രൂപയ്ക്ക് വൻ തകർച്ച; ഡോളറിനെതിരെ റെക്കോർഡ് ഇടിവ്

പ്രതീകാത്മക ചിത്രം
മുംബൈ: രാജ്യാന്തര വിപണിയിലെ പ്രതിസന്ധികൾക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 95.63 എന്ന നിലയിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 35 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതും രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറിന് മുകളിലെത്തി. എണ്ണവില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും വിദേശനാണ്യ ശേഖരത്തെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. തിങ്കളാഴ്ച 95.28 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ഇത് 95.57 ലേക്ക് താഴുകയും പിന്നീട് സർവകാല റെക്കോർഡ് താഴ്ചയായ 95.63 ലേക്ക് എത്തുകയുമായിരുന്നു. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കും.









0 comments