print edition കുട്ടികളുടെ നല്ല ഭാവിക്ക്'; നേരത്തേ തുടങ്ങാം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

ഡോ. സനേഷ് ചോലക്കാട്
Published on Nov 18, 2025, 09:40 AM | 3 min read
നിങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സാധ്യമാക്കാന്‍ പ്രത്യേക സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. അതിലൂടെ അവരുടെ ഉന്നതവിദ്യാഭ്യാസം, വിവാഹം, സംരംഭം തുടങ്ങല്‍ തുടങ്ങിയ ഭാവിജീവിതത്തിലെ പ്രധാനകാര്യങ്ങള്‍ക്ക് ഗണ്യമായൊരു ഫണ്ട് സ്വരൂപിക്കാനാകും. അവര്‍ക്ക് മികച്ച അവസരങ്ങള്‍ ഉറപ്പാക്കാന്‍ മികച്ച ആസ്തികളിൽ നേരത്തേ നിക്ഷേപിക്കണം. നിങ്ങളുടെ സമ്പാദ്യവും നിക്ഷേപവും കുട്ടികളുടെ വാങ്ങൽശേഷി നിലനിര്‍ത്തുന്നതായിരിക്കണം. ഇതിന് മ്യൂച്വല്‍ ഫണ്ടുകള്‍ വലിയ സഹായമാകും.
സാമ്പത്തിക ഭാരം കുറയ്ക്കാം
മ്യൂച്വല്‍ ഫണ്ടുകളിലൂടെ ദീർഘകാലത്തേക്ക് ചെറിയ തുകകൾ നിക്ഷേപിക്കുന്നത് കുട്ടിയുടെ ഭാവി ലക്ഷ്യങ്ങൾക്ക് അവസാനനിമിഷം വലിയ തുക സമാഹരിക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കും. സാമ്പത്തിക സമ്മർദവും മാതാപിതാക്കളുടെ വിരമിക്കൽ സമ്പാദ്യം അപ്പാടെ കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ചെലവാക്കേണ്ടിവരുന്ന സാഹചര്യവും ഇതിലൂടെ ഇല്ലാതാക്കാം. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ക്കായി, അല്ലെങ്കിൽ അവരുടെ സാമ്പത്തിക ആസൂത്രണത്തിനായി ലോക്ക്- ഇൻ പിരീഡുള്ള, കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം.
15 ശതമാനംവരെ നേട്ടം
കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ക്ക് യോജിച്ച വിവിധതരം മ്യൂച്വൽ ഫണ്ടുകളുണ്ട്. മറ്റു സാധാരണ നിക്ഷേപ മാർഗങ്ങള്‍ 7- –8 ശതമാനം മാത്രം നേട്ടം നൽകുമ്പോൾ ദീർഘകാല മ്യൂച്വൽ ഫണ്ട് നിക്ഷേപം 15 ശതമാനംവരെ നേട്ടംനല്‍കും. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെയും കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെയും വ്യത്യസ്ത പദ്ധതികൾ ഉള്ളതിനാൽ അവയുടെ മിശ്രണത്തിലൂടെ നഷ്ടസാധ്യത കുറച്ച് ഉയർന്ന നേട്ടം ഉറപ്പിക്കാനാകും.
പണപ്പെരുപ്പവും പരിഗണിക്കണം
കുട്ടികള്‍ക്കായി നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ദീര്‍ഘവീക്ഷണം വേണം. പണപ്പെരുപ്പംകൂടി പരിഗണിക്കണം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പണപ്പെരുപ്പം ഏകദേശം 12 ശതമാനമാണ്. കുട്ടികളെ വിദേശത്ത് പഠിപ്പിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധവേണം. ഇല്ലെങ്കില്‍ വിദേശ വിദ്യാഭ്യാസം അപ്രാപ്യമായേക്കും. അതിനാല്‍ ഓരോ കാര്യത്തിനും നിലവില്‍ എത്ര തുക വേണം എന്നതല്ല, ഭാവിയില്‍ എത്ര വേണ്ടിവരും എന്നത് കണക്കാക്കിവേണം കുട്ടികള്‍ക്കായുള്ള നിക്ഷേപ ലക്ഷ്യം നിര്‍ണയിക്കാന്‍. ഉദാഹരണത്തിന്, നിലവില്‍ വിദേശ വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപ ആവശ്യമാണെങ്കിൽ 15 വർഷത്തിനുശേഷം രണ്ടുകോടിയെങ്കിലും വേണ്ടിവരും. ഒരു മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിക്ക് ആവശ്യമായിവരുന്ന തുകയെത്രയെന്ന് കണക്കാക്കാം.
കുട്ടികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം
പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള) കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ നിയമപ്രകാരമുള്ള രക്ഷിതാവിന്റെയോ സഹായത്തോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങാം. കുട്ടി ഏക അക്കൗണ്ട് ഉടമയായിരിക്കണം. അതായത് പ്രായപൂർത്തിയാകാത്തവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തില്‍ ഒന്നിലധികം ഉടമസ്ഥര്‍ (ജോയിന്റ് ഹോൾഡിങ്) അനുവദനീയമല്ല. എന്നാൽ, കുട്ടികള്‍ക്ക് സ്വന്തമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അനുവാദമില്ലാത്തതിനാൽ രക്ഷിതാവായിരിക്കും അക്കൗണ്ടിന്റെ പരിപാലകന്‍ (കസ്റ്റോഡിയന്‍). ഈ വ്യക്തി ഒരു സ്വാഭാവിക രക്ഷിതാവോ കോടതി നിയമിച്ച രക്ഷിതാവോ ആയിരിക്കണം. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ, മേജറായെന്ന് വ്യക്തമാക്കി മ്യൂച്വൽ ഫണ്ട് അക്കൗണ്ട് പുതുക്കണം. അതിനുശേഷം രക്ഷിതാവിന് ആ അക്കൗണ്ട് പ്രവർത്തിപ്പിക്കാനാകില്ല.
ലോക്ക് ഇൻ ടേമും നികുതിയും
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നിക്ഷേപങ്ങളിൽനിന്നുള്ള എല്ലാ വരുമാനവും നേട്ടങ്ങളും മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിച്ചേർക്കപ്പെടും. രക്ഷിതാവ് അതിന് നികുതി അടയ്‌ക്കാന്‍ ബാധ്യസ്ഥനായിരിക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ സ്വന്തം നിക്ഷേപ വരുമാനത്തിന് നികുതി അടയ്ക്കാൻ കുട്ടികൾ ബാധ്യസ്ഥരാകും. കുട്ടികളുടെ മ്യൂച്വല്‍ ഫണ്ടിന് കുറഞ്ഞത് അഞ്ചു വർഷത്തെ അല്ലെങ്കിൽ കുട്ടി പ്രായപൂർത്തിയാകുന്നതുവരെ (ഏതാണോ ആദ്യം അതുവരെ) ലോക്ക് -ഇൻ ടേം നിർബന്ധമാണ്. (മുന്നറിയിപ്പ്: ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങളിലും നഷ്ടസാധ്യതയുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഇക്കാര്യം പരിഗണിച്ച് നിക്ഷേപ തീരുമാനങ്ങളെടുക്കുക)
ഇക്വിറ്റി ഫണ്ടും ഹൈബ്രിഡ് ഫണ്ടും
ദീർഘകാലത്തേക്ക് കൂട്ടുപലിശയിലൂടെ പ്രയോജനം നേടുന്നതിന് നേരത്തേ നിക്ഷേപം തുടങ്ങണം. തുടര്‍ച്ചയായുള്ള ചെറിയ നിക്ഷേപങ്ങള്‍ക്കുപോലും 15–20 വർഷത്തിനുള്ളിൽ ഒരു വലിയ തുകയായി വളരാൻ കഴിയും. അതിനാല്‍ വൈകുന്ന ഓരോ ദിവസവും വലിയ നഷ്ടമാണ് എന്ന് മനസ്സിലാക്കണം. അതുപോലെ സാമ്പത്തിക ആസൂത്രണത്തില്‍ വളരെ പ്രധാനമാണ് റിസ്ക് എടുക്കാനുള്ള ശേഷി. ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്നത് അനുസരിച്ച് നിക്ഷേപ തന്ത്രം ക്രമീകരിക്കുക. ദീർഘകാല ലക്ഷ്യമാണെങ്കില്‍ (പത്തുവര്‍ഷത്തിലധികം) ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകൾക്ക് ഉയർന്ന വളർച്ച നല്‍കാനാകും. കുറഞ്ഞ സമയമാണ് (3–5 വർഷം) കൈയിലുള്ളതെങ്കില്‍ ഹൈബ്രിഡ് അല്ലെങ്കിൽ ഡെറ്റ് ഫണ്ടുകളായിരിക്കും അനുയോജ്യം.
ഉപയോഗപ്പെടുത്തണം എസ്ഐപി
നിക്ഷേപം കുട്ടികള്‍ മുതിർന്നതിനുശേഷം അവരുടെ ഉപയോഗത്തിനുള്ളതായതിനാല്‍ ഘട്ടം ഘട്ടമായി ചെറിയ തുകകൾ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്ഐപി) ഉപയോഗപ്പെടുത്താം. ഇതിലൂടെ കൂട്ടുപലിശയുടെ ശക്തിയിൽ വലിയ നേട്ടങ്ങൾ ലഭ്യമാകും. ഈ ആസൂത്രത്തില്‍ കുട്ടികളെയും പങ്കാളികളാക്കുന്നത് അവരില്‍ നല്ല സാമ്പത്തിക ശീലങ്ങൾ വളർത്തിയെടുക്കാന്‍ സഹായിക്കും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ അവര്‍ക്ക് വിദ്യാഭ്യാസത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നല്‍കും. കുട്ടികളിൽ നല്ല പണ മാനേജ്‌മെന്റ് ശീലങ്ങൾ സ്വയം വികസിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഭാവിയില്‍ ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും കടം ഒഴിവാക്കാനും ആത്മവിശ്വാസത്തോടെ സ്വന്തം പണം കൈകാര്യം ചെയ്യാനും ഇത് അവര്‍ക്ക് സഹായകമാകും. (അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. സെബി സ്മാര്‍ട്ട്, എന്‍എസ്ഇ, ബിഎസ്ഇ, എന്‍എസ്ഡിഎല്‍, പിഎഫ്ആര്‍ഡിഎ, സിഎല്‍ഡിഎല്‍, എന്‍സിഡിഇഎക്സ് എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍)










0 comments