Deshabhimani

വിദേശ നിക്ഷേപകർ വൻതോതിൽ പിന്മാറുന്നു; ഇന്ത്യൻ ഓഹരി വിപണി സമ്മർദത്തിൽ

Stock Market Red
വെബ് ഡെസ്ക്

Published on Oct 12, 2026, 08:15 PM | 2 min read

മുംബൈ : ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതായി റിപ്പോർട്ട്. ആ​ഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധനവ് തുടരുന്നതും, രൂപയുടെ മൂല്യത്തകർച്ചയും, അമേരിക്കൻ ബോണ്ട് യീൽഡുകളിലെ വർധനവുമാണ് ഇതിന് പ്രധാനകാരണം. ഇന്ത്യൻ ഓഹരി വിപണിക്ക് മേൽ സമ്മർദം ശക്തമാകുന്നതിന്റെ സൂചനയാണിത്. വിദേശ നിക്ഷേപകർ ഈ വർഷം ഇതുവരെ 3.04 ലക്ഷം കോടി പിൻവലിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ വിൽപന സമ്മർദത്തെ തുടർന്ന് ഈ വർഷം സെൻസെക്സും നിഫ്റ്റിയും ഏകദേശം 14 ശതമാനം ഇടിഞ്ഞു.


തിങ്കളാഴ്ചയും ഓഹരി വിപണിയിൽ ഇടിവ് പ്രകടമായിരുന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം ഓഹരി വില ഇടിഞ്ഞതിന്റെ ഫലമായി വിപണിമൂല്യത്തിൽ 14.73 ലക്ഷം കോടിയുടെ കുറവുണ്ടായി. എൻഎസ്ഡിഎൽ കണക്കുകൾ പ്രകാരം ഒക്ടോബർ മാസത്തിൽ ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം വിദേശ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ ഓഹരികളിൽ നിന്ന് 44,166 കോടി പിൻവലിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ മാത്രം 35,861 കോടിയാണ് പിൻവലിച്ചത്.


2025ൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽനിന്ന് ആകെ പിൻവലിച്ചത് 1.66 ലക്ഷം കോടിയായിരുന്നു. എന്നാൽ 2026ൽ ഇതുവരെ ഓഹരി വിപണിയിൽ നിന്ന് പുറത്തേക്കൊഴുകിയ തുക അതിന്റെ ഇരട്ടിയോളമായി ഉയർന്നിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ വിൽപ്പനയ്ക്ക് എതിരായി മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ ആഭ്യന്തര സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നുണ്ടെങ്കിലും വിപണിയെ സ്ഥിരപ്പെടുത്താൻ ഈ നിക്ഷേപത്തിനാവില്ല.


അമേരിക്കയിലെ പത്തുവർഷ സർക്കാർ ബോണ്ടുകളുടെ യീൽഡ് 5.2 ശതമാനത്തിന് മുകളിലെത്തിയത് ആഗോള നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. താരതമ്യേന സ്ഥിരതയുള്ള വരുമാനം അമേരിക്കൻ ബോണ്ടുകളിൽനിന്ന് ലഭിക്കുന്നു. ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കുന്നവർക്ക് വിപണിയിലെ ചാഞ്ചാട്ടത്തിനൊപ്പം കറൻസി മൂല്യത്തകർച്ചയുടെ അപകടസാധ്യതയും നേരിടേണ്ടിവരുന്നതിനാൽ പലരും അമേരിക്കൻ ബോണ്ടുകളിലേക്ക് തിരിയുകയാണ്.


ഇന്ത്യൻ ഓഹരികളിൽനിന്ന് ലഭിക്കുന്ന ലാഭം രൂപയുടെ മൂല്യത്തകർച്ചയിലൂടെ ഡോളറിലേക്ക് മാറ്റുമ്പോൾ കുറയും. അതിനാൽ അമേരിക്കൻ ബോണ്ട് യീൽഡുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ പുതിയ നയപരമായ പദ്ധതികൾ ആവശ്യമായി വരും. ഇതിനു പുറമെ, എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓഹരികളുടെ മുന്നേറ്റം ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ ഏഷ്യൻ വിപണികളിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്ന പണം കൂടുതൽ ആകർഷകമായ അവസരങ്ങളുള്ള മറ്റ് വിപണികളിലേക്കും ഒഴുകുന്നു.


ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ നിൽക്കുന്നതും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അധിക സമ്മർദമുണ്ടാക്കുന്നുണ്ട്. വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ വില ഉയരുന്നത് ഇറക്കുമതി ചെലവും ഡോളറിനുള്ള ആവശ്യകതയും വർധിപ്പിക്കുന്നു. ഇത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നതിനൊപ്പം പണപ്പെരുപ്പ ഭീഷണിയും ഉയർത്തുന്നു. ഇന്ധനച്ചെലവ് കൂടുന്നത് ഗതാഗതം, വ്യോമയാനം, ഉല്പാദനം തുടങ്ങിയ മേഖലകളിലും ചെലവ് വർധിപ്പിക്കാം. കമ്പനികൾക്ക് ഈ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാനാകാത്ത സാഹചര്യമുണ്ടായാൽ വിലക്കയറ്റം വീണ്ടും വർധിക്കും.


ഭാവിയിലെ വരുമാന വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരുടെ വിൽപ്പനയ്ക്ക് മറ്റൊരു കാരണമാകുന്നു. ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ വിപണിക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും വിദേശ നിക്ഷേപത്തിന്റെ തുടർച്ചയായ പിൻമാറ്റം വിപണിയുടെ തിരിച്ചുവരവിന് വെല്ലുവിളിയായി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home