Deshabhimani

ആർബിഐ പലിശ നിരക്ക് പ്രഖ്യാപനം: റിപ്പോ നിരക്കിൽ മാറ്റമുണ്ടാകുമോ?

ീവഗ
വെബ് ഡെസ്ക്

Published on Oct 07, 2026, 06:35 AM | 1 min read

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒക്ടോബർ മാസത്തെ പണനയ പ്രഖ്യാപനം രാവിലെ 10 മണിക്ക് നടക്കും. തിങ്കളാഴ്ച ആരംഭിച്ച ധനനയ സമിതി യോഗം ഇന്ന് അവസാനിക്കും. പലിശ നിരക്ക് ഉയർത്തുമോ അതോ മാറ്റമില്ലാതെ തുടരുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.


ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കായ 'റിപ്പോ നിരക്കിൽ' 0.25% വരെ വർധന വരുത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. റിപ്പോ നിരക്ക് വർധിപ്പിച്ചാൽ ബാങ്കുകളുടെ വായ്പാ പലിശ നിരക്കുകളും വർധിക്കാൻ സാധ്യതയുണ്ട്.


നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ നാല് ധനനയ അവലോകന യോഗങ്ങളിലും നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം വർധിക്കുന്നത്, ഊർജ വിലയിലെ കയറ്റം, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക വ്യതിയാനങ്ങൾ എന്നിവ കണക്കിലെടുത്ത് ആർബിഐ റിപ്പോ നിരക്ക് 5.50% ആക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു.


അതേസമയം റിപ്പോ നിരക്ക് ഉയർത്തിയാൽ വാണിജ്യ ബാങ്കുകൾ വായ്പാ പലിശനിരക്കുകൾ വർധിപ്പിക്കാൻ നിർബന്ധിതരാകും. ഇതോടെ ഭവനം, വാഹനം, വ്യക്തിഗത വായ്പകൾ എന്നിവയുടെ പലിശനിരക്ക് വർധിക്കുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാർക്ക് തിരിച്ചടിയാവുകയും ചെയ്യും. പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്ര ബാങ്ക് നടത്തുന്ന നിരക്ക് വർധന വിപണിയിലെ ഉപഭോഗത്തെയും വായ്പാ ആവശ്യങ്ങളെയും ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home