ad
Deshabhimani

എൽഎൽപി; നവസംരംഭകർക്കുള്ള സ്മാർട്ട് ചോയ്സ്

LLP

പ്രതീകാത്മക ചിത്രം

avatar
അരുൺ ചാക്കോ

Published on Apr 30, 2026, 10:55 AM | 3 min read

സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നത് ആവേശകരമായൊരു സ്വപ്നമാണ്. എന്നാൽ, ആ സ്വപ്നത്തോടൊപ്പംതന്നെ ഏതൊരു സംരംഭകന്റെയും ഉള്ളിൽ ഒരു വലിയ പേടിയുമുണ്ട്. ബിസിനസ് പരാജയപ്പെട്ടാൽ കുടുംബത്തിന്റെ ഭാവി എന്ത്? കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും സമ്പാദ്യവും നഷ്ടപ്പെടുമോ? ഈ ഭയത്തിന് നിയമപരമായ ഒരു പരിഹാരമാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് അഥവാ എല്‍എല്‍പി. പരമ്പരാഗത പാർട്ണർഷിപ്പുകളുടെ ലളിതമായ ഭരണരീതിയും കോർപറേറ്റ് കമ്പനികളുടെ സുരക്ഷാ കവചവും ഒരേസമയം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നിയമസംവിധാനമാണിത്.

ബാധ്യതകൾ 
പരിമിതമാക്കാം


എല്‍എല്‍പിയുടെ പ്രത്യേകത വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറയാം. അനൂപ്, ബാലു എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ‘എബി ടെക് സൊല്യൂഷൻസ്' എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ ബിസിനസ് തുടങ്ങുന്നു. അവർ ബാങ്കിൽനിന്ന് 50 ലക്ഷം വായ്പയെടുത്തു. നിർഭാഗ്യവശാൽ, രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വിപണിയിലെ മാന്ദ്യം കാരണം ബിസിനസ് തകരുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു.


ഇവിടെയാണ് ബിസിനസ് ഘടനയുടെ പ്രസക്തി വരുന്നത്. അവർ തുടങ്ങിയത് ഒരു സാധാരണ പാർട്ണർഷിപ് സ്ഥാപനമായിരുന്നെങ്കില്‍ ആ 50 ലക്ഷം തിരിച്ചുപിടിക്കാൻ സ്ഥാപനത്തിലെ കംപ്യൂട്ടറുകളും ഫർണിച്ചറും മാത്രമല്ല അനൂപിന്റെയും ബാലുവിന്റെയും സ്വന്തം പേരിലുള്ള വീടും കാറും വരെ ജപ്തി ചെയ്യാൻ ബാങ്കിന് അധികാരമുണ്ട്. ​എന്നാൽ, അവർ തുടങ്ങിയത് ഒരു എല്‍എല്‍പിയാണെങ്കില്‍ കഥ മാറും. ബിസിനസ് പൊളിഞ്ഞാലും ബാങ്കിന് എല്‍എല്‍പിയുടെ പേരിലുള്ള ആസ്തികൾ മാത്രമെ എടുക്കാൻ സാധിക്കൂ. അവരുടെ സ്വകാര്യ സമ്പാദ്യത്തിൽ തൊടാൻ നിയമം അനുവദിക്കില്ല. ഇതിനെയാണ് "ലിമിറ്റഡ് ലയബിലിറ്റി’ അഥവാ പരിമിതമായ ബാധ്യത എന്ന് വിളിക്കുന്നത്. മനഃപൂർവമോ അല്ലെങ്കിൽ ദുരുദ്ദേശ്യപരമായോ പാർട്ണർമാർ ഉണ്ടാക്കുന്ന ബാധ്യതകൾ ഒഴികെ, ബിസിനസ് മൂലം ഉണ്ടാകുന്ന എല്ലാ റിസ്കുകളും ബിസിനസിൽ മാത്രം ഒതുങ്ങിനിൽക്കും എന്നത് സംരംഭകര്‍ക്ക് വലിയ ആശ്വാസമാകും.


​പാർട്ണർഷിപ്പും എല്‍എല്‍പിയും


സാധാരണ പാർട്ണർഷിപ്പും പ്രൈവറ്റ് ലിമിറ്റഡും എല്‍എല്‍പിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. സാധാരണ പാർട്ണർഷിപ്പിൽ മുമ്പ് പറഞ്ഞതുപോലെ ‘അൺലിമിറ്റഡ് ലയബിലിറ്റി' എന്ന വലിയ റിസ്കിന് പുറമെ, ഒരു പങ്കാളി ബിസിനസില്‍ ചെയ്യുന്ന തെറ്റുകൾക്ക് മറ്റു പങ്കാളികളും ഉത്തരവാദികളാകേണ്ടിയും വരും. എന്നാൽ എല്‍എല്‍പി-യിൽ ഈ പ്രശ്നമില്ല. ഒരു പങ്കാളിയുടെ അശ്രദ്ധമായ പ്രവൃത്തിയോ തട്ടിപ്പോ കാരണം ഉണ്ടാകുന്ന നഷ്ടത്തിന് മറ്റുള്ളവര്‍ വ്യക്തിപരമായി ഉത്തരവാദികളാകില്ല. അതായത്, എല്‍എല്‍പിയില്‍ ഓരോ ബിസിനസ് പങ്കാളിക്കും പ്രത്യേക വ്യക്തിഗത സംരക്ഷണമുണ്ടാകും.

പ്രൈവറ്റ് ലിമിറ്റഡും എല്‍എല്‍പിയും


പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുകയാണെങ്കിൽ അത് വലിയ കോർപറേറ്റ് ഇമേജ് നൽകുമെങ്കിലും, അതിന്റെ നടത്തിപ്പ് ചെലവേറിയതായിരിക്കും. ബോർഡ് മീറ്റിങ്ങുകള്‍ ചേരണം, നിർബന്ധിത ഓഡിറ്റിങ് നടത്തണം, ഡയറക്ടർമാരുടെ റിപ്പോർട്ടുകൾ തയ്യാറാക്കണം, ചെറിയ വീഴ്ചകൾക്കുപോലും കഠിനമായ പിഴകൾ നേരിടേണ്ടിവന്നേക്കാം —ഇതെല്ലാം ചെറുകിട സംരംഭകർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവുമുണ്ടാക്കും. എന്നാല്‍, എല്‍എല്‍പി ഒരു ‘മധ്യപാത'യാണ്. അതായത്, കമ്പനികളെപ്പോലെ "നിയമപരമായ പ്രത്യേക അസ്തിത്വം' ഇതിനുണ്ടാകും. എന്നാൽ, നടത്തിപ്പ് ചെലവുകൾ വളരെ കുറവായിരിക്കും.

​ആയിരം രൂപയ്ക്കും തുടങ്ങാം


എല്‍എല്‍പി-യുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ "ഫ്ലെക്സിബിലിറ്റി'യാണ്. ഇതിൽ ബിസിനസ് തുടങ്ങാൻ കുറഞ്ഞത് ഇത്ര രൂപ മൂലധനം വേണം എന്ന കടുംപിടിത്തമില്ല. അതിനാല്‍ നിങ്ങൾക്ക് 1000 രൂപ മുതല്‍മുടക്കിലും എല്‍എല്‍പി സംരംഭം തുടങ്ങാം. കൂടാതെ, വാർഷിക വിറ്റുവരവ് 40 ലക്ഷത്തില്‍ താഴെയോ, നിക്ഷേപം 25 ലക്ഷത്തിൽ താഴെയോ ആണെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും വ്യവസ്ഥയില്ല. ബിസിനസ് എങ്ങനെ നടത്തണം, ലാഭം എങ്ങനെ പങ്കിടണം, തീരുമാനങ്ങൾ എങ്ങനെ എടുക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം പങ്കാളികൾക്ക് സ്വയം തീരുമാനിച്ച് എല്‍എല്‍പി എഗ്രിമെന്റില്‍ എഴുതിച്ചേർക്കാം. നിയമം അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളില്ലാതെ, പങ്കാളികളുടെ പരസ്പരധാരണയിൽ ബിസിനസ് കൊണ്ടുപോകാം.

​ആര്‍ക്ക്‌ നല്ലത്‌ എല്‍എല്‍പി?


ആധുനിക കാലത്ത് പുതിയ ബിസിനസ് ആശയങ്ങളുമായി മുന്നോട്ടുവരുന്ന സംരംഭകർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് എല്‍എല്‍പി എന്ന് നിസംശയം പറയാം. പങ്കാളികൾ തമ്മിലുള്ള വിശ്വസ്തതയും ഒരു കമ്പനിയുടെ സുരക്ഷിതത്വവും ഒരേപോലെ നൽകുന്ന ഈ രീതി ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന് നോക്കാം.


പ്രൊഫഷണൽ കൂട്ടായ്മകൾ


ചെറുകിട, -ഇടത്തരം സംരംഭകര്‍ക്കെന്നപോലെ ക്ലിനിക്കോ കൺസൾട്ടൻസിയോ സേവന സംരംഭമോ തുടങ്ങുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ, ആർക്കിടെക്റ്റുകൾ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും കരിയർ കെട്ടിപ്പടുക്കാൻ ഇത് മികച്ചൊരു അടിത്തറ നല്‍കും.

കുടുംബ ബിസിനസുകൾ, സുഹൃത്-സംഘങ്ങള്‍

നിയമപരമായ നൂലാമാലകൾ താരതമ്യേന കുറവായതിനാല്‍ കുടുംബ ബിസിനസുകള്‍, സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍ എന്നിവപോലെ വിശ്വാസ്യതയ്ക്ക് മുൻതൂക്കം നൽകുന്ന, എന്നാൽ നിയമപരമായ പരിരക്ഷ ആഗ്രഹിക്കുന്ന ചെറിയ ഗ്രൂപ്പുകൾക്ക് എല്‍എല്‍പി മികച്ച മാര്‍ഗമാണ്.


പ്രാദേശിക ബിസിനസ് പദ്ധതികൾ


വയനാട്, ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ ഒരു റിസോർട്ട് തുടങ്ങാനോ അല്ലെങ്കിൽ ഒരു പ്രത്യേക പ്രോജക്റ്റിനുവേണ്ടി ഒരു നാട്ടിലെ കുറച്ചുപേർ ചേർന്ന് പണം മുടക്കുമ്പോഴോ എല്‍എല്‍പി ഉപയോഗിക്കാം. ഇതിൽ ലാഭം വീതംവയ്ക്കല്‍ വളരെ ലളിതമാണ്.

​എളുപ്പത്തില്‍ 
രജിസ്റ്റര്‍ ചെയ്യാം


എൽഎല്‍പി രജിസ്ട്രേഷന്‍ പ്രക്രിയ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റലായിരിക്കുന്നു. ആദ്യം പങ്കാളികൾ ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് (ഡിഎസ്-സി) കരസ്ഥമാക്കണം. തുടർന്ന് മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിന്റെ (എംസിഎ) പോർട്ടൽ വഴി പേരിനായി അപേക്ഷിക്കാം. പേര് അനുവദിച്ചുകഴിഞ്ഞാൽ ‘FiLLiP' ഫോം വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. രജിസ്ട്രേഷനുശേഷം 30 ദിവസത്തിനുള്ളിൽ പങ്കാളികൾ തമ്മിലുള്ള കരാർ (എല്‍എല്‍പി എഗ്രിമെന്റ്) തയ്യാറാക്കി സമർപ്പിക്കണം. ഇതിലാണ് പങ്കാളികളുടെ അധികാരങ്ങളും ലാഭവിഹിതവും വ്യക്തമാക്കുന്നത്.


​ചുരുക്കത്തിൽ, അനാവശ്യമായ റിസ്കുകൾ എടുക്കാതെ, പ്രൊഫഷണലായി ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്ക്, സ്വന്തം അധ്വാനത്തിൽ വിശ്വസിച്ച്, എന്നാൽ സുരക്ഷിതമായി മുന്നേറാൻ ധൈര്യപൂർവം തെരഞ്ഞെടുക്കാവുന്ന ബിസിനസ് മാതൃകയാണിത്. കൃത്യമായ ആസൂത്രണത്തോടും നിയമവശങ്ങൾ മനസ്സിലാക്കിയും മുന്നോട്ടുപോയാൽ ഇത് ബിസിനസ് വിജയത്തിലേക്കുള്ള ഒരു സുരക്ഷിത പാതയായി മാറും.


ശ്രദ്ധിക്കണം ഈ കാര്യങ്ങളും


എല്‍എല്‍പിക്കും ചില പരിമിതികളുമുണ്ട്. ഭാവിയിൽ വലിയതോതിൽ വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടിങ് പ്രതീക്ഷിക്കുന്ന ഒരു ടെക് സ്റ്റാർട്ടപ് ആണെങ്കിൽ എല്‍എല്‍പി ഒരു തടസ്സമായേക്കാം. കാരണം, നിക്ഷേപകർ സാധാരണയായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെയാണ് നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത്. കാരണം, എല്‍എല്‍പി-യിൽ ഓഹരികളുടെ കൈമാറ്റം കമ്പനികളെ അപേക്ഷിച്ച് സങ്കീര്‍ണമാണ്. മറ്റൊരു പ്രശ്നം പിഴകളാണ്. വാർഷിക റിട്ടേണുകൾ (ഫോം 11, ഫോം 8) സമർപ്പിക്കാൻ വൈകിയാൽ, കാലതാമസത്തിനനുസരിച്ച് രജിസ്ട്രേഷൻ ഫീസിന്റെ പല മടങ്ങുവരെ പിഴ നൽകേണ്ടിവരും. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യതയില്ലാത്തവർക്ക് ഇതൊരു വലിയ ബാധ്യതയായേക്കാം.


​​(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home