Deshabhimani

പഴയ സ്വർണത്തിന് മികച്ച വില, പണയ സ്വർണം ഉയർന്ന വിലയിൽ വിൽക്കാം; പരസ്യങ്ങളിൽ വീണു പോകും മുൻപ് ശ്രദ്ധിക്കാം

gold
വെബ് ഡെസ്ക്

Published on Oct 08, 2026, 01:14 PM | 3 min read

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും ഉയരുന്ന പ്രധാന ചോദ്യമാണ് അത്യാവശ്യമായി പണം വേണമെങ്കിൽ സ്വർണം പണയം വയ്ക്കണോ, അതോ വിൽക്കണോ? സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ സ്വർണം പണയം വച്ച് വായ്പയെടുക്കുന്നതാണ് പലരുടേയും രീതി. ആവശ്യമായ പണം ലഭിക്കുകയും ചെയ്യും, പണം തിരിച്ചടച്ചാൽ ആഭരണം വീണ്ടും കൈയിലെത്തുകയും ചെയ്യും എന്നതാണ് സ്വർണപണയത്തിനോട് താല്പര്യം കൂടാനുള്ള പ്രധാന കാരണം. എന്നാൽ പലിശയും മറ്റ് ചാർജുകളും ചേർന്നാൽ തിരിച്ചടയ്ക്കേണ്ട തുക കൂടുമെന്നതാണ് മറ്റൊരു വശം.


ഇതിനിടെയാണ് പണയം വയ്ക്കുന്നതിനേക്കാൾ നല്ലത് സ്വർണം വിൽക്കുന്നതാണ് എന്ന ആശയവുമായി പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളുടെ പ്രചാരണം നിലവിൽ ശ്രദ്ധ നേടുന്നത്. പഴയ സ്വർണം വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന പ്രവണത അടുത്തിടെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, എല്ലാവർക്കും സ്വർണം വിൽക്കുന്നതാണ് ലാഭം എന്നല്ല അഭിപ്രായം. സ്വർണം പണയം വയ്ക്കുന്നതിനും വിൽക്കുന്നതും തമ്മിൽ ഉപഭോക്താക്കൾ മനസ്സിലാക്കാത്ത വലിയ അന്തരമുണ്ട്.


സ്വർണം പണയം വച്ചാൽ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നില്ല. വായ്പയും പലിശയും മറ്റ് ബാധകമായ ചാർജുകളും കൃത്യമായി തിരിച്ചടച്ചാൽ ആഭരണം തിരിച്ചെടുക്കുകയും ചെയ്യാം. പലിശയടക്കം തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള ശേഷിയുണ്ടെങ്കിൽ പണയം തന്നെയാണ് മികച്ച മാർഗം. എന്നാൽ, തിരിച്ചടവ് മുടങ്ങിയാൽ പണയംവച്ച സ്വർണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. മറുവശത്ത്, സ്വർണം വിൽക്കുമ്പോൾ മറ്റു ബാധ്യതയൊന്നും ഉണ്ടാകില്ല. ഉയർന്ന സ്വർണവില പലരേയും വിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാകുന്നുണ്ട്. സ്വർണം വിൽക്കുമ്പോൾ പഴയ സ്വർണത്തിന് ജ്വല്ലറികൾ നൽകുന്നത് യഥാർഥ മൂല്യം തന്നെയാണോ? പലർക്കും ഈ സംശയമുണ്ടാകും.


ജ്വല്ലറികൾ 'പഴയ സ്വർണം' വാങ്ങുമ്പോൾ


നിങ്ങളുടെ പഴയ സ്വർണത്തിന് മികച്ച വില തരുന്നു എന്ന ടാ​ഗ്‌ലൈനിലുള്ള പരസ്യങ്ങൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരം കാഴ്ചയാണ്. ഇത്തരം പരസ്യങ്ങളെ ഉപഭോക്താവിന് നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉപദേശമായി കാണരുത്. ഇതിന് പിന്നിൽ കൃത്യമായ വ്യാപാര താൽപര്യമുണ്ട്. ഉപഭോക്താക്കളിൽ നിന്ന് പഴയ സ്വർണം വാങ്ങുമ്പോൾ ജ്വല്ലറികൾക്ക് ലഭിക്കുന്ന പ്രധാന സാമ്പത്തിക ലാഭമെന്തൊക്കെയെന്ന് അറിയുമോ?


വിദേശത്തുനിന്നും സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ വലിയ തുക നികുതിയായും തീരുവയായും നൽകണം. എന്നാൽ പ്രാദേശികമായി ഉപഭോക്താക്കളിൽ നിന്ന് പഴയ സ്വർണം വാങ്ങി പുതിയ സ്വർണമാക്കി മാറ്റുമ്പോൾ ഈ നികുതി ബാധ്യത ഒഴിവാക്കാം. ഇത്തരത്തിൽ വാങ്ങുന്ന സ്വർണം ഉരുക്കി പുതിയ സ്വ‌ർണമാക്കി മാറ്റി ഉയർന്ന പണിക്കൂലിയിൽ വിൽക്കുന്നത് ജ്വല്ലറികളുടെ ലാഭം ഇരട്ടിയാക്കുന്നു.


ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നതെങ്ങനെ?


പഴയ സ്വർണം വിൽക്കാൻ പോകുന്ന സാധാരണക്കാർ പലപ്പോഴും ജ്വല്ലറികളുടെ തന്ത്രങ്ങളിൽ പെട്ടു പോവുകയാണെന്നതാണ് യാഥാർഥ്യം. പലപ്പോഴും ഈ തന്ത്രത്തിൽപ്പെട്ട് സാമ്പത്തിക നഷ്ടവുമുണ്ടാകാറുണ്ട്. പഴയ സ്വർണം ഉരുക്കുമ്പോൾ വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് ആകെ തൂക്കത്തിൽ നിന്ന് 2 ശതമാനം മുതൽ 5 ശതമാനും വരെ പല ജ്വല്ലറികളും കുറയ്ക്കാറുണ്ട്. സ്വർണം ഒരിക്കലും ബാഷ്പീകരിച്ചു പോകുന്ന ഒരു ലോഹമല്ലെന്ന കാര്യം പലർക്കും അറിയില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉരുക്കുമ്പോൾ ഇത്രയും വലിയ നഷ്ടം സംഭവിക്കില്ല എന്നതാണ് യാഥാർഥ്യം.


മറ്റൊരു കബളിപ്പിക്കലാണ് പരിശുദ്ധി കുറച്ചു കാണിക്കൽ. പലയിടത്തും സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്ന കാരറ്റ് അനലൈസർ മെഷീനുകളിൽ കൃത്രിമം നടക്കാറുണ്ട്. 22 കാരറ്റ് പരിശുദ്ധിയുള്ള, അതായത് 916 സ്വർണമാണെങ്കിൽ പോലും അത് പരിശോധനയ്ക്ക് ശേഷം 20 കാരറ്റോ അതിൽ താഴെയോ ആണെന്ന് ഉപഭോക്താവിനെ വിശ്വസിപ്പിച്ച് കുറഞ്ഞ വില മാത്രം നൽകുന്ന ജ്വല്ലറികളും നമുക്ക് ചുറ്റുമുണ്ട്.


കല്ല് വച്ച ആഭരണങ്ങൾ വിൽക്കുമ്പോൾ കല്ലിന്റെ തൂക്കം കുറയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സ്വർണത്തിലെ അഴുക്കിന്റെയും ഇനാമലിന്റെയും മറ്റും പേരിൽ അന്യായമായി തൂക്കം വെട്ടിക്കുറയ്ക്കാറുണ്ട്. ഇതുമൊരു തരത്തിൽ കബളിപ്പിക്കലാണെന്ന് ഉപഭോക്താക്കൾക്ക് അറിയില്ല.


പഴയ സ്വർണം നൽകി പകരം പണം വാങ്ങുമ്പോൾ തുകയുടെ 2 ശതമാനം മുതൽ 3 ശതമാനം വരെ ഹാൻഡിലിംഗ് ചാർജ് അല്ലെങ്കിൽ കമ്മീഷൻ ആയി പിടിക്കുന്ന പ്രവണതയും ചില ജ്വല്ലറികളിലുണ്ട്. പഴയ സ്വർണം വിൽക്കുമ്പോൾ എത്ര തൂക്കം കുറച്ചു, എത്ര രൂപയ്ക്കാണ് എടുത്തത് എന്നതൊന്നും രേഖാമൂലം ഉപഭോക്താവിന് ലഭിക്കാത്ത അവസ്ഥയുമുണ്ട്.


"നിങ്ങളുടെ പഴയ സ്വർണം തിരിച്ചെടുത്ത് വിൽക്കാം" തട്ടിപ്പുകൾ പലവിധം


ബാങ്കിലോ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിലോ പണയംവച്ച സ്വർണം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകാറുണ്ട് പലർക്കും. പലിശയും മുതലും അടച്ച് അത് തിരിച്ചെടുക്കാൻ വഴിയില്ലാതെ വിഷമിക്കുകയും ചെയ്യുന്നവരെ ആകർഷിക്കുന്നവയാണ് ഇത്തരം പരസ്യങ്ങൾ. മുഴുവൻ തുകയും പലിശയും അടച്ച് ബാങ്കിൽ നിന്ന് സ്വർണം തിരിച്ചെടുക്കാമെന്നും, ഇന്നത്തെ ഉയർന്ന മാർക്കറ്റ് വിലയ്ക്ക് അത് വിറ്റ് ബാക്കി തുക ഉടമയ്ക്ക് നൽകാമെന്നും ഇവർ മോഹനവാഗ്ദാനം നൽകുന്നു. പണമില്ലാതെ വിഷമിക്കുന്ന സാധാരണക്കാർ ഈ വാഗ്ദാനത്തിൽ പെട്ടെന്ന് വീണുപോകുകയും ചെയ്യും. ഇത് മറ്റൊരു തരം കബളിപ്പിക്കലാണ്.


പണയംവച്ച ആഭരണം വായ്പ തുക തിരിച്ചടച്ച് ഇത്തരം സ്ഥാപനങ്ങൾ തന്നെ എടുത്തു തരുന്നതിനാൽ നിങ്ങളുടെ സ്വർണത്തിന് എത്ര വില കിട്ടിയെന്ന വസ്തുത മറച്ചുവെക്കപ്പെടും. സ്വർണത്തിന് പരിശുദ്ധി തീരെ കുറവാണെന്നും, ഉരുക്കുമ്പോൾ വലിയ നഷ്ടം വരുമെന്നും പറഞ്ഞ് സ്വർണത്തിന്റെ യഥാർഥ മൂല്യത്തിന്റെ പകുതിയിലധികം തുക ചിലപ്പോൾ വെട്ടിക്കുറയ്ക്കും. ഉടമയ്ക്ക് അവർ നൽകുന്ന തുച്ഛമായ തുക വാങ്ങി മടങ്ങേണ്ടി വരും.


തീരുമാനമെടുക്കും മുൻപ് ശ്രദ്ധിക്കുക


പഴയ സ്വർണത്തിന് ഉയർന്ന വില നൽകുന്നു എന്ന ജ്വല്ലറികളുടെ പരസ്യങ്ങളിലും, അതുപോലെതന്നെ പണയ സ്വർണം തിരിച്ചെടുത്ത് ഉയർന്ന വിലക്ക് വിൽക്കാൻ സഹായിക്കുന്നു എന്ന പരസ്യങ്ങളിലും വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.


സ്വർണം വെറും ആഭരണമല്ല, പല അത്യാവശ്യ സമയങ്ങളിലും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഒരു വസ്തുവാണ്. ഉയർന്ന വിലയുള്ളതു കൊണ്ട് മാത്രം ആഭരണം പെട്ടെന്ന് വിൽക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ല. അതുപോലെ പിന്നീട് തിരിച്ചെടുക്കാം എന്ന പ്രതീക്ഷയിൽ തിരിച്ചടവ് ശേഷി ഉറപ്പാക്കാതെ പണയംവക്കുന്നതും അപകടകരമാണ്. അതിനാൽ പണയമോ വിൽപ്പനയോ എന്ന തീരുമാനമെടുക്കുന്നതിന് മുൻപ് പണത്തിന്റെ ആവശ്യം എത്രകാലത്തേക്കാണ്, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ, പണയംവച്ചാൽ ലഭിക്കുന്ന വായ്പയും മൊത്തം പലിശയും ചാർജുകളും എത്രയാണ്, വിൽക്കുമ്പോൾ ജ്വല്ലറിക്കാർ കുറയ്ക്കുന്ന തൂക്കവും ചാർജുകളും കഴിഞ്ഞ് കൈയിൽ കിട്ടുന്ന യഥാർത്ഥ തുക എത്രയാണ് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home