print edition മലബാറി ആടുകൾ വന്ന വഴി

ഡോ. എം മുഹമ്മദ് ആസിഫ്
Published on Sep 25, 2026, 01:30 AM | 2 min read
മലബാറി അഥവാ തലശ്ശേരി ആടുകൾ കേവലം ഒരു പ്രാദേശിക മൃഗസമ്പത്ത് മാത്രമല്ലെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ. നൂറ്റാണ്ടുകൾക്ക് മുൻപ് അറബിക്കടല്‍ വഴി ഉണ്ടായിരുന്ന സമുദ്രവ്യാപാരത്തിന്റെയും വിനിമയത്തിന്റെയും ജീവിക്കുന്ന തെളിവുകളാണ് ഈ ആടിനമെന്ന് കണ്ടെത്തൽ. കേരള വെറ്ററിനറി സർവകലാശാലയിലെ ഗവേഷകർ നടത്തിയ ജീനോം പഠനഫലം സ്‌പ്രിംഗർ നേച്ചറിന്റെ ‘മാമേലിയൻ ജീനോം' മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു. വടക്കൻ കേരളത്തിൽ നിന്നുള്ള മലബാറി ആടുകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച്, അവയുടെ മാതൃപരമ്പരയിലൂടെയുള്ള ജനിതക ഘടന വിശദമായി പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.
സവിശേഷതകളേറെ
ഇന്ത്യയിൽ മറ്റ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ഭൂരിഭാഗം ആടുകളും പ്രത്യേകമായ ഏഷ്യൻ ജനിതക ഗണത്തിൽ ഉൾപ്പെടുമ്പോൾ, മലബാറി ആടുകൾ വ്യത്യസ്തവും സവിശേഷവുമായ പാരമ്പര്യവഴിയാണ് കാണിക്കുന്നത്. ജനിതക പരിശോധനയിൽ ഇറാഖ്, ഒമാൻ തുടങ്ങിയ നാടുകളിലെ ആടുകളുമായി മലബാറി ആടുകൾക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇതിനുപുറമെ, പഴയകാല കടൽവ്യാപാരപാതകളിലൊന്നായ ഗുജറാത്തിലെയും വിയറ്റ്നാം, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും ചില ആടുകളുമായും ഇവയ്ക്ക് ജനിതക ബന്ധമുണ്ട്.
പ്രധാനമായും പെണ്ണാടുകൾ വഴി മാത്രം അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മൈറ്റോകോൺഡ്രിയൽ ജനിതക കണികകൾ പരിശോധിച്ചതാണ് ഈ കണ്ടെത്തലിൽ നിർണ്ണായകമായത്. പുരാതനകാലത്ത് മലബാർ തീരത്തേക്ക് വ്യാപാരത്തിനായി എത്തിയിരുന്ന വിദേശ കപ്പലുകളിൽ, നീണ്ട കടൽയാത്രകളിൽ പാലിനും ഇറച്ചിക്കുമായി വ്യാപാരികൾ ആടുകളെ കൂടെ കരുതിയിരുന്നു. അങ്ങനെ മലബാർ തീരങ്ങളിൽ എത്തിയ അറേബ്യൻ പെണ്ണാടുകളിൽ നിന്നാണ് ഇന്നത്തെ മലബാറി ആടുകളുടെ മാതൃപരമ്പര രൂപപ്പെട്ടതെന്ന് പഠനം പറയുന്നു. എന്നാൽ ഏത് കാലഘട്ടത്തിലാണ് ഈ വംശസങ്കരം സംഭവിച്ചത് എന്ന് വ്യക്തമാകാൻ കൂടുതൽ പഠനങ്ങൾ വേണ്ടിവരും.
വർണവൈവിധ്യം
ഇടത്തരം ശരീര വലിപ്പവും വളർച്ചയുമുള്ള മലബാറി ആടുകളുടെ പ്രധാന ആകർഷണം വർണ്ണവൈവിധ്യമാണ്. വെളുപ്പാണ് പ്രധാന നിറമെങ്കിലും വെളുപ്പിൽ കറുപ്പ്, വെളുപ്പിൽ തവിട്ട്, പൂർണ്ണമായും കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങളിലെല്ലാം ഇവയെ കാണാം. തലമുറകളായി വിവിധ ജനുസ്സുകൾ തമ്മിൽ നടന്ന ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം ഈ വർണ്ണവൈവിധ്യം. പിന്നോട്ട് പിരിഞ്ഞു വളർന്ന ചെറിയ കൊമ്പുകളും, "7' എന്ന അക്കത്തിന്റെ മാതൃകയിൽ മധ്യഭാഗം വരെ നിവർന്നും ബാക്കി ഭാഗം തൂങ്ങിക്കിടക്കുന്നതുമായ അരയടി മാത്രം നീളമുള്ള ചെവികളും മലബാറിയുടെ തനത് ലക്ഷണങ്ങളാണ്.
വളരെ നീണ്ട കൊമ്പുകളോ ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളോ ഇവയുടെ ശരീര സവിശേഷതയല്ല. പ്രത്യുല്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും മുന്നിലാണ് ഇവ. കൂടുതൽ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാംസോത്പാദനത്തിനുമാണ് മലബാറി ആടുകൾ ഏറ്റവും അനിയോജ്യം. മലബാറി പെണ്ണാടുകളെ ബീറ്റൽ, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തരേന്ത്യൻ ജനുസ്സുകളിൽപ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാകുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിൻകുട്ടികളും വളർച്ചാനിരക്കിലും മാംസോത്പാദനത്തിലും രോഗപ്രതിരോധഗുണത്തിലും ഏറെ മികച്ചവയാണ്.
ആദായകരം
മലബാറി ആടുകളുടെ സാമ്പത്തിക നേട്ടവും ആദായക്ഷമതയും എടുത്തുപറയണം. പൂർണ്ണ വളർച്ചയെത്തിയ പെണ്ണാടുകൾക്ക് ശരാശരി 35–40 കിലോഗ്രാം വരെയും മുട്ടനാടുകൾക്ക് ശരാശരി 55–60 കിലോഗ്രാം വരെയും തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടിൽ നിന്നും ദിവസം ശരാശരി 750–900 മില്ലിലിറ്റർ വരെ പാൽ ലഭിക്കും. മലബാറി ആടുകളിൽ ഓരോ പ്രസവത്തിലെയും പാലുല്പാദനദൈർഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുത്പാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകൾ പെട്ടന്ന് തന്നെ ആരംഭിക്കുന്നതിനാലും ഈ കുറവിനെ മറികടക്കുന്നതായി വെറ്ററിനറി സർവ്വകലാശാലയിൽ നടത്തിയ പഠനങ്ങൾ പറയുന്നു. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി എളുപ്പം ഇണങ്ങി ജീവിക്കാനുള്ള ശേഷിയും, പാലിനും ഇറച്ചിക്കും ഒരുപോലെ ഉപകരിക്കുന്നതും മലബാറി ആടുകളുടെ മൂല്യം വർദ്ധിപ്പിക്കുന്നു.









0 comments