print edition നിങ്ങള്‍ക്ക് വേണോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

എ ഐ പ്രതീകാത്മക ചിത്രം
അരുണ്‍ ചാക്കോ
Published on Dec 30, 2025, 11:43 AM | 4 min read
പുതിയൊരു വര്‍ഷം അടുക്കുകയാണ്. സംരംഭകര്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കംപോലെതന്നെ പ്രധാനമാണ് കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കവും. കാരണം, പലരും പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കുന്ന സമയമാണല്ലോ ഇത്. നിങ്ങളുടെ സംരംഭത്തിന്റെ നിയമപരമായ ഘടന എന്തായിരിക്കണം എന്നതിലും ഇപ്പോള്‍ തീരുമാനമെടുക്കാവുന്നതാണ്.
ഫ്രീലാന്‍സ് വെബ് ഡിസൈനറായിരുന്ന ഒരു സുഹൃത്ത് കഴിഞ്ഞവര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു. അവന്റെ ആലോചനയില്‍ ആദ്യം വന്നത് ഒരു സ്വകാര്യ (പ്രൈവറ്റ്) ലിമിറ്റഡ് കമ്പനി തുടങ്ങുക എന്നതായിരുന്നു. കമ്പനിയാകുമ്പോള്‍ സ്വന്തം വിസിറ്റിങ് കാര്‍ഡില്‍ "ഡയറക്ടര്‍' എന്നുവയ്ക്കാം. അത് അവന് വലിയ അഭിമാനമായി തോന്നി. എന്നാൽ, കമ്പനി രജിസ്റ്റർ ചെയ്യാനുള്ള ചെലവും, അതിനുശേഷം എല്ലാ വർഷവും നിർബന്ധമായും പാലിക്കേണ്ട നിയമപരമായ കാര്യങ്ങളും പറഞ്ഞപ്പോള്‍ ആശയക്കുഴപ്പത്തിലായി. ചെറിയ രീതിയിൽ സംരംഭം തുടങ്ങുന്ന തനിക്ക് ഇത്രയും വലിയൊരു ഘടനയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ചിന്തിക്കേണ്ട കാര്യമാണിത്.
എപ്പോഴാണ് "കമ്പനി' വേണ്ടത്?
സംരംഭകര്‍ പൊതുവില്‍ "പ്രൈവറ്റ് ലിമിറ്റഡ് കമ്പനി' രൂപീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനൊരു പ്രധാന കാരണം, മുമ്പ് പറഞ്ഞതുപോലെ പലരും കമ്പനിയും അതിലെ ഡയറക്ടർ പദവിയും ഒരു സാമൂഹിക അംഗീകാരത്തിന്റെ ചിഹ്നമായി (സ്റ്റാറ്റസ് സിംബല്‍) കാണുന്നു എന്നതാണ്. എന്നാല്‍, എല്ലാവര്‍ക്കും കമ്പനി ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം. ചില ബിസിനസുകൾക്ക് കമ്പനി ഘടന അനിവാര്യമായിരിക്കും. അതായത് നിങ്ങളുടെ ബിസിനസ് താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ കമ്പനി രൂപീകരിക്കാവുന്നതാണ്.
• നിക്ഷേപം സ്വീകരിക്കല്‍: വെഞ്ച്വർ ക്യാപിറ്റൽ, ഏഞ്ചൽ ഇൻവെസ്റ്റർമാരില്‍നിന്നുള്ള നിക്ഷേപം, നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) തുടങ്ങിയ വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ കമ്പനി ഘടന അനിവാര്യമാണ്. നിക്ഷേപകർക്ക് നിയമപരമായ സുരക്ഷയും ഓഹരി വിഹിതവും നൽകാൻ ഇതാവശ്യമാണ്.
• വളർച്ച സാധ്യതകൾ: ഭാവിയിൽ ബിസിനസ് വിപുലീകരിക്കാനും, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനും (ഐപിഒ) പദ്ധതിയുണ്ടെങ്കില്‍ കമ്പനിയാണ് ഏറ്റവും നല്ലത്.
• ഉയർന്ന വിശ്വാസ്യത: വിതരണക്കാർ, ഉപയോക്താക്കൾ, സർക്കാർ ഏജൻസികൾ എന്നിവരുമായി ബിസിനസ് ചെയ്യുമ്പോൾ കമ്പനിക്ക് കൂടുതൽ നിയമപരമായ ഘടനയും വിശ്വാസ്യതയുമുണ്ടാകും.
• ലിമിറ്റഡ് ലയബിലിറ്റി (പരിമിത ബാധ്യത): സംരംഭം കമ്പനിയാണെങ്കില്‍ ബിസിനസിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായാൽ, അതിൽനിന്ന് സംരംഭകന്റെ വ്യക്തിപരമായ ആസ്തികൾ സുരക്ഷിതമായിരിക്കും.
പിഴകളും നിയമനടപടികളും
കമ്പനി രൂപീകരിക്കുന്നതിനുമുമ്പ് ഗൗരവമായി പരിഗണിക്കേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. കമ്പനി രജിസ്റ്റർ ചെയ്യുന്നതോടെ നിയമപരമായ ഉത്തരവാദിത്വങ്ങൾ വർധിക്കും. എല്ലാ വർഷവും ആര്‍ഒസി (രജിസ്റ്റാര്‍ ഓഫ് കമ്പനീസ്) ഫയലിങ്, ഓഡിറ്റിങ്, ടാക്സ് ഫയലിങ്, മിനിറ്റ്സ് സൂക്ഷിക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ വലിയ പിഴകളും നിയമനടപടികളും നേരിടേണ്ടി വരും. മറ്റൊന്ന് ബോര്‍ഡ് മീറ്റിങ്ങുകളാണ്. ഒരു സാമ്പത്തിക വർഷം ചെറിയ കമ്പനികൾക്ക് കുറഞ്ഞത് രണ്ട് ബോർഡ് മീറ്റിങ്ങുകളും മറ്റുള്ളവയ്ക്ക് ഓരോ പാദത്തിലും ഒന്നുവീതവും നിർബന്ധമാണ്.
വേണം ഓഡിറ്റിങ്ങും പൊതുയോഗവും
കമ്പനികള്‍ എല്ലാ സാമ്പത്തിക വർഷവും ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം നടത്തി കമ്പനി രജിസ്ട്രാർക്ക് വാർഷിക റിപ്പോർട്ട് ഫയൽ ചെയ്യണം. കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ ഓഡിറ്റിങ്ങും നിര്‍ബന്ധമാണ്. ഓരോ സാമ്പത്തിക വർഷത്തേയും അക്കൗണ്ടുകൾ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണം. കമ്പനിയുടെ വാർഷിക ആദായ നികുതി റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്യുകയും വേണം.
ചെറിയ സംരംഭങ്ങള്‍ക്ക് കമ്പനി വേണ്ട
എല്ലാ ബിസിനസുകൾക്കും ഒരു കമ്പനി ഘടനയുടെ ആവശ്യമില്ല. ചെറിയ ബിസിനസുകള്‍ക്ക്, അതായത് പ്രാദേശികമായി മാത്രം പ്രവർത്തിക്കുന്ന ചെറിയ സംരംഭമാണെങ്കില്‍ കമ്പനി വലിയ ബാധ്യതയായി മാറിയേക്കാം. മുകളില്‍ പറഞ്ഞ നിയമ നടപടികള്‍ കൃത്യമായി പാലിക്കുക എന്നത് സാധാരണ സംരംഭകരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. സംരംഭത്തിന്റെ മുന്നോട്ടുപോക്കിനായി ചെലവഴിക്കേണ്ട സമയം ഇതിനായി പാഴാക്കേണ്ടി വരും. ഇത് തിരിച്ചടിയായേക്കാം. അതിനാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്ന ചെറിയ സംരംഭങ്ങള്‍ കമ്പനിക്ക് പകരം ഒരു "പ്രൊപ്രൈറ്റർഷിപ്' അല്ലെങ്കിൽ "പാർട്ണർഷിപ്' സ്ഥാപനമായാല്‍ മതിയാകും. ഇതിന് കമ്പനിയെ അപേക്ഷിച്ച് നിയമപരമായ നടപടികളും ചെലവുകളും കുറവാണ്. നിക്ഷേപവും പരീക്ഷണഘട്ടവും വലിയ നിക്ഷേപം ആവശ്യമില്ലാത്ത സംരംഭമാണെങ്കില്‍ കമ്പനി ഒഴിവാക്കാം. അതിനാല്‍ കമ്പനി രജിസ്ട്രേഷനിലേക്ക് കടക്കുന്നതിനുമുമ്പ് നിങ്ങളുടെ സംരംഭത്തിന് വായ്പകളോ, സ്വന്തം നിക്ഷേപമോ മതിയാകുമോ നിക്ഷേപം സ്വീകരിക്കേണ്ടിവരുമോ എന്നത് ഉറപ്പാക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ബിസിനസ് നിലവില്‍ ഏത് ഘട്ടത്തിലാണ് എന്നതാണ്. അതിപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിൽ, ഉറച്ച നില കണ്ടെത്തിയിട്ടില്ലെങ്കില്‍ കമ്പനി രജിസ്റ്റർ ചെയ്യാൻ തിരക്കു കാണിക്കരുത്.
കമ്പനികള്‍ പലതരം
ഇന്ത്യയിൽ സാധാരണയായി കാണുന്ന കമ്പനികള്‍ താഴെ പറയുന്നവയാണ്:
• പ്രൈവറ്റ് ലിമിറ്റഡ് കമ്പനി: രണ്ടോ അതിലധികമോ ആളുകൾക്ക് ചേർന്ന് തുടങ്ങാൻ സാധിക്കുന്ന കമ്പനി രൂപമാണിത്. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ളതും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സ്റ്റാർട്ടപ്പുകൾമുതൽ വലിയ സ്ഥാപനങ്ങൾവരെ ഈ ഘടന ഉപയോഗിക്കുന്നുണ്ട്.
• വൺ പേഴ്സൺ കമ്പനി (ഒപിസി): ഒരാൾക്ക് മാത്രമായി ഒരു കമ്പനി തുടങ്ങാൻ സാധിക്കുന്ന ഘടനയാണിത്. ഇത് സോൾ പ്രൊപ്രൈറ്റർഷിപ്പിന്റെയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ഗുണങ്ങൾ ഒരുമിച്ച് നൽകുന്നു.
• പബ്ലിക് ലിമിറ്റഡ് കമ്പനി: കുറഞ്ഞത് ഏഴ് അംഗങ്ങൾ ആവശ്യമുള്ളതും, ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാൻ സാധിക്കുന്നതുമായ കമ്പനി ഘടനയാണ്. സാധാരണയായി വലിയ കോർപറേഷനുകളാണ് ഇത് തെരഞ്ഞെടുക്കുന്നത്. ബിസിനസിന്റെ യഥാര്‍ഥ ആവശ്യകതകള്‍ ഉറപ്പാക്കി വളർച്ച സാധ്യത, ബിസിനസിന്റെ സ്വഭാവം, സാമ്പത്തിക ലക്ഷ്യങ്ങൾ, വെല്ലുവിളികള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കൂടാതെ, നിങ്ങളുടെ സംരംഭത്തിന് സ്വീകരിക്കാവുന്ന മറ്റു നിയമപരമായ ഘടനകളും അവയുടെ പ്രത്യേകതകളും താഴെ പറയുന്നു.
സോൾ പ്രൊപ്രൈറ്റർഷിപ്: ഒറ്റയ്ക്ക് ഒരു ബിസിനസ് തുടങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഘടനയാണിത്. എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം, ചെലവ് കുറവാണ്, നിയമപരമായ ബാധ്യതകളും കുറവാണ്. എന്നാൽ, ഇതിന് ലിമിറ്റഡ് ലയബിലിറ്റി എന്ന നിയമപരമായ സംരക്ഷണം ഉണ്ടാകില്ല.
പാർട്ണർഷിപ്: രണ്ടോ അതിലധികമോ ആളുകൾ ചേർന്ന് ഒരു ബിസിനസ് തുടങ്ങുമ്പോൾ ഈ ഘടന തെരഞ്ഞെടുക്കാം. ഇതിനും ലിമിറ്റഡ് ലയബിലിറ്റി ഇല്ല.
ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് (എല്‍എല്‍പി): പങ്കാളിത്ത ബിസിനസിൽ ലിമിറ്റഡ് ലയബിലിറ്റി സുരക്ഷ ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം. കമ്പനിയെക്കാൾ കുറഞ്ഞ നിയമപരമായ ബാധ്യതകളെ ഇതിനുള്ളൂ.
ശ്രദ്ധിക്കുക: ഭാവിയിൽ നിങ്ങളുടെ ബിസിനസ് വളന്ന് കമ്പനി ഘടന ആവശ്യമായി വന്നാല്‍, നിലവിലെ നിയമങ്ങൾ അനുസരിച്ച് എല്‍എല്‍പിയെയോ പാർട്ണർഷിപ്പിനെയോ കമ്പനിയാക്കി മാറ്റാവുന്നതാണ്.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)










0 comments