Deshabhimani

print edition തണലില്‍ വളരും അതുല്യ

mulak
avatar
പ്രഭാകരന്‍ മലപ്പട്ടം

Published on Oct 02, 2026, 12:00 AM | 1 min read

സാധാരണയായി മുളകുചെടി ഏറെ വെയില്‍ ഇഷ്ടപ്പെടുന്ന ഇനമാണ്. എന്നാല്‍ തണലില്‍ വളരാന്‍ പ്രാപ്തിയുള്ള പുതിയൊരിനം മുളക് കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. 'വെള്ളായണി അതുല്യ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.


പ്രത്യേകതകള്‍


തണലുള്ള ഇടങ്ങളില്‍ ഇടവിളയായും അടുക്കളമുറ്റത്തും ചെടിച്ചട്ടിയിലും ഗ്രോബാഗിലും ടെറസിലും മുറ്റത്തെ തണലിലും അകത്തളങ്ങളില്‍പോലും ഇത് വളര്‍ത്താം. എരിവ് കുറവായിരിക്കും. ഇലയ്ക്ക് നല്ല പച്ചനിറമാണ്. മുളകിന്റെ നിറം ആദ്യഘട്ടത്തില്‍ മഞ്ഞകലര്‍ന്ന പച്ചയും, പഴുത്തു വരുമ്പോള്‍ തിളക്കമുള്ള ചുവപ്പുമായിരിക്കും. സാലഡ് അടക്കം എല്ലാവിധ കറി ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. തണലുള്ള പ്രദേശങ്ങളില്‍ ഏതു സമയത്തും കൃഷി ചെയ്യാം. തുറസ്സായ ഇടങ്ങളില്‍ ചൂടുകുറഞ്ഞ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കൃഷി ചെയ്യാം.


കൃഷിരീതി


വിത്ത് തവാരണയിലോ പ്രോട്രേയിലോ പാകി മുളപ്പിക്കുക. മൂന്നാഴ്ചയ്ക്കുശേഷം (നാല് ഇല വരുമ്പോള്‍) പ്രധാന കൃഷിയിടത്തില്‍ പറിച്ചുനടാം. ചട്ടിയിലാണെങ്കില്‍ പോട്ടിംഗ് മിശ്രിതം (ഉണങ്ങിയ കാലിവളം, മേല്‍മണ്ണ്, മണല്‍ എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയത്) നിറച്ചു നടുക. മറ്റിടങ്ങളിലാണെങ്കില്‍ സെന്റൊന്നിന് 100 കിലോഗ്രാം എന്ന തോതില്‍ ഉണങ്ങിയ കാലിവളം ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തി മഴക്കാലത്ത് വാരങ്ങളെടുത്തും വേനലില്‍ ചാലുകളെടുത്തും നടാം. സെന്റില്‍ രണ്ട് കിലോഗ്രാം കുമ്മായവും ആദ്യമേ ചേര്‍ക്കണം. വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളില്‍ പൊടിച്ച കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളും ചേര്‍ക്കുക.


കാലിവളവും വേപ്പിന്‍പിണ്ണാക്കും (9:1 എന്ന അനുപാതത്തില്‍) എടുത്ത് കുമിള്‍നാശിനി കൂട്ടിച്ചേര്‍ക്കുക. അല്പം ഈര്‍പ്പം നല്‍കി പത്തുദിവസം തണലില്‍ സൂക്ഷിച്ച ശേഷം ഇത് ചെടിയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കാം. തുടര്‍ന്നുള്ള രോഗങ്ങളെ തടയാനും വളര്‍ച്ചയ്ക്കുമായി രാസവളമായി 7:10:5 എന്ന കൂട്ടുവളം ഒരു ചെടിക്ക് 12 ടീസ്പൂണ്‍ വീതം രണ്ടാഴ്ചയിലൊരിക്കല്‍ ചുവട്ടില്‍ ചേര്‍ക്കാം.


കീടനിയന്ത്രണം


കീടശല്യം തടയാന്‍ വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം. വിത്തുകള്‍ കാര്‍ഷിക സര്‍വകലാശാല വഴിയോ, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം വഴിയോ, കൃഷിഭവനുകള്‍ വഴിയോ ശേഖരിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home