പിഎസ്‌സിക്കുമേലും നുണവാർത്തകൾ

Sunday Nov 1, 2020

● നുണ 1
● പിഎസ്‌സിയെ നോക്കുകുത്തിയാക്കി പുറംവാതിൽ നിയമനം നടത്തുന്നു
യാഥാർഥ്യം
എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം താൽക്കാലിക നിയമനം 2020–-21ൽ മൂന്നിലൊന്നോളമായി കുറഞ്ഞു. താൽക്കാലികമായി നിയമിച്ചത്‌ 11,674 പേരെ മാത്രം. യുഡിഎഫ്‌ ഭരണകാലത്ത്‌ താൽക്കാലിക ജീവനക്കാരുടെ എണ്ണം 2011-–-12ൽ 31,899ഉം 2012–-13ൽ 25,136ഉം ആയിരുന്നു. വിവിധ മേഖലയിൽ എൽഡിഎഫ്‌ സർക്കാർ 15000ലേറെ പുതിയ തസ്‌തിക  സൃഷ്ടിച്ചു. കമ്പനി, ബോർഡ്, കോർപറേഷൻ തുടങ്ങിയ 52 സ്ഥാപനത്തിലെ നിയമനം പിഎസ്‌സിക്ക് വിട്ട്‌ നിയമന ചട്ടം രൂപീകരിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌.

● നുണ 2
● പിഎസ്‌സിയിൽ നിയമനനിരോധനം ഏർപ്പെടുത്തിയിരുക്കുന്നു
യാഥാർഥ്യം
പിഎസ്‌സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനം നൽകിയ കാലഘട്ടമാണ് ഇത്‌. ആകെ നിയമനം ഒന്നര ലക്ഷത്തോളം. ഈവർഷം കോവിഡ്‌ പ്രതിസന്ധിയിൽപ്പോലും പിഎസ്‌സിയുടെ പ്രവർത്തനം മുടങ്ങിയില്ല. സെപ്‌തംബർവരെ അയച്ചത്‌ 20,842 നിയമനശുപാർശ. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യാൻ വകുപ്പുമേധാവികൾക്ക്‌ സർക്കാർ നിർദേശം.

● നുണ 3
● യന്ത്രം റീഡ്‌ ചെയ്യാതെ നിരസിച്ച ഒഎംആർ ഷീറ്റുകൾ മൂല്യനിർണയം നടത്താൻ 21 പേരെ നിയോഗിച്ച ആഭ്യന്തര ഉത്തരവ്‌ ചോർത്തി,  കെഎഎസ്‌ പരീക്ഷയുടെ മൂല്യനിർണയത്തിൽ ക്രമക്കേട്‌   
യാഥാർഥ്യം
യന്ത്രം നിരസിക്കുന്ന ഷീറ്റുകൾ മാനുവലായി നോക്കുന്നതോ അതിന്‌ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതോ ആദ്യമല്ല. എല്ലാ പരീക്ഷയിലും ഒഎംആർ ഷീറ്റ് സ്‌കാൻ ചെയ്യുമ്പോൾ മൂന്നു ശതമാനംവരെ യന്ത്രം നിരസിക്കാറുണ്ട്. അവ യന്ത്രസഹായമില്ലാതെ മൂല്യനിർണയം നടത്തുകയാണ്‌ പതിവ്. ഉദ്യോഗാർഥിയുടെ വിവരങ്ങളുള്ള പാർട്ട്‌ എ ഷീറ്റ് കീറിയെടുത്ത്‌ മറ്റൊരു സെക്‌ഷനിൽ സൂക്ഷിക്കും. പാർട്ട്‌ ബി ഷീറ്റ് ഫോൾസ് നമ്പരിട്ടാണ്‌ മൂല്യനിർണയത്തിന് അയക്കും. ഇത് ആരുടെയാണെന്ന്‌ കണ്ടെത്തി കൃത്രിമം നടത്താനാകില്ല.