കുക


നിങ്ങൾ വാങ്ങുന്ന വസ്തു റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (RERA) അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് നിർമാണത്തിലെ കാലതാമസം ഒഴിവാക്കാനും നിയമപരമായ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും. റെറ രജിസ്റ്റർ ചെയ്യാത്ത പ്രോജക്റ്റുകളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. 


പലിശ നിരക്ക് കുറയുന്നത് മാത്രം നോക്കരുത്


ഒരു ഭവന വായ്പ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. എന്നാൽ കുറഞ്ഞ നിരക്ക് മാത്രം നോക്കി വായ്പ എടുക്കുകയും ചെയ്യരുത്. ഭവന വായ്പ എടുക്കുന്നതിന് മുമ്പ് ബാങ്കിന്റെ പ്രീ-പെയ്‌മെന്റ് ചാർജുകൾ, ഫോർക്ലോഷർ വ്യവസ്ഥകൾ എന്നിവ കൂടി പരിശോധിക്കണം. ഫ്ലോട്ടിംഗ് റേറ്റ് ആണോ ഫിക്സഡ് റേറ്റ് ആണോ നിങ്ങൾക്ക് ലാഭകരമെന്ന് സാമ്പത്തിക വിദഗ്ധനോട് ചോദിച്ചു മനസ്സിലാക്കുകയും വേണം. ഭവന നിർമാണത്തിന് മുമ്പ് ഒരു സാമ്പത്തിക വിദ​ഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്. 


ക്രെഡിറ്റ് സ്കോർ നിലനിർത്തുക


ഭവന വായ്പയെന്നല്ല ഏതൊരു വായ്പ എടുക്കുമ്പോഴും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ അത് സഹായകമാകും. മികച്ച പലിശ നിരക്കിൽ വായ്പ ലഭിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോർ) അത്യാവശ്യമാണ്. വായ്പക്ക് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ നിലവിലുള്ള കുടിശികകൾ തീർക്കാനും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണം. 


ഭവനവായ്പ എടുക്കുന്നതിന് മുൻപ് സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രമേ ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ സാധിക്കൂ. വിപണിയെ കുറിച്ചും സാമ്പത്തിക മേഖലയെ കുറിച്ചുമുള്ള ശരിയായ നിരീക്ഷണം നടത്തി വരുമാനത്തിലും സമ്പാദ്യത്തിലും വ്യക്തമായ അച്ചടക്കം പാലിച്ചുകൊണ്ട് ഒരു വീട് നിർമിക്കുക എന്നത് മികച്ച നിക്ഷേപത്തിലേക്കുള്ള ആദ്യപടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home