ad
Deshabhimani

തിളക്കമേറുന്ന വെള്ളി

silver market
avatar
കെ അരവിന്ദ്

Published on Dec 16, 2025, 01:48 AM | 3 min read

2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ 
ആസ്‌തി മേഖല എന്നനിലയില്‍ വെള്ളിയുടെ 
തിളക്കമേറി. വെള്ളിയില്‍ നിക്ഷേപിച്ചവര്‍ക്ക്‌ 
സ്വര്‍ണം നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന നേട്ടം 
ലഭിച്ചു. ഡിസംബറില്‍ വില എക്കാലത്തെയും 
ഉയര്‍ന്ന നിലവാരത്തിലെത്തി


ആഗോള സാമ്പത്തിക സാഹചര്യം അതിവേഗം മാറുകയും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ പരമ്പരാഗത നിക്ഷേപങ്ങളിൽനിന്ന് പുതിയ മാർഗങ്ങളിലേക്ക് തിരിയുകയുമാണ്. ബാങ്ക് സ്ഥിരനിക്ഷേപം എന്ന എക്കാലത്തെയും ജനപ്രിയ നിക്ഷേപത്തിൽനിന്ന്‌ സമീപകാലത്തായി മലയാളികൾ ഓഹരി, മ്യൂച്വൽ ഫണ്ട് വിപണിയിലേക്കും സ്വർണത്തിലേക്കും കടന്നിട്ടുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറ ആഭരണം എന്നതിനപ്പുറം സ്വർണം നിക്ഷേപമായി തെരഞ്ഞെടുക്കുന്നു. ജ്വല്ലറികളിലോ ബാങ്കുകളിലോ പോകാതെ ഓൺലൈനായി ഡിജിറ്റൽ സ്വർണം വാങ്ങാമെന്ന സാധ്യതയാണ് അവർ ഉപയോഗപ്പെടുത്തുന്നത്. അതുപോലെ ഇപ്പോൾ വെള്ളിയിലേക്കും നിക്ഷേപകരുടെ കണ്ണെത്തിയിരിക്കുന്നു. അടുത്തകാലത്തായി വിലയിലുണ്ടായ വൻ കുതിപ്പാണ് നിക്ഷേപകരെ വെള്ളിയിലേക്ക് അടുപ്പിക്കുന്നത്.


ഡിസംബറിൽ വെള്ളിയുടെ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഒപ്പം 2025ൽ ഏറ്റവും ഉയർന്ന നേട്ടം നൽകിയ ആസ്‌തി മേഖല എന്ന നിലയിലും വെള്ളിയുടെ തിളക്കമേറി. ആഭ്യന്തര വില കിലോഗ്രാമിന്‌ രണ്ട്‌ ലക്ഷം മറികടന്നപ്പോൾ അന്താരാഷ്ട്ര വിലയും പുതിയ ഉയരത്തിലെത്തി. ട്രോയ് ഔൺസിന്‌ 64 ഡോളറിന്‌ മുകളിലേക്കാണ്‌ അന്താരാഷ്ട്ര വില ഉയർന്നത്‌. ഈ വർഷം ആദ്യം 29.60 ഡോളറായിരുന്നു. ഒരു വർഷത്തിനുള്ളിൽ 115 ശതമാനത്തിലേറെയാണ് വർധിച്ചത്. അതേസമയം സ്വർണവില ഈ വർഷം 72 ശതമാനമാണ് വർധിച്ചത്. അതായത് 2025ൽ വെള്ളിയിൽ നിക്ഷേപിച്ചവർക്ക്‌ സ്വർണം നൽകിയതിനേക്കാൾ ഉയർന്ന നേട്ടം ലഭിച്ചു.

​ഇനിയും 
കുതിക്കുമോ?


​വെള്ളി വിലയിലുണ്ടായ വർധന അസാധാരണമായതിനാൽ കുതിപ്പിന്‌ കടിഞ്ഞാൺ വീഴാൻ സാധ്യതയുണ്ടോയെന്ന ചോദ്യം നിക്ഷേപകരുടെ ഭാഗത്തുനിന്ന്‌ ഉയരുക സ്വാഭാവികമാണ്‌. വിലയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ വെള്ളി വില ദീർഘകാലാടിസ്ഥാനത്തിൽ ഉയരുന്നതിനുള്ള സാധ്യത ശക്തമായി നിലനിൽക്കുകയാണ്.


​​വ്യാവസായിക ഡിമാൻഡ്‌ > സ്വർണത്തിൽനിന്ന്‌ വ്യത്യസ്‌തമായി വ്യാവസായിക ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കുന്ന ലോഹമാണ്‌ വെള്ളി. അതിനാൽ വെള്ളി വിലയിലെ കയറ്റിറക്കങ്ങൾ നിർണയിക്കുന്നതിൽ വ്യാവസായിക മേഖലയിൽനിന്നുള്ള ഡിമാൻഡ്‌ ഒരു പ്രധാന ഘടകമാണ്‌.

​സൗരോർജ മേഖലയിൽ വലിയ ഉപയോഗമുള്ള ലോഹമാണ് വെള്ളി. ഈ മേഖല ആഗോളതലത്തിൽത്തന്നെ വൻ വളർച്ചയിലുമാണ്. ഇത് വെള്ളിയുടെ ആവശ്യകത വർധിപ്പിക്കും. അതുപോലെ ഇലക്‌ട്രിക്‌ വാഹനം, ടെലികോം തുടങ്ങിയ മേഖലകളിൽനിന്നുള്ള വെള്ളിയുടെ ആവശ്യകതയും ഉയർന്നതാണ്‌.


സ്വർണവില പിടിവിട്ട് കുതിക്കുന്നതിനാൽ ആഭരണപ്രേമികൾ വൻതോതിൽ വെള്ളിയിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. ഇങ്ങനെ വിവിധ മേഖലകളിൽ വെള്ളിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ വില ഇനിയും ഉയരാനാണ് സാധ്യത.


silver ornaments.jpg

വെള്ളി ഖനിയും ലഭ്യതയും


കഴിഞ്ഞ അഞ്ച്‌ വർഷമായി ഖനികളിൽനിന്ന് ലഭിക്കുകയും റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്യുന്ന വെള്ളിയുടെ അളവിനേക്കാൾ കൂടുതലാണ്‌ ഡിമാൻഡ്‌. ഡിമാൻഡിന് അനുസരിച്ച് ഉൽപ്പാദനം വർധിക്കുന്നുമില്ല. പുതിയ വെള്ളി ഖനികൾ അടുത്തകാലത്തൊന്നും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. അതിനാൽ വെള്ളി ഖനന വ്യവസായത്തിന്റെ മൂല്യം അടുത്ത വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിക്കുമെന്നാണ്‌ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്‌.

സ്വർണം- – വെള്ളി അനുപാതത്തിലെ അന്തരം > സ്വർണത്തിന്റെയും വെള്ളിയുടെയും വിലകൾ തമ്മിലുള്ള അനുപാതം (ഗോൾഡ്‌ –സിൽവർ റേഷ്യോ) ഈ ലോഹങ്ങൾ ചെലവേറിയതാണോ എന്ന്‌ നിർണയിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന മാനദണ്‌ഡമാണ്‌. ഒരു ഔൺസ്‌ സ്വർണം വാങ്ങുന്നതിന്‌ എത്ര ഔൺസ്‌ വെള്ളി ആവശ്യമായി വരുമെന്നതാണ്‌ ഗോൾഡ്‌ സിൽവർ റേഷ്യോ സൂചിപ്പിക്കുന്നത്‌.


​സിൽവർ–ഗോൾഡ്‌ റേഷ്യോ ഉയർന്ന നിലയിലായാൽ സ്വർണത്തേക്കാൾ ചെലവ്‌ കുറഞ്ഞതാണ്‌ വെള്ളി എന്നാണ്‌ കണക്കാക്കേണ്ടത്‌. സിൽവർ–ഗോൾഡ്‌ റേഷ്യോ നിലവിൽ 68:1 ആണ്‌. അതായത്‌ ഒരു ഔൺസ്‌ സ്വർണം വാങ്ങുന്നതിന്‌ 68 ഔൺസ്‌ വെള്ളി ആവശ്യമായി വരുന്നു.

​സ്വർണത്തിന്റെയും വെള്ളിയുടെയും വിലകൾ തമ്മിലുള്ള അനുപാതത്തിന്റെ ഇതുവരെയുള്ള ശരാശരി 50:1 ആണ്‌. ഈ നിലയിലേക്ക്‌ എത്തണമെങ്കിൽ വെള്ളിയുടെ വില ഇനിയും ഉയരേണ്ടതുണ്ട്‌. അതിനാൽ വെള്ളി വിലയിലെ ശക്തമായ മുന്നേറ്റം തുടരാൻ സാധ്യതയുണ്ടെന്നാണ്‌ സിൽവർ–ഗോൾഡ്‌ റേഷ്യോയിലെ അന്തരം നൽകുന്ന സൂചന.

ദുർബലമാകുന്ന 
ഡോളർ


ദീർഘകാലത്തേക്ക്‌ നിക്ഷേപിക്കുന്നതിനുള്ള സുരക്ഷിത നിക്ഷേപ മാർഗം എന്ന നിലയിൽ യുഎസ്‌ ഡോളറിലുള്ള നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞുവരികയാണ്‌. യുഎസിലെ പണപ്പെരുപ്പം ഉയർന്നനിലയിൽ തുടരുന്ന സാഹചര്യം ഡോളറിന്റെ മൂല്യത്തെ പ്രതികൂലമായാണ്‌ ബാധിക്കുന്നത്‌. പകരംവയ്‌ക്കാൻ നിലവിൽ വേറെ ആഗോള കറൻസി ഇല്ലെന്നിരിക്കെ സ്വർണത്തിലും വെള്ളിയിലുമുള്ള നിക്ഷേപം വർധിക്കുമെന്നാണ് കണക്കാക്കുന്നത്.


സൗദി സെൻട്രൽ ബാങ്ക്‌ അടുത്തകാലത്ത് സിൽവർ ഇടിഎഫ്‌ വാങ്ങാൻ തുടങ്ങി. മറ്റു പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളും വെള്ളിയിൽ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. ഈ പ്രവണത തുടർന്നാൽ നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള ഡിമാൻഡിലും ഗണ്യമായ വർധനയുണ്ടാകും.

​ഈ വിവിധ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളിയുടെ വില കുതിച്ചുയരുന്ന പ്രവണത തുടരുമെന്നാണ്‌ വിപണി വിദഗ്ധർ വിലയിരുത്തുന്നത്‌.

(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ഹെഡ്ജ് ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്ജ്ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ)


നിക്ഷേപിക്കാൻ സിൽവർ ഇടിഎഫ്


​ചെറുകിട നിക്ഷേപകർക്കും നിക്ഷേപത്തിൽ വെള്ളി ഉൾപ്പെടുത്താവുന്നതാണ്‌. വെള്ളിയിൽ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം സിൽവർ ഇടിഎഎഫുകളാണ്‌. ഓഹരികൾ വാങ്ങുന്നതുപോലെയാണ്‌ സിൽവർ ഇടിഎഫ്‌ യൂണിറ്റുകളും വാങ്ങുന്നത്‌. അതിനാൽ ഇതിനും ഓഹരി വ്യാപാരത്തിന്‌ ആവശ്യമായതുപോലെ ഒരു ഡീമാറ്റ്‌ അക്കൗണ്ട്‌ ആവശ്യമുണ്ട്. നിക്ഷേപകരെയും ഡിപ്പോസിറ്ററികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ബാങ്കോ ബ്രോക്കറോ പോലെയുള്ള ഒരു ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റി (ഡിപി)ലൂടെ ഇത് എളുപ്പത്തിൽ നേടാവുന്നതാണ്.



എപ്പോൾ 
വേണമെങ്കിലും 
വിൽക്കാം


സിൽവർ ഇടിഎഎഫിൽ പൊതുവിപണിയിലുള്ള വിലയിൽത്തന്നെ വെള്ളി വാങ്ങുകയും വിൽക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും വിൽക്കുകയും വീണ്ടും വാങ്ങുകയും ചെയ്യാമെന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വിവിധ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളുടെ സിൽവർ ഇടിഎഫുകൾ വിപണിയിൽ ലഭ്യമാണ്‌. ഭൗതികരൂപത്തിൽ വെള്ളി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെക്കാൾ എന്തുകൊണ്ടും സ്വീകാര്യമായ മാർഗമാണ്‌ ഇത്‌.


സിൽവർ മ്യൂച്വൽ ഫണ്ട്


മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക്‌ സിൽവർ ഇടിഎഫ്‌ ഫണ്ട്‌ ഓഫ്‌ ഫണ്ടുകൾ തിരഞ്ഞെടുക്കാം. സിൽവർ ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ്‌ സിൽവർ ഇടിഎഫ്‌ ഫണ്ട്‌ ഓഫ്‌ ഫണ്ടുകൾ. വെള്ളി വില എക്കാലത്തെയും ഉയരത്തിലെത്തി നിൽക്കുമ്പോൾ വിപണിയുടെ ഗതിനോക്കി ഘട്ടങ്ങളായി നിക്ഷേപിക്കുന്നതാണ് നല്ലത്. അതിനാൽ എല്ലാ മാസവും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി) വഴി നിക്ഷേപിക്കുന്നവർക്ക്‌ സിൽവർ ഇടിഎഫ്‌ ഫണ്ട്‌ ഓഫ്‌ ഫണ്ടുകൾ മികച്ചൊരു നിക്ഷേപ മാർഗമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home