ഞങ്ങൾക്ക്‌ എന്ത്‌ ലൈഫ്‌!; കിടപ്പാടവും മുടക്കും

Sunday Nov 1, 2020

‘ലൈഫ്‌’ എന്നാൽ തലചായ്‌ക്കാനിടമില്ലാത്ത ലക്ഷങ്ങൾക്ക്‌ അടച്ചുറപ്പുള്ള ഭവനം ഒരുക്കുന്ന പദ്ധതിയാണ്‌. രണ്ടര ലക്ഷത്തോളം നിരാലംബർക്കാണ്‌ സർക്കാർ അടച്ചുറപ്പുള്ള വീടൊരുക്കിയത്‌. എന്നാൽ വടക്കാഞ്ചേരി ഭവന സമുച്ചയം നിർമാണത്തിന്‌ കരാർ കമ്പനി കമീഷൻ നൽകിയെന്ന്‌ ആരോപിച്ച്‌ ഈ മഹത്തായ  പദ്ധതി തകർക്കുകയാണ്‌ ചില മാധ്യമങ്ങൾ. ഇതിനായി മാധ്യമങ്ങൾ വടക്കാഞ്ചേരി ഭവന സമുച്ചയത്തെ വിട്ട്‌ ലൈഫ്‌ അഴിമതി എന്ന്‌ പാടി. ഒടുവിൽ ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടി നേരിട്ടപ്പോഴും തിരുത്താൻ തയ്യാറായില്ല.

വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ യുഎഇ ആസ്ഥാനമായ റെഡ്‌ ക്രസന്റുമായാണ്‌ ലൈഫ്‌ കരാർ ഒപ്പിട്ടത്‌. റെഡ്‌ ക്രസന്റ്‌ നേരിട്ട്‌ ഭവന സമുച്ചയം നിർമിക്കുമെന്നായിരുന്നു വാഗ്‌ദാനം. അതനുസരിച്ച്‌ യൂണിടാക്‌, സൈൻ വെൻച്വേർസ്‌ എന്നിവയുമായി റെഡ്‌ ക്രസന്റ്‌ നിർമാണ കരാർ ഒപ്പിട്ടു. ഇതിൽ യൂണിടാക്‌ കമ്പനി സ്വപ്‌ന , സന്ദീപ്‌ നായർ ഉൾപ്പെടെയുള്ളവർക്ക്‌ കമീഷൻ നൽകിയെന്നാണ്‌ പരാതി. ഈ പരാതിയിൽ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചു. അതിനിടെ കോൺഗ്രസ്‌ എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ സിബിഐ കേസെടുത്തു.

ഈ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയി. ലൈഫിനെ പ്രതി ചേർത്തത്‌ തെറ്റാണെന്ന്‌ ഹൈക്കോടതി വിധിച്ചു. മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ നുണക്കോട്ട ഇതോടെ തകർന്നു. സർക്കാരിന്റെ നാല്‌ മിഷനുകളിൽ ഒന്നാണ്‌ ലൈഫ്‌ പദ്ധതി. ഈ പദ്ധതി തകർക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതിന്‌ ലഭിച്ച ആയുധമായിരുന്നു വടക്കാഞ്ചേരി ഭവന സമുച്ചയം.