വിപണിമൂല്യം ഇടിഞ്ഞു
print edition ഇന്ത്യൻ ഓഹരിവിപണി ഏഴാംസ്ഥാനത്ത്

കൊച്ചി : വിദേശ നിക്ഷേപകർ തുടർച്ചയായി വൻതോതിൽ നിക്ഷേപം പിൻവലിച്ചതോടെ ഓഹരിവിപണികളുടെ ആഗോള റാങ്കിങ്ങിൽ ഇന്ത്യൻ വിപണിക്ക് വീണ്ടും തിരിച്ചടി. വിപണിമൂല്യത്തിൽ ദക്ഷിണ കൊറിയ ആറാംസ്ഥാനം പിടിച്ചെടുത്ത് ഇന്ത്യൻവിപണിയെ ഏഴിലേക്ക് പിന്തള്ളി. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 4.79 ലക്ഷം കോടി ഡോളറായി താഴ്-ന്നു. കഴിഞ്ഞ ആഴ്ച 4.91 ലക്ഷം കോടി ഡോളറായിരുന്നു. ദക്ഷിണ കൊറിയയുടെ വിപണിമൂല്യം 5.01 ലക്ഷം കോടിയായി വർധിച്ചു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചതും രാജ്യത്തെ വിലക്കയറ്റവും ഇന്ത്യൻ വിപണിയുടെ തകർച്ചയ്ക്ക് കാരണമായി. ബിഎസ്ഇ സെൻസെക്സ് ഈ വർഷം ഇതുവരെ 12.72 ശതമാനവും എൻഎസ്ഇ നിഫ്റ്റി 10.48 ശതമാനവും നഷ്ടം നേരിട്ടു. അഞ്ചാംസ്ഥാനത്തായിരുന്ന ഇന്ത്യൻവിപണി ഒരാഴ്ചയ്‌ക്കുള്ളിൽ ആഗോളതലത്തിൽ രണ്ടാംതവണയാണ് താഴുന്നത്.
മെയ് അവസാന ആഴ്ച ആറാംസ്ഥാനത്തേക്ക് പിന്തള്ളി തയ്-വാൻ 4.95 ലക്ഷം കോടി ഡോളർ വിപണിമൂല്യവുമായി അഞ്ചാംസ്ഥാനത്തായി. ഒന്നിന് തയ്-വാൻ വിപണിയുടെ മൂല്യം വീണ്ടും വർധിച്ച് 5.15 കോടി ഡോളറിലെത്തി.
നിർമിതബുദ്ധി (എഐ), സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപം വൻതോതിൽ വർധിച്ചതാണ് തയ്-വാൻ, ദക്ഷിണ കൊറിയൻ വിപണികൾക്ക് കുതിപ്പേകുന്നത്. ആഗോള നിർമിതബുദ്ധി അടിസ്ഥാനസൗകര്യ നിർമാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന കൊറിയൻ കമ്പനികളായ സാംസങ് ഇലക്ട്രോണിക്സിന്റെയും എസ്‌കെ ഹൈനിക്സിന്റെയും വിപണിമൂല്യം ഒരുലക്ഷം കോടി ഡോളർ കടന്നതോടെയാണിത്.
അതേസമയം, കേന്ദ്രസർക്കാർ ഈ മേഖലയിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഇന്ത്യൻവിപണിക്ക് ഈ വിഭാഗത്തിലെ വൻകിട നിക്ഷേപകരെ ആകർഷിക്കാനാകുന്നില്ല.
79.1 ലക്ഷം കോടി ഡോളർ വിപണിമൂല്യവുമായി അമേരിക്കൻ ഓഹരിവിപണിയാണ് ലോകത്ത് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക് 16.3 ലക്ഷം കോടിയുടെയും മൂന്നാംസ്ഥാനത്തുള്ള ജപ്പാന് 8.9 ലക്ഷം കോടിയുടെയും വിപണിമൂല്യമുണ്ട്.










0 comments