കുതിപ്പ് തുടർന്ന് ഡോളർ; കിതപ്പ് മാറാതെ രൂപ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ക്രൂഡ് ഓയിൽ വില വർധനവും ഡോളർ കരുത്താർജിച്ചതും കാരണം ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 24 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ 94.39 എന്ന നിലവാരത്തിലേക്കാണ് രൂപ താഴ്ന്നത്. അന്താരാഷ്ട്ര തലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറുന്നതും രൂപയെ ബാധിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറിലേക്ക് ഉയർന്നത് ഇന്ത്യയുടെ സാമ്പത്തിക നിലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന് ഫോറെക്സ് വ്യാപാരികൾ പറയുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ 0.99 ശതമാനം ഉയർന്ന് ബാരലിന് 109.30 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതിനുപുറമെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപകർ വൻതോതിൽ മൂലധനം പിൻവലിക്കുന്നതും വിപണിയിലെ ആത്മവിശ്വാസം കുറച്ചു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ 94.35 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടർന്ന് മൂല്യം വീണ്ടും ഇടിഞ്ഞ് 94.39 എന്ന നിലയിൽ എത്തി. തിങ്കളാഴ്ച 94.15 എന്ന നിലയിലായിരുന്നു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്.










0 comments