നുണയാണ്‌ സാറെ ഞങ്ങടെ മെയിൻ; പപ്പടത്തെപ്പോലും വെറുതെ വിട്ടില്ല

Sunday Nov 1, 2020

ഡിജിറ്റൽ ‘വ്യാജ ഒപ്പ്‌’

മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടു എന്നൊരു പൊയ്‌വെടി ബിജെപി നേതാവ് വാർത്താ സമ്മേളനത്തിൽ വച്ചു. മുമ്പും പിമ്പും നോക്കാതെ മാധ്യമങ്ങൾ നിറഞ്ഞാടി. മുഖ്യമന്ത്രി ഇ ഫയലിൽ ഡിജിറ്റൽ ഒപ്പിടുമെന്ന് 2018 സെപ്‌തംബർ രണ്ടിന് വാർത്ത നൽകിയ മനോരമതന്നെ, സ്വന്തം വാർത്തയെ തള്ളി 2020 സെപ്‌തംബർ മൂന്നിന് ചാനൽ ചർച്ച നടത്തി.

"വിവാദ വിൽപ്പനയാണോ നിങ്ങളുടെ തൊഴിൽ'

ഹാഥ്‌രസ്‌ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട്‌ നടി അമല പോൾ ഇസ്റ്റഗ്രാമിൽ ഒരു പ്രതികരണം പങ്കുവച്ചിരുന്നു. എന്നാൽ, ഇതു പൂർണമായി വളച്ചൊടിച്ച്‌ വാർത്ത നൽകിയതിനെതിരെ താരം രംഗത്ത്‌ വന്നു. മലയാള മനോരമയെ പേരെടുത്തു വിമർശിച്ച അമല വിവാദ വിൽപ്പനയാണോ നിങ്ങളുടെ തൊഴിൽ എന്നും ചോദിച്ചു.

ഇ പിയുടെ ഭാര്യയുടെ ‘ക്വാറന്റൈൻ’


മന്ത്രി ഇ പി ജയരാജന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു സെപ്‌തംബർ 14ന്‌ മനോരമയിലെ മുഖ്യവാർത്ത. ‘ദുരൂഹ ഇടപാട്‌: മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ചെത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടിൽ വന്ന വാർത്തയിൽ സത്യത്തിന്റെ കണികപോലുമില്ലായിരുന്നു. ‘മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ച്‌ കേരളബാങ്ക്‌ കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട്‌ നടത്തിയത്‌ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നു’ എന്നായിരുന്നു വാർത്തയുടെ തുടക്കം. പൊലീസ്‌ കേസെടുക്കാവുന്ന പ്രോട്ടോകോൾ ലംഘനമെന്ന്‌ കടുപ്പത്തിൽത്തന്നെ തട്ടി. ജയരാജന്റെ ഭാര്യക്ക്‌ കോവിഡ്‌ പ്രോട്ടോകോൾ അനുസരിച്ച്‌ ക്വാറന്റൈനിൽ പോകേണ്ട കാര്യമില്ലായിരുന്നു. കേന്ദ്രസർക്കാർതന്നെ നിശ്ചയിച്ച കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ അവർ ‘അസുഖ ലക്ഷണമില്ലാത്ത‌ സെക്കൻഡറി കോൺടാക്ട്’‌ എന്ന വിഭാഗത്തിലാണ്‌ വരിക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച്‌ വീട്ടിലോ ഓഫീസിലോ ജോലി ചെയ്യുന്നതിന്‌ നിരോധവുമില്ല.പപ്പടത്തെയും വെറുതെ വിട്ടില്ല

സംസ്ഥാന സർക്കാർ വിതരണം ചെയ്‌ത സൗജന്യ ഓണക്കിറ്റിനെയും മനോരമ വെറുതെ വിട്ടില്ല. സർക്കാരിനെ ലക്ഷ്യമിട്ട്‌ ദുഷ്ടലാക്കോടെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന്‌ വാർത്ത നൽകി. എന്നാൽ, 20 ദിവസത്തിനുശേഷം മനോരമയ്‌ക്കുതന്നെ വാർത്ത തിരുത്തേണ്ടി വന്നു.

അബ്ദുള്ളക്കുട്ടിയുടെ കാറപകടം

ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ കാർ കോട്ടക്കൽ രണ്ടത്താണിയിൽ അപകടത്തിൽ പെട്ടപ്പോൾ മനോരമ നൽകിയ കാറിന്റെ ചിത്രം മുകളിൽ. ദ ഹിന്ദു പ്രസിദ്ധീകരിച്ച കാറിന്റെ ചിത്രം താഴെ. ശരിക്കും ഏത് കാറാണ് എന്നറിയാൻ വായനക്കാരൻ മറ്റൊരു മാധ്യമത്തെക്കൂടി ആശ്രയിക്കണം.

കള്ളം വിൽപ്പനയ്‌ക്ക് വയ്‌ക്കല്ലേ

തങ്ങൾ മനസ്സിൽപ്പോലും ഉദ്ദേശിക്കാത്ത കാര്യം ഇക്കിളിപ്പെടുത്തുന്ന ശൈലിയിൽ മനോരമ പ്രസിദ്ധീകരണം  "വനിത' അച്ചടിച്ചുവച്ചപ്പോൾ നടൻ റോഷനും നടി ദർശനയും സാമൂഹ്യ മാധ്യമങ്ങളിൽ പരാതിപ്പെട്ടു. "സീ യൂ സൂൺ' എന്ന സിനിമയിലെ ജോടികളായ താരങ്ങളെ ഒന്നിച്ചിരുത്തിയായിരുന്നു മനോരമയിലെ ഇക്കിളിപ്പെടുത്തൽ. ഇന്റർവ്യൂവിനെതിരെ താരങ്ങൾ രൂക്ഷമായി പ്രതികരിച്ചപ്പോൾ ഫീച്ചർ തയ്യാറാക്കിയ ലേഖികയെ ഇറക്കി ഇരവാദം മുഴക്കുകയായിരുന്നു മനോരമ. മുമ്പ് ഇത്തരത്തിൽ ഇക്കിളിപ്പെടുത്തലും വ്യക്തിഹത്യ നടത്തലും മനോരമ നിർബാധം നടത്തുമ്പോൾ പ്രതികരിച്ചാൽ, അതാരും അറിയാറില്ല.
സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ, വരമ്പത്തുതന്നെ മറുപടി കിട്ടുന്ന അവസ്ഥയായി.

വീടാക്രമണ നാടകം; അഥവ മകന്റെ "വിദ്യ'

വെഞ്ഞാറമൂട് ഇരട്ടക്കൊലയ്‌ക്കുശേഷം തിരുവനന്തപുരം ജില്ലയിലുണ്ടായ അക്രമത്തിൽ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനും വ്യാപക മാധ്യമശ്രമമുണ്ടായി. അതിലൊരു നിർമിതകഥയായിരുന്നു കോൺഗ്രസ് വനിതാ നേതാവിന്റെ വീടാക്രമണം. കോൺഗ്രസ് നേതാക്കൾ നിരനിരയായി വന്ന് കണ്ണീരൊഴുക്കി. കേസ് അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. കോൺഗ്രസ് നേതാവിന്റെ മകൻതന്നെ സ്വന്തം വീട് എറിഞ്ഞ്‌ തകർക്കുകയായിരുന്നു. സത്യം വെളിച്ചത്തായപ്പോൾ മനോരമയ്‌ക്കത് കോൺഗ്രസ് നേതാവിന്റെ മകന്റെ വെറും ‘വിദ്യ'മാത്രമായി.

അയൽവാസി ആയാലുംമതി

കോൺഗ്രസുകാരനാണെങ്കിൽ രാഷ്‌ട്രീയമില്ല. പ്രതി സിപിഐ എമ്മുകാരന്റെ അയൽവാസിയാകുമ്പോൾ അത്‌ തലക്കെട്ടിൽവരെ വരണം.