ad
Deshabhimani

ഡിഎൻഎ
പരിശോധന എന്നാൽ

dna
avatar
ഡോ. അബേഷ്‌ രഘുവരൻ

Published on May 01, 2026, 08:16 AM | 2 min read

കൊലക്കേസുകളിൽ കുറ്റവാളി ആരെന്ന് കണ്ടെത്തുന്നതിനും മൃതദേഹം തിരിച്ചറിയാനും പിതൃത്വം, മാതൃത്വം എന്നിവ ഉറപ്പിക്കാനും ഇന്ന് അവസാനവാക്കാണ് ഡിഎൻഎ ടെസ്റ്റുകൾ


​ജീവന്റെ ആധാരം


മനുഷ്യരുടെ ഡിഎൻഎയിൽ 99 ശതമാനം ഭാഗവും ഒരുപോലെ ആയിരിക്കും. ബാക്കിവരുന്ന ഒരു ശതമാനത്തിൽ ഉണ്ടാകുന്ന വ്യത്യാസമാണ് ഓരോരുത്തരുടെയും ഐഡന്റിറ്റി. അതിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഡിഎൻഎ പരിശോധനകളിൽ നിർണായകമാകുന്നത്. ഡിഎൻഎ ജീവിതത്തിന്റെ അടിസ്ഥാനമെന്നോ ജീവിതത്തിന്റെ രൂപരേഖയെന്നോ ജീവന്റെ രൂപമെന്നോ ഒക്കെ വിലയിരുത്താം. ഒരു ജീവിയുടെ വളർച്ചയ്‌ക്കും വികാസത്തിനും പ്രത്യുൽപ്പാദനത്തിനും അതിജീവനത്തിനുമൊക്കെ ആവശ്യമായ ജനിതകസന്ദേശങ്ങൾ അടങ്ങിയിരിക്കുന്നത് ഇവയിലാണ്. ജീനുകളാൽ നിയന്ത്രിക്കപ്പെടുന്ന പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന "പ്രോട്ടീൻ സിന്തസിസ്' എന്ന പ്രക്രിയയാണ് ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ശരീരത്തിനുള്ളിലെ എല്ലാ രാസപ്രവർത്തനങ്ങളും പ്രതികരണങ്ങളും നടത്തുന്നത് ഈ പ്രോട്ടീനിൽനിന്ന് ഉടലെടുക്കുന്ന എൻസൈം ആണ്.


ഡിഎൻഎയെക്കൂടാതെ ആർഎൻഎ എന്നുവിളിക്കുന്ന റൈബോ ന്യൂക്ലിക് ആസിഡുകൾ കൂടെയുണ്ട്. ഡിഎൻഎയും പ്രോട്ടീൻ സിന്തസിസും തമ്മിലുള്ള പാലമായി ആർഎൻഎയെ കണക്കാക്കുന്നു. ഡിഎൻഎയിൽ രണ്ട് ഇഴകളാണ് കാണുന്നതെങ്കിൽ, ആർഎൻഎ ഒറ്റ ഇഴയിൽ കാണപ്പെടുന്നു. ഡിഎൻഎയിൽ തൈമിൻ ന്യൂക്ലിയോടൈഡിന് പകരമായി ആർഎൻഎയിൽ യുറാസിൽ കാണപ്പെടുന്നു. ഡിഎൻഎയിൽനിന്നുള്ള വിവരങ്ങളനുസരിച്ച്‌ ആർഎൻഎ അമിനോ ആസിഡും എൻസൈമുമൊക്കെ ചേർത്ത് പ്രോട്ടീൻ ഉണ്ടാക്കുന്നു. ഈ പ്രക്രിയയെ സഹായിക്കുന്നത് മെസഞ്ചർ ആർഎൻഎ ആണ്.


എക്സ്, വൈ


ഡിഎൻഎയിലെ നാല് ന്യൂക്ലിയോടൈഡുകൾ കൃത്യമായ മാതൃകയിൽ അടുക്കിവച്ചാൽ അത് പൂർണമായ ഒരു ജനിതകസന്ദേശമാകും. അതിൽ നമ്മുടെ ഏതെങ്കിലുമൊരു സ്വഭാവം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിൽ പതിനായിരക്കണക്കിന് ജീനുകൾ ചേർന്നാണ് ഒരു ക്രോമസോം ആകുന്നത്. മനുഷ്യരിൽ 23 ജോഡി ക്രോമസോമുകളാണ് ഉള്ളത്. അതായത് മുഴുവൻ 46 ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്ന ഒരു വിവരശൃംഘലയാണ് മനുഷ്യന്റെ ജീനോം. ഇത്‌ നമുക്ക് ലഭിക്കുന്നത് അച്ഛനമ്മമാരിൽനിന്നാണ്. അതായത് ഒരു ഭാഗം അമ്മയിൽനിന്നും ഒരു ഭാഗം അച്ഛനിൽനിന്നും. പുരുഷനിലെ ബീജവും സ്ത്രീയിലെ അണ്ഡവും 23 ക്രോമസോമുകൾ വീതമുള്ള ഒരു ഭാഗം വഹിക്കുന്നു. അതിൽ 22 എണ്ണം ഓട്ടോസോമുകളാണ്. ഇരുപത്തി മൂന്നാമത്തെയാകട്ടെ ഒന്നുകിൽ എക്സ് (X) അല്ലെങ്കിൽ വൈ (Y) ക്രോമസോമുകൾ ആയിരിക്കും. ആ ക്രോമസോമുകളെ എക്‌സ് ക്രോമസോമുകൾ എന്നും സെക്‌സ് ക്രോമസോമുകൾ എന്നും വിളിക്കുന്നു. അതാണ് അവർക്കുണ്ടാകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് നിർണയിക്കുന്നത്. പെൺകുട്ടിക്ക്‌ അച്ഛനമ്മമാരിൽനിന്ന് X ക്രോമസോമുകൾ ലഭിക്കുമ്പോൾ, ആൺകുട്ടിക്ക്‌ അമ്മയിൽനിന്ന് X ക്രോമസോമും അച്ഛനിൽനിന്ന് Yക്രോമസോമും ലഭിക്കുന്നു.


എങ്ങനെ


കോശത്തിൽ അടങ്ങിയിരിക്കുന്ന ജീനോമിന്റെ പകർപ്പ്‌ ലഭിച്ചാൽ നമ്മുടെ ഐഡന്റിറ്റിയും നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിവരവുമൊക്കെ ലഭിക്കും. ഇത്തരത്തിൽ പലതരം ഡാറ്റകളുടെ കലവറയായ ഡിഎൻഎ പരിശോധന നടത്തുകവഴി ഓരോരുത്തരുടെയും പ്രത്യേകത മനസ്സിലാക്കി, അവയിലെ സമാനതകൾ കണ്ടെത്തി ഒരു തീരുമാനത്തിൽ എത്താനും കഴിയും. സാമ്പിൾ ശേഖരണം, ലൈസിസ്, വേർതിരിക്കൽ, കോപ്പിയിങ്, ടെസ്റ്റിങ്, മാച്ചിങ് എന്നിങ്ങനെ ആറ് ഘട്ടത്തിലൂടെയാണ്‌ ഡിഎൻഎ പരിശോധന നടക്കുക.


പരിശോധനയ്ക്ക് ആവശ്യമായ വ്യക്തിയുടെ രക്തം, മുടി, വിയർപ്പ്, മൂത്രം, ബീജം എന്നിങ്ങനെ എന്തും ശേഖരിക്കാം. മരണം സംഭവിച്ച വ്യക്തികളുടെ ആണെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറാകും ആവശ്യമായ സാമ്പിൾ ശേഖരിച്ചുനൽകുക. ലൈസിസിൽ ഡിഎൻഎ കോശത്തെ കോശസ്തരങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ലഭിച്ച ഡിഎൻഎ ഇലക്ട്രോഫോറസിസ് എന്ന യന്ത്രസഹായത്തോടെ വേർതിരിച്ചെടുക്കും. ഇവയുടെ കൂടുതൽ പതിപ്പുകൾ എടുക്കുക എന്നതാണ് അടുത്ത ഭാഗം. അതിന് പിസിആർ ആണ് ഉപയോഗിക്കുന്നത്. പതിപ്പുകൾ വീണ്ടും ഇലക്ട്രോഫോറസിസ് മെഷീനിൽ ഒരു ജെല്ലിൽ റൺ ചെയ്യിക്കുമ്പോൾ ഓരോ ഡിഎൻഎ തന്മാത്രയും അവയുടെ വലിപ്പമനുസരിച്ച്‌ പലയിടത്തായി സ്ഥാനം ഉറപ്പിക്കുന്നു. സാമ്പിളുകളുമായി ജെൽ ഒത്തുനോക്കും. പൊരുത്തപ്പെടുന്നുണ്ടെങ്കിൽ അത് ഒരേ ആൾ ആണെന്ന് ഉറപ്പിക്കാനാകും. ഇങ്ങനെയാണ് അടിസ്ഥാനപരമായി ഡിഎൻഎ പരിശോധന ചെയ്യുന്നത്.


​(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home