റഷ്യൻ കപ്പലുകളുടെ ഉപരോധം പിൻവലിക്കുമെന്ന് യുഎസ്; ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ്

ദുബായ് : പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ്. വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 41 സെന്റ് അഥവാ 0.39 ശതമാനം കുറഞ്ഞ് 105.51 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 54 സെന്റ് അഥവാ 0.55 ശതമാനം കുറഞ്ഞ് 97.43 ഡോളറിലെത്തി.
ആഗോളതലത്തിൽ ഇന്ധന വിതരണ സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായി അടിയന്തര ശേഖരത്തിൽനിന്ന് 2 കോടി ബാരലിലധികം ഡീസലും ശേഷിക്കുന്ന എണ്ണയും വിട്ടുനൽകാൻ അന്താരാഷ്ട്ര ഊർജ ഏജൻസി ധാരണയിലെത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ നിലവിലെ എണ്ണ വിതരണ പ്രതിസന്ധി മറികടക്കാനും വിലയിലെ സമ്മർദം കുറയ്ക്കാനുമാണ് പുതിയ നീക്കം.
അതേസമയം റഷ്യ, ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എണ്ണ കടത്തിയ ചില കപ്പലുകൾക്കുള്ള ഉപരോധം പിൻവലിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഷിപ്പിങ് ചെലവ് റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് യുഎസ് ഉപരോധത്തിന് ഇളവ് നൽകാൻ തീരുമാനിച്ചത്. നേരത്തെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്കുനേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായതും സൗദി അറേബ്യയും യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതും പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആഗോള എണ്ണവിതരണത്തിൽ നിർണായകമായ ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ഇന്ധനവിപണിയെ ബാധിക്കുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ വിതരണം വർധിപ്പിക്കാനുള്ള നീക്കങ്ങൾ എണ്ണവില കുറയ്ക്കാൻ സഹായിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വരും ദിവസങ്ങളിലും വിപണിയെ സ്വാധീനിച്ചേക്കാം.









0 comments