ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് തകർച്ച; ചരിത്രത്തിലാദ്യമായി 96 കടന്നു; ആശങ്കയിൽ വിപണി

എ ഐ നിർമിത ചിത്രം
മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന സൂചനകൾ ശക്തമാക്കി ആഗോള വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് വൻ തകർച്ച. ഇന്ന് വ്യാപാരത്തിനിടയിൽ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 96 രൂപ കടന്ന് 96.06 എന്ന റെക്കോർഡ് താഴ്ചയിലെത്തി.
പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതുമാണ് രൂപയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചത്. വ്യാപാരത്തിനൊടുവിൽ നേരിയ വ്യത്യാസത്തിൽ 95.97 എന്ന നിലയിലാണ് രൂപ ഇന്ന് ക്ലോസ് ചെയ്തത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടി. ഇതോടൊപ്പം ആഭ്യന്തര വിപണിയിൽ ഡോളറിനായുള്ള ആവശ്യകത ഉയർന്നതും കറൻസിക്ക് മേൽ സമ്മർദ്ദമേറ്റി.
ബീജിങ്ങിൽ വെച്ച് നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനെ പറ്റി വ്യക്തമായ സൂചനകൾ ലഭിക്കാത്തത് അന്താരാഷ്ട്ര വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇതേത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഇറക്കുമതി ചെലവ് വർദ്ധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. നിലവിലെ തകർച്ചയോടെ ഈ വർഷം ഏഷ്യയിൽ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറിയിരിക്കുകയാണ്.









0 comments