ആദായനികുതി നോട്ടീസ് അവഗണിക്കരുത്

സുകുമാരൻ കുഞ്ഞിമംഗലം
Published on Oct 21, 2025, 12:58 PM | 3 min read
സർക്കാർ ഓഫീസിൽനിന്ന് ഒരു നോട്ടീസ് വന്നു എന്നറിഞ്ഞാൽ വെപ്രാളപ്പെടാത്തവർ വിരളം. ആദായനികുതി വകുപ്പിന്റേതാണെങ്കിൽ വേവലാതിയുടെ കനം കൂടും. പെട്ടെന്നൊന്നും എത്തിച്ചേരാൻപറ്റാത്ത കേന്ദ്ര സർക്കാർ സംവിധാനത്തിന് കീഴിലാണല്ലോ വകുപ്പ്.
ഇപ്പോൾ നികുതി റിട്ടേൺ സമർപ്പിച്ച് പലരും റീഫണ്ടിനുവേണ്ടി കാത്തിരിക്കുന്ന കാലമാണ്. റീഫണ്ടിനുപകരം ചിലപ്പോൾ വരുന്നത് നോട്ടീസായേക്കാം. അത് തപാലായോ (ഓഫ്-ലൈൻ) ഓൺലൈൻ ആയോ വരാം. ഓൺലൈനാണെങ്കിൽ മെയിൽ ഐഡിയിലോ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിലുള്ള നമ്മുടെ പേജിലോ വന്നുകിടക്കുന്നുണ്ടാകാം.
ഇ മെയിലായി വന്നിരിക്കുന്ന നോട്ടീസ് തുറന്നുകാണാൻ പാസ്‌വേർഡ് ഉപയോഗിക്കണം. നമ്മുടെ പാൻനമ്പറും ജനനത്തീയതിയും സ്ഥലം(സ്പേസ്) വിടാതെ ചെറിയ അക്ഷരത്തിൽ ടൈപ്പ്ചെയ്ത് ഓകെ കൊടുത്താൽ നോട്ടീസ് തുറന്നുകിട്ടും. ഉദാഹരണത്തിന് പാൻ നമ്പർ JBTHS 4451 Yയും ജനനത്തീയതി 1975 ഏപ്രിൽ 20ഉം ആണെങ്കിൽ പാസ്‌വേർഡ് jbths4451y20041975 എന്ന് ടൈപ്പ് ചെയ്ത് ok കൊടുക്കണം.
എന്താണ് ആദായനികുതി നോട്ടീസ്?
നികുതിദായകന്റെ ആദായനികുതിയുമായി ബന്ധപ്പെട്ട കണക്കുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ആദായനികുതി വകുപ്പിന് തോന്നിയാൽ അത് അറിയിക്കാനുള്ള ഒരു സാധാരണ നടപടിക്രമമാണ് നോട്ടീസയക്കൽ. കൂടുതൽ വിശദീകരണത്തിനുവേണ്ടിയോ, അടയ്‌ക്കാൻ ബാക്കിയുള്ള നികുതി അടയ്‌ക്കാൻ ആവശ്യപ്പെട്ടോ, സമർപ്പിച്ച റിട്ടേണിൽ തിരുത്തലുകൾ നടത്താനോ, കൂടുതൽ പരിശോധനയ്‌ക്കുവേണ്ടിയോ ഉള്ള ഒരു ഓർമപ്പെടുത്തലോ, താക്കീതോ ആകാമത്. ചിലപ്പോൾ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നതോ നിങ്ങളുടെ നികുതി നിർണയിച്ചിരിക്കുന്നത് എത്രയെന്നുള്ള അറിയിപ്പോ (അസസ്മെന്റ് നോട്ടീസ്) ആകാം. എന്തായാലും അത് അവഗണിക്കരുത്.
നോട്ടീസ് വരാനുള്ള കാരണങ്ങൾ
നികുതിദായകന് നോട്ടീസ് അയക്കുന്നതിന് നിരവധി കാരണങ്ങൾ ആദായനികുതി നിയമത്തിൽ കാണാം. അവയിൽ ചിലത് താഴെപ്പറയുന്നു:
സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാതിരിക്കൽ
ആദായനികുതി വകുപ്പ് ഏറ്റവും കൂടുതൽ നോട്ടീസ് പുറപ്പെടുവിക്കുന്നത് ഈ കാരണത്താലാണ്. ഒരു സാമ്പത്തിക വർഷത്തെ നികുതിറിട്ടേൺ അടുത്തവർഷം ജൂലൈ 31നുള്ളിൽ സമർപ്പിച്ചിരിക്കണം (ഇത്തവണ അവസാന തീയതി സെപ്‌തംബർ 16 വരെ നീട്ടിയിരുന്നു). ഇതിനുള്ളിൽ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അഞ്ചുലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ 5000 രൂപയും അതിൽ താഴെ വരുമാനമുള്ളവർ ആയിരം രൂപയും പിഴ അടയ്‌ക്കേണ്ടി വരും . മാത്രമല്ല, ഡിസംബർ 31നുശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ പിഴ പതിനായിരമായി വർധിക്കുകയും ചെയ്യും.
വെളിപ്പെടുത്തിയ വരുമാനവും യഥാർഥ വരുമാനവും തമ്മിലുള്ള പൊരുത്തക്കേട്
ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ എല്ലാ ഉറവിടങ്ങളിൽനിന്നുള്ള വരുമാനവും സത്യസന്ധമായി കാണിക്കണം. വല്ല പൊരുത്തക്കേടും ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പ് കാരണമന്വേഷിക്കും. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതാണ്. ഇല്ലെങ്കിൽ റിട്ടേൺ അസാധുവായോ സമർപ്പിക്കാത്തതിന് തുല്യമായോ കണക്കാക്കും. പിഴയോടുകൂടി നികുതി അടയ്ക്കേണ്ടിവരും. അതിനാൽ റിട്ടേൺ സമർപ്പിക്കുന്നതോടെ ഉത്തരവാദിത്വം തീർന്നുവെന്ന് കരുതരുത്. നോട്ടീസ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
പുനഃപരിശോധനാ നോട്ടീസ്
സമർപ്പിച്ച ആദായനികുതി റിട്ടേണിൽ എന്തെങ്കിലും തെറ്റുവരാനോ ഏതെങ്കിലും വരുമാനം വിട്ടുപോകാനോ സാധ്യതയുണ്ട്. ആദായനികുതി വകുപ്പിന് അങ്ങനെ സംശയം ഉണ്ടെങ്കിൽ ഫയൽചെയ്ത റിട്ടേൺ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. ഇതിന് യഥാസമയം മറുപടി നൽകിയില്ലെങ്കിൽ 10,000 രൂപവരെ പിഴ അടയ്‌ക്കേണ്ടതായി വരും.
ജീവിതപങ്കാളിയുടെ നിക്ഷേപം കാണിക്കാതിരിക്കൽ
നിങ്ങൾ ഒരു നിശ്ചിതതുക ജീവിതപങ്കാളിയുടെ പേരിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അതിൽനിന്ന് കിട്ടുന്ന വരുമാനം നിങ്ങളുടെ വരുമാനമായിത്തന്നെ കണക്കാക്കി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
റീഫണ്ട് അഡ്ജസ്റ്റ്മെന്റ്
അധികംതുകയോ അടയ്‌ക്കാൻ ബാധ്യതയില്ലാത്ത തുകയോ നികുതിയായി അടച്ചെങ്കിൽ അത് റീഫണ്ടായി ലഭിക്കുന്നതാണ്. പക്ഷേ, മുൻകാലങ്ങളിൽ വല്ല ബാധ്യതയും ഉണ്ടെങ്കിൽ ഈ റീഫണ്ട് തുക അതിൽ തട്ടിക്കിഴിക്കും. ഇക്കാര്യവും നോട്ടീസായി വരാം.
മുൻവർഷങ്ങളിലെ നികുതിവെട്ടിപ്പ്
ഏതെങ്കിലും ബാഹ്യമായ ഉറവിടങ്ങളുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തിൽ, മുൻവർഷങ്ങളിൽ വരുമാനം ബോധപൂർവം കാണിക്കാതിരുന്നിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയാൽ നോട്ടീസ് പുറപ്പെടുവിക്കും. നടപ്പുവർഷം സമയപരിധിക്കുള്ളിൽ ത്തന്നെ സത്യസന്ധമായ റിട്ടേൺ സമർപ്പിച്ചാൽപ്പോലും ചിലപ്പോൾ ഈ നോട്ടീസ് വന്നേക്കാം.
നോട്ടീസ് കിട്ടിയാൽ എന്ത് ചെയ്യണം ?
ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചുവെന്നത് ഒരു "ഭീകരപ്രശ്ന'മായി കരുതാതിരിക്കുക. മിക്കവാറും നോട്ടീസിലുള്ളത് രേഖകൾസഹിതം കൃത്യമായ മറുപടി നൽകിയാൽ തീരുന്ന ലളിതമായ പ്രശ്നങ്ങളാവാം.
നോട്ടീസിന്റെ ആധികാരികത ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആദായനികുതിവകുപ്പ് അയച്ചതുതന്നെയാണെന്നും നോട്ടീസിലെ പേരും പാൻനമ്പറും മറ്റു വ്യക്തിഗത വിവരങ്ങളും ശരിയാണെന്നും ഉറപ്പുവരുത്തണം. അത് ഉറപ്പായാൽ നിർദേശിച്ച സമയത്തിനുള്ളിൽ മറുപടി നൽകുക എന്നതാണ് ഏറ്റവും പ്രധാനം. മറുപടി നൽകാതിരുന്നാൽ വകുപ്പ് ചൂണ്ടിക്കാട്ടിയ പിശക് സമ്മതിക്കുകയാണെന്നും പിഴയും മറ്റു നിയമനടപടികളും സ്വീകാര്യമാണെന്നും പറയുന്നതിന് തുല്യമാകും.
മറുപടി ഓൺലൈനായി നൽകാം
ആദായനികുതി വകുപ്പിന്റെ എല്ലാ നോട്ടീസുകൾക്കും ഓൺലൈനായി മറുപടി നൽകാവുന്നതാണ്. വകുപ്പിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് പാനും പാസ്‌വേർഡും കൊടുത്ത് ലോഗിൻ ചെയ്യുക. തുറന്നുവരുന്ന നമ്മുടെ പേജിൽ ‘പെന്റിങ് ആക്‌ഷൻസ്' എന്നതിൽ ക്ലിക്ക് ചെയ്താൽ ‘ഇ പ്രൊസീഡിങ്സ് 'എന്ന പേജ് തുറന്നുവരും . അവിടെ "സെൽഫ്' എന്ന ബോക്സിൽ ക്ലിക്ക് ചെയ്താൽ നമുക്ക് വന്നിരിക്കുന്ന അറിയിപ്പുകൾ കാണാം . അവയ്ക്ക് മറുപടിയും അവിടെത്തന്നെ നൽകാം. സാങ്കേതികജ്ഞാനം ഏറെ ഇല്ലാത്തവർക്ക് ആദായനികുതി പ്രാക്ടീഷണറുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

( അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. റിട്ട. ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ഓഫീസറും നികുതി പ്രാക്ടീഷണറുമാണ് ലേഖകൻ)









0 comments