നുണകള്‍ വീഴും നമ്മള്‍ വാഴും: മാധ്യമനുണകളുടെ പെരുമഴക്കാലം

Sunday Nov 1, 2020

ചരിത്രത്തിൽ ഒരിക്കലും ദൃശ്യമാകാത്ത മാധ്യമനുണകളുടെ പെരുമഴക്കാലമാണിത്‌. ഇല്ലാക്കഥകളും മൊഴികളും മെനഞ്ഞെടുത്ത്‌ സംസ്ഥാന സർക്കാരിനെതിരായ രാഷ്‌ട്രീയക്കളിക്ക്‌ പ്രതിപക്ഷത്തിനും ബിജെപിക്കും എരിവും വീര്യവും പകരുകയാണ്‌ മാധ്യമങ്ങൾ. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ നുണക്കോട്ടകൾ കെട്ടിയുയർത്താനുള്ള വല്ലാത്ത ആവേശമാണ്‌. പത്രങ്ങളും ചാനലുകളും അതിന്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. എല്ലാവരുടെയും  ലക്ഷ്യം ഒന്നാണ്‌. സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെ തമസ്‌കരിക്കുകയും തൂണിലും തുരുമ്പിലും സർക്കാർവിരുദ്ധ വാർത്തകൾ കുത്തിനിറയ്‌ക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ്‌ വലിയ വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമുള്ളത്‌.

എത്രയെത്ര കുരുക്കക, എത്രയെത്ര സൂചനകൾ...

സ്വർണക്കടത്ത്‌ കേസിന്റെ തുടക്കംമുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അതുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മാധ്യമങ്ങൾ. അന്വേഷണ ഏജൻസികൾ അതിൽ നിരാശരായിട്ടും തളരാതെ മുന്നേറുകയാണ്‌ ചില മാധ്യമങ്ങൾ. പ്രതികളുടെ മൊഴികളെ ആധാരമാക്കി വ്യാഖ്യാനങ്ങളും പൊടിപ്പും തൊങ്ങലും ചാർത്തി നിരന്തരം അവതരിപ്പിച്ചു‌. മുഖ്യമന്ത്രിയെവരെ നുണക്കഥകളുടെ ‘കുരുക്കി’ലാക്കി. ഭാവനകൾ പീലിവിടർത്തിയാടിയ നിർമിതകഥകളിൽ ‘സൂചന’കളുടെയും ‘അറിയുന്നു’കളുടെയും കൂമ്പാരം തീർത്തു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും നിരത്തുന്ന നുണകൾ ഉപ്പുതൊടാതെ ഇപ്പോഴും വിഴുങ്ങുകയാണ്‌ പത്രങ്ങളും ചാനലുകളും.  അതിന്റെ അടിസ്ഥാനത്തിൽ ചാനലുകളിൽ രാത്രി ചർച്ചകൾക്ക്‌ വട്ടം കൂട്ടുന്നു. ചർച്ചയ്‌ക്കിരിക്കുന്ന നിരീക്ഷക വേഷങ്ങൾക്കാകട്ടെ, പ്രഖ്യാപിത സിപിഐ എം വിരുദ്ധതമാത്രം കൈമുതൽ!

ഇനിയും വിളി വരാത്ത മുഖ്യമന്ത്രിയുടെ ഓഫീസ്‌

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടിയത്‌ ജൂലൈ അഞ്ചിനാണ്‌. സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ വിളിച്ചുവെന്നായിരുന്നു ആദ്യത്തെ കള്ളവാർത്ത. കെ സുരേന്ദ്രന്റെ ആരോപണം അതേപടി മനോരമയും മാതൃഭൂമിയും ചാനലുകളും ഏറ്റെടുത്ത്‌ സ്വന്തം നിലയ്‌ക്ക്‌ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഒരാളും വിളിച്ചിട്ടില്ലെന്ന്‌ കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമീഷണർതന്നെ വെളിപ്പെടുത്തിയിട്ടും പച്ചക്കള്ളം മുള്ളുംമുനയുംവച്ച്‌ ഇപ്പോഴും ആവർത്തിക്കുന്നു‌. അതേസമയം, അക്കാര്യം വ്യക്തമാക്കിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ മണിക്കൂറുകൾക്കുള്ളിൽ നാഗ്‌പുരിൽേക്ക്‌ സ്ഥലം മാറ്റി; ഇക്കാര്യം ഈ മാധ്യമങ്ങൾക്കും വാർത്തയായില്ല. ഒരു ചാനലും ചർച്ചചെയ്‌തില്ല.  
കസ്റ്റംസ്‌ പിടിച്ചെടുത്തത്‌ നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ എഴുതിക്കൊടുക്കാൻ സ്വപ്‌ന സുരേഷിന്‌ നിർദേശം നൽകിയ ആർഎസ്‌എസ്‌ ചാനൽ മേധാവി അനിൽ നമ്പ്യാരെ കേന്ദ്ര ഏജൻസികൾ കണ്ട ഭാവമില്ല. സ്വപ്‌നയുമായി ഇദ്ദേഹത്തിനുള്ള വഴിവിട്ട ഇടപാടുകളും ആരും ചികഞ്ഞുനോക്കുന്നില്ല. നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ ആവർത്തിച്ച്‌, നിരന്തരം വാദിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരനോട്‌ അങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ ആരും തിരക്കുന്നില്ല;  അന്വേഷണ ഏജൻസികൾക്കും അതിൽ താൽപ്പര്യമില്ല. സർക്കാർവിരുദ്ധ വാർത്തകളിൽ അഭിരമിക്കുന്ന മാധ്യമങ്ങൾ ഇവിടെയും കടുത്ത മൗനത്തിലാണ്‌.
യുഎഇ കോൺസുലേറ്റിൽ പ്രതിപക്ഷനേതാവ്‌ സന്ദർശനം നടത്തിയതും സ്വപ്‌ന സുരേഷിനെ അദ്ദേഹം ഒരുക്കിയ ഇഫ്‌താറിന്‌ ക്ഷണിച്ചതും മാധ്യമങ്ങൾ കണ്ടില്ല. കസ്റ്റംസ്‌ ക്ലിയറൻസ്‌ നൽകി വിട്ടുകൊടുത്ത ഖുർആൻ, യുഎഇ കോൺസുലേറ്റ്‌ ആവശ്യപ്പെട്ട  പ്രകാരം വിതരണംചെയ്‌ത മന്ത്രി കെ ടി ജലീലിന്റെ നടപടി നിരന്തരം ചർച്ചയാക്കി.

കത്തിയത്‌ തീയല്ല, പുക

സെക്രട്ടറിയറ്റിലെ തീപിടിത്തമാണ്‌  സർക്കാരിനെതിരെ പുകമറ തീർക്കാൻ തെരഞ്ഞെടുത്ത മറ്റൊരു സംഭവം. ഫയലുകൾ കത്തിച്ചതാണെന്ന്‌ ബിജെപി പ്രസിഡന്റ്‌ സുരേന്ദ്രനും പിന്നാലെ ചെന്നിത്തലയും ആരോപിച്ചു. ഒപ്പംചേർന്ന്‌ മാതൃഭൂമിയും മനോരമയും പച്ചക്കള്ളം പ്രചരിപ്പിച്ചു. തലസ്ഥാനം കത്തിയെരിഞ്ഞുവെന്നാണ്‌ അന്ന്‌ മാതൃഭൂമി ഒന്നാംപേജിൽ അലങ്കരിച്ചത്‌. എൻഐഎ ആവശ്യപ്പെട്ട ഫയലുകൾ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ കത്തിച്ചുവെന്നാണ്‌ പ്രചാരണത്തിന്റെ മുന. അത്‌ പൂർണമായും പൊളിഞ്ഞിട്ടും അപൂർണമായ പരിശോധനാ റിപ്പോർട്ടുകളുടെ മറപിടിച്ച്‌ ഇപ്പോഴും നുണ ആവർത്തിക്കുന്നു. എന്നാൽ, ആവശ്യപ്പെട്ട രേഖകൾ എല്ലാം കിട്ടിയെന്ന എൻഐഎയുടെ സാക്ഷ്യപത്രം പത്രങ്ങളിൽ‌ വാർത്തയേയായില്ല.
കേരളത്തിൽമാത്രം

സർക്കാരിന്റെ വൻ വികസനപദ്ധതികൾപോലും ജനങ്ങളിൽനിന്ന്‌ മൂടിവയ്‌ക്കാനാണ്‌ പത്രങ്ങളും ചാനലുകളും നിരന്തരം പുകമറ സൃഷ്ടിക്കുന്നത്‌.  സൗജന്യ കോവിഡ്‌ ചികിത്സ ഇന്ത്യയിൽ കേരളത്തിൽമാത്രം. എല്ലാമാസവും  സൗജന്യഭക്ഷ്യ കിറ്റ്‌ കേരളത്തിൽമാത്രം, എല്ലാ മാസവും 20ന്‌ ക്ഷേമ പെൻഷൻ നൽകുന്നത് കേരളത്തിൽമാത്രം‌, നൂറുകണക്കിന്‌ സ്‌കൂളുകൾക്ക്‌ ഹൈടെക്‌ മന്ദിരങ്ങൾ നിർമിച്ചതും കേരളത്തിൽമാത്രം. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ പഠനം സമൃദ്ധമായി മുന്നേറുന്നത്‌ കേരളത്തിൽമാത്രം, കോവിഡിനെ കൂസാതെ കുട്ടികളുടെ സ്‌കൂൾ ഫൈനൽ പരീക്ഷ നടത്തിയത്‌ കേരളത്തിൽമാത്രം, രണ്ടര ലക്ഷം കുടുംബങ്ങൾക്ക്‌ സ്വന്തം വീട്‌ എന്ന സ്വപ്‌നം സാക്ഷാൽക്കരിച്ചതും കേരളത്തിൽമാത്രം... തീർന്നില്ല, ഇതെല്ലാം ഉൾപ്പേജിൽ ഒറ്റക്കോളം വാർത്തയാക്കി, പെരുംനുണകൾ വെണ്ടയ്‌ക്ക നിരത്തുന്ന മാധ്യമങ്ങളുള്ളതും കേരളത്തിൽമാത്രം!!! •

തൊട്ടുപോലും നോവിക്കില്ല അവരെ


■ കൊച്ചിയിലെ യുവതിയെ ദുബായിലെ രാജ്യാന്തര സമ്മേളനത്തിൽ ഒപ്പം കൂട്ടിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ  പ്രോട്ടോകോൾ ലംഘനം. (മനോരമയും മാതൃഭൂമിയും ഇക്കാര്യം ഒന്നാം പേജ്‌ വാർത്തയാക്കാതിരിക്കാൻ  ശ്രദ്ധിച്ചു)
■ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌‌ നൽകാനായി സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷ്‌ ഐ ഫോൺ ആവശ്യപ്പെട്ടുവെന്ന സന്തോഷ്‌ ഈപ്പന്റെ വെളിപ്പെടുത്തൽ
■ മുസ്ലിംലീഗ്‌ എംഎൽഎമാരായ ഇബ്രാഹിം കുഞ്ഞിന്റെ പാലാരിവട്ടം പാലം അഴിമതി
■ ചന്ദ്രിക പത്രത്തിലെ കള്ളപ്പണം വെളുപ്പിക്കൽ  
■ ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ 150 കോടിയുടെ ജ്വല്ലറി തട്ടിപ്പ്‌
■ ലീഗ്‌ എംഎൽഎ കെ എം ഷാജിയുടെ കോഴ ഇടപാടും കള്ളപ്പണ സമ്പാദ്യവും
■ കോൺഗ്രസ്‌ എംഎൽഎ പി ടി തോമസിന്റെ കള്ളപ്പണമിടപാട്‌
■ ചട്ടംലംഘിച്ച്‌ കോൺഗ്രസ്‌ എംഎൽഎ  വി ഡി സതീശൻ  വിദേശ സംഭാവന സ്വീകരിച്ചത്‌
■ സതീശന്റെ സാമൂഹ്യമാധ്യമങ്ങളിലെ അശ്ലീല തെറിവിളി
■ കുമ്മനം രാജശേഖരൻ ഉൾപ്പെട്ട സാന്പത്തിക തട്ടിപ്പ്‌.