കാർഷിക മേഖലയിലേക്ക് വൻ നിക്ഷേപ സാധ്യത
ഫാം ടു ഗ്ലോബൽ മാർക്കറ്റിലേക്ക് കർഷക ഉൽപ്പാദന സഖ്യങ്ങൾ: 333 കോടിയുടെ പദ്ധതിയുമായി കേര

കേര പ്രൊഡക്ടീവ് അലയൻസ് തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന തല ശില്പശാല കേര പ്രൊജക്ട് ഡയറക്ടറും, സംസ്ഥാന കാർഷികോൽപ്പാദന കമീഷണറുമായ മിൻഹാജ് ആലം ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ ദേശീയ- അന്തർ ദേശീയ മാർക്കറ്റിലേക്ക് എത്തിക്കുവാനുള്ള ഫാം ടു ഗ്ലോബൽ മാർക്കറ്റങ് രീതികളിലേക്ക് കേരളവും. കേരളത്തിലെ ഉൽപ്പാദന കമ്പനികളും (FPC), തത്പരരായ കാർഷിക സംരംഭകരും (ABP) കേരയുമായി ഏർപ്പെടുന്ന ത്രികക്ഷി കരാർ മുഖേനയായിരിക്കും ഉത്പാദന സഖ്യങ്ങൾ നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളം 150 പ്രൊഡക്ടീവ് അലയൻസുകൾ പ്രവർത്തികമാക്കുന്നതിനായി 333 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർധനയിലൂടെ കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്തുകയും കർഷകരും സംരംഭകരും തമ്മിൽ നേരിട്ടുള്ള വിപണിബന്ധം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പ്രൊഡക്ടീവ് അലയൻസ് സംബന്ധിച്ച് കേരളത്തിലെ കർഷക ഉൽപ്പാദക കമ്പനികളുടെ പ്രതിനിധികൾക്കും കാർഷിക സംരംഭകർക്കുമായി തിരുവനന്തപുരം സമേതിയിൽ നടത്തിയ സംസ്ഥാന തല ശില്പശാല കേര പ്രൊജക്റ്റ് ഡയറക്ടറും കാർഷികോൽപ്പാദന കമീഷണറുമായ മിൻഹാജ് ആലം ഉദ്‌ഘാടനം ചെയ്തു.
അഡിഷണൽ പ്രൊജക്റ്റ് ഡയറക്ടർ കെ ഇമ്പശേഖർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് സി തമ്പി, കേര ഇഎസ്എസ് നോഡൽ ഓഫീസർ ഡോ. എസ് യമുന, കണ്ണൂർ റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ സ്മിത ഹരിദാസ്, തൃശ്ശൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ പി.ഉണ്ണിരാജൻ, കേര തൃശൂർ റീജിയണൽ പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ, സമേതി ഡയറക്ടർ പി രാഘവേന്ദ്ര, ഗ്രാന്റ് തോൺടൻ പാർട്ണർ (ജിടി) പ്രൊഫ. വി പദ്മാനന്ദ്, അസ്സോസിയേറ്റ് ഡയറക്ടർ ആശിഷ് കുമാർ, മാനേജ്‍മെന്റ് കൺസൾട്ടന്റുമാരായ രഞ്ജിത്ത് കുമാർ, ശക്തികുമാരൻ, ആർ ശ്രീകുമാർ, വി വിഷ്ണു, കരുവാരക്കുണ്ട് മലബാർ മിരിസ്റ്റിക ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ മാത്യു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ശില്പശാലയുടെ ഭാഗമായി സംഥാനത്തിന്റെ വടക്കൻ-മധ്യ മേഖലകളിലുള്ള 9 കാർഷിക ഉത്പാദന കമ്പനികളും കാർഷിക സംരംഭകരും തമ്മിലുള്ള ഉത്പാദനസഖ്യങ്ങൾ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള കരട് ബിസിനസ് പ്ലാനുകൾ രൂപീകരിച്ചു. റബ്ബർ, പഴം, പച്ചക്കറികൾ, തേങ്ങ, കൊക്കോ, നെല്ല്, വാഴപ്പഴം, മഞ്ഞൾ, ഇഞ്ചി എന്നീ കാർഷിക ഉത്പന്നങ്ങൾ കേന്ദ്രീകരിച്ചാണ് സഖ്യങ്ങൾ രൂപീകരിക്കുന്നത്.










0 comments