മനോരമയുടെ പാളിപ്പോയ ഫോട്ടോഷോപ്!
Sunday Nov 1, 2020

പൂന്തുറയിൽ കോവിഡ് വ്യാപനം ശക്തമായപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ ജനങ്ങളെ തെരുവിലിറക്കിയതിനെ മനോരമ അടക്കമുള്ള മാധ്യമങ്ങൾ ആഘോഷിച്ചു. എംഎൽഎ യും കോൺഗ്രസ് നേതാക്കളുമാണ് ജനങ്ങൾ തെരുവിൽ ഒത്തുകൂടാൻ പ്രേരിപ്പിച്ചതെങ്കിലും അക്കാര്യം മറച്ചുവച്ച് സർക്കാരിനെ അടിക്കാനുള്ള വടിയാക്കി മാറ്റുകയായിരുന്നു മനോരമ. അതിനായി ചിത്രം വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും വാർത്ത സൃഷ്ടിച്ചു. “മുന്നിട്ടിറങ്ങി സിപിഎം നേതാക്കളും; പ്രതിപക്ഷമെന്ന ആരോപണം പാളി’ എന്നായിരുന്നു തലക്കെട്ട്. എന്നാൽ, പത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം പൂന്തുറക്കാർ തന്നെ വാർത്ത പൊളിച്ചടുക്കി.
ഇടതു നേതാക്കളായ ബെയ്‌ലിൻ ദാസും ബേബി മാത്യുവും സമരമുഖത്തെന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് വാർത്തയ്‌ക്ക് ബലമേകാൻ മനോരമ നൽകിയത്. കോൺഗ്രസ് നേതാക്കൾ തെരുവിലിറക്കിയ ജനങ്ങളെ പള്ളിവികാരി, ഡിസിപി എന്നിവർക്കൊപ്പം ചേർന്ന് അനുനയിപ്പിക്കാനാണ് ഇടതു നേതാക്കൾ മുന്നിട്ടിറങ്ങിയത്. ഇവരുടെ ചിത്രം വെട്ടിമാറ്റി സമരക്കാർക്കൊപ്പമാക്കി ഫോട്ടോഷോപ് അഭ്യാസമാണ് മനോരമ പുറത്തെടുത്തത്. എന്നാൽ, യഥാർഥ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് മനോരമയുടെ ദുഷ്ടലാക്ക് പുറംലോകം അറിഞ്ഞത്.
ബെയ്‌ലിൻ ദാസ് പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പവും നിന്ന് ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങളാണ് പത്രം വ്യാജഅടിക്കുറിപ്പോടെ വായനക്കാരിലെത്തിച്ചത്. വി എസ് ശിവകുമാർ എംഎൽഎയും കോൺഗ്രസ് നേതൃത്വവും പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുക മാത്രമല്ല, ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ആക്രമിക്കാനും തയ്യാറായി. എന്നാൽ, അടുത്ത ദിവസം വസ്‌തുത മനസ്സിലാക്കിയ പൂന്തുറക്കാർ ആരോഗ്യ പ്രവർത്തകരെ പുഷ്‌പവൃഷ്ടിയോടെയാണ് പൂന്തുറയിലേക്ക് ആനയിച്ചത്.