print edition യന്ത്രങ്ങൾ വാങ്ങാം സംരംഭം വളർത്താം: ഈടില്ലാതെ കിട്ടും അഞ്ച് കോടി

ഡോ. ബൈജു നെടുങ്കേരി
Published on Nov 11, 2025, 09:37 AM | 3 min read
സംസ്ഥാന സര്‍ക്കാരിന്റെ ക്രഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭ വികസന നയങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് വ്യവസായങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി). 70 വർഷത്തെ പ്രവർത്തന കാലയളവിൽ കേരളത്തിന്റെ വ്യാവസായിക മുഖമുദ്രയായി മാറിയ അനേകം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി നിലകൊണ്ട കെഎഫ്സി ഇപ്പോള്‍ ചെറുകിട, ഇടത്തര സംരംഭകരെയും, സ്റ്റാർട്ടപ്പുകളെയും സഹായിക്കുന്നതിനുള്ള വായ്പകളും ലഭ്യമാക്കുകയാണ്.
നിലവിലുള്ള സംരംഭങ്ങൾക്ക് അധിക മൂലധനം ലഭ്യമാക്കുന്ന മൂലധന വായ്പ, സംരംഭകർക്കുള്ള ടേം ലോൺ, വ്യവസായങ്ങളുടെ ആധുനീകരണത്തിനും നവീകരണത്തിനും വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനും നൽകുന്നവ ഉള്‍പ്പെടെ നിരവധി സംരംഭ വായ്പ പദ്ധതികളാണ് കെഎഫ്സി നടപ്പാക്കിവരുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി, ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വായ്പ, ചെറുകിട കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വായ്പ എന്നിവ പ്രത്യേക വായ്പകളായി നല്‍കുകയും ചെയ്യുന്നു. അതിനൊപ്പമാണ് ഇപ്പോൾ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി "ഉപകരണവായ്പ' പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നത്.
കൂടുതല്‍ മത്സരക്ഷമമാക്കാം
ചെറുകിട സംരംഭങ്ങൾ ആരംഭിച്ച് വളർച്ചയുടെ ആദ്യഘട്ടം പിന്നിടുമ്പോൾ ഉൽപ്പന്നങ്ങള്‍ക്കുള്ള ഓർഡറുകൾ വർധിക്കും. അപ്പോള്‍ തുടക്കത്തില്‍ സ്ഥാപിച്ച യന്ത്രങ്ങളും ഉപകരണങ്ങളും മതിയാകാതെ വരാം. എന്നാല്‍, പലപ്പോഴും യന്ത്രങ്ങള്‍ മാറ്റാതെ തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ച് ഉൽപ്പാദനം കൂട്ടാനായിരിക്കും സംരംഭകര്‍ ശ്രമിക്കുന്നത്. പലര്‍ക്കും ശേഷി കൂടിയ യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ടായേക്കില്ല എന്നതാണ് കാരണം. അങ്ങനെ, മികച്ച ഓർഡറുകൾ ഉണ്ടായിരിക്കുകയും അത് നിറവേറ്റുന്നതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ഇല്ലാതിരിക്കുകയും ചെയ്യുന്ന സൂഷ്മ, -ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) വിപുലീകരിക്കാനും ആധുനീകരിക്കാനും കൂടുതൽ മത്സരക്ഷമമാക്കാനും സഹായിക്കുകയാണ് ഉപകരണ വായ്പ പദ്ധതിയുടെ ലക്ഷ്യം.
വിലയുടെ 80 ശതമാനംവരെ വായ്പ
സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പയ്ക്ക് കൈവശമുള്ള ആസ്തികൾ ഈടായി നല്‍കിയവരാകും പല സംരംഭകരും. ആ വായ്പ അടച്ച് തീര്‍ക്കാതെ ഈട് വസ്തുക്കളൊന്നും മറ്റൊരു വായ്പയ്ക്കായി ഈടുവയ്ക്കാന്‍ കഴിയുകയുമില്ല. എന്നാല്‍, ഇനി ഈടില്ലാത്തതിനാല്‍ വായ്പകിട്ടാതെ സംരംഭങ്ങള്‍ മുരടിച്ചുപോകുമെന്ന ആശങ്കവേണ്ട. ഉപകരണ വായ്പയ്ക്ക് ഇതിന് സംരംഭകര്‍ യാതൊരു ഈടും നല്‍കേണ്ടതില്ല. സംരംഭകരെ സഹായിക്കുന്നതിനും സംസ്ഥാനത്ത് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ ക്രഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് ഈടില്ലാതെ വായ്പ നൽകുന്നത്. യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വിലയുടെ 80 ശതമാനംവരെ വായ്പ ലഭിക്കും. പരമാവധി അഞ്ച് കോടിവരെയാണ് നല്‍കുന്നത്.
കുറഞ്ഞ പലിശ നിരക്ക്
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ ആനൂകൂല്യത്തിന് അർഹതയുള്ള വ്യവസായങ്ങൾക്ക് അഞ്ച് ശതമാനം പലിശ നിരക്കിൽ ഉപകരണ വായ്പയും ലഭിക്കും. സംസ്ഥാനസര്‍ക്കാര്‍ ചെറുകിട സംരംഭങ്ങള്‍ക്ക് പലിശ ഇളവോടുകൂടി വായ്പ ലഭ്യമാക്കുന്നതിന് കെഎഫ്സി വഴി നടപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി. രാജ്യത്ത് ലഭ്യമായ ഏറ്റവും പലിശ നിരക്ക് കുറഞ്ഞ സംരംഭ വായ്പയാണിത്. പത്ത് ശതമാനമാണ് വായ്പയ്ക്ക് പലിശ. എന്നാല്‍, ഇതില്‍ സംരംഭകര്‍ അഞ്ച് ശതമാനം നല്‍കിയാല്‍മതി. സംരംഭകര്‍ക്കുവേണ്ടി മൂന്ന് ശതമാനം സര്‍ക്കാരും രണ്ട് ശതമാനം കെഎഫ്സിയും നല്‍കുകയാണ് ചെയ്യുന്നത്. ഏഴ് വര്‍ഷമാണ് ഉപകരണ വായ്പയുടെ തിരിച്ചടവ് കാലാവധി. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയവും ലഭിക്കും.
നേടാം 45 ശതമാനംവരെ സബ്സിഡി
ഉപകരണ വായ്പയെടുക്കുന്ന സംരംഭകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന സംരംഭക സഹായ പദ്ധതി (ഇഎസ്എസ് ) ഉപയോഗപ്പെടുത്തി മൂലധന സബ്സിഡിയും നേടാവുന്നതാണ്. 15 മുതൽ 45 ശതമാനംവരെ ഈ സ്‌കീം പ്രകാരം സബ്സിഡി ലഭിക്കും. https://ess.industry.kerala.gov.in/login എന്ന ലിങ്കിലൂടെ സബ്സിഡിക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കാന്‍ താലൂക്ക്, ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളില്‍നിന്ന് സഹായവും ലഭിക്കും.
വില നേരിട്ട് നല്‍കും
യന്ത്രങ്ങൾ വിശ്വാസ്യതയുള്ള നിർമാതാക്കളിൽനിന്നോ വിതരണക്കാരിൽനിന്നോ വാങ്ങണം. തുക കെഎഫ്സി നേരിട്ട് നിർമാതാക്കൾക്ക്/വിതരണക്കാർക്ക് നല്‍കും. പണം നേരിട്ട് യന്ത്ര നിർമാതാവിന്റെ/ വിതരണക്കാരന്റെ അക്കൗണ്ടിലേക്ക് പോകുന്നതിനാൽ സംരംഭകര്‍ വേഗത്തിൽ ഓർഡറുകൾ പുർത്തീകരിക്കാൻ കഴിയുന്നവരില്‍നിന്ന് യന്ത്രങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
അപേക്ഷിക്കാനുള്ള അര്‍ഹത
തുടർച്ചയായി മൂന്ന് വർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ളതും കഴിഞ്ഞ രണ്ടു വർഷം ലാഭം നേടുകയും പോസിറ്റീവ് നെറ്റ്‌വർത്ത് നിലനിർത്തുകയും ചെയ്യുന്ന യൂണിറ്റുകൾക്കാണ് വായ്പയ്‌ക്ക് അർഹത. ഉദ്യം, ജിഎസ്ടി രജിസ്ട്രേഷനും മുഖ്യ പ്രൊമോട്ടര്‍ക്ക് 700 നുമുകളിൽ സിബിൽ സ്കോറും ഉണ്ടായിരിക്കണം. സംരംഭത്തിന്റെ ക്രെഡിറ്റ് റേറ്റിങ് ഒന്നുമുതൽ അഞ്ചുവരെ ആയിരിക്കണം.
എങ്ങനെ അപേക്ഷിക്കാം
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ www.kfc.org എന്ന വെബ്സൈറ്റ് വഴിയോ കെഎഫ്സിയുടെ ബ്രാഞ്ചുകൾ വഴിയോ ഈ വായ്പയ്ക്ക് അപേക്ഷിക്കാം. (അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പിറവം അഗ്രോ പാർക്കിന്റെ ചെയർമാനാണ് ലേഖകൻ)










0 comments