ad
Deshabhimani

പാമ്പുകടിയും പ്രതിരോധവും

snake  bite
avatar
ഡോ. പി വി മോഹനൻ

Published on May 01, 2026, 08:18 AM | 2 min read

പാമ്പുകൾ പൊതുവിൽ ആക്രമണസ്വഭാവമുള്ളവയല്ല. പ്രകോപനമെന്ന്‌ തോന്നുമ്പോഴാണ് അവ കടിക്കുന്നത്. ചലനങ്ങളും പാമ്പുകളെ പ്രകോപിപ്പിക്കാറുണ്ട്‌. അതിനാൽ അവയുടെ പെരുമാറ്റം മനസ്സിലാക്കി ജാഗ്രത പാലിക്കേണ്ടതുണ്ട്‌.


കടിക്കുന്ന രീതിയും അതിനുശേഷം കാണുന്ന ലക്ഷണങ്ങളും പാമ്പിന്റെ ഇനത്തിനനുസരിച്ച് വ്യത്യാസപ്പെടും. പാമ്പുകൾ ശീതരക്ത ജീവികളാണ്. അതായത്, അവയുടെ ശരീരതാപനില പരിസരാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.


ചൂടുകാലത്ത് (35–39°സെൽഷ്യസ്‌ വരെ) പാമ്പുകളുടെ മെറ്റബോളിസം വർധിക്കുകയും അവ ആഹാരം കണ്ടെത്താൻ കൂടുതൽ സജീവമാകുകയും ചെയ്യുന്നു. വരണ്ട നിലം, ചൂട് എന്നിവ കാരണം പാമ്പുകൾ തണലും തണുത്ത സ്ഥലങ്ങളും തേടി സഞ്ചരിക്കും.


കിണറുകൾ, വെള്ളം നിറഞ്ഞ പാത്രങ്ങൾ, ചോർച്ചയുള്ള പൈപ്പുകൾ, മാലിന്യക്കൂന്പാരം എന്നിവ ഇവയെ ആകർഷിക്കുന്നു. വീട്ടുപരിസരത്ത്‌ എലികളുടെയും തവളകളുടെയും സാന്നിധ്യവും പൊന്തക്കാടും പാന്പുശല്യം വർധിക്കാൻ കാരണമാകും. കേരളത്തിൽ സാധാരണ കാണുന്ന മൂന്നു പ്രധാന വിഷപ്പാമ്പുകളാണ്‌ മൂർഖൻ, അണലി, ശംഖുവരയൻ എന്നിവ. അവയുടെ ആക്രമണസ്വഭാവത്തെപ്പറ്റി:


മൂർഖൻ


മുന്നറിയിപ്പായി പത്തിവിരിച്ച് നിൽക്കും. പ്രകോപനം തുടർന്നാൽ വേഗത്തിൽ മുന്നോട്ടു ചാടി കടിക്കും. സാധാരണയായി ഒരുതവണ ശക്തമായ കടിയാകും ഉണ്ടാകുക.


തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ: കടിയേറ്റ സ്ഥലത്ത് വേദന, ചെറിയ വീക്കം, 30 മിനിറ്റ്–രണ്ടുമണിക്കൂറിനുള്ളിൽ കണ്ണ് മങ്ങൽ, കണ്ണിമകൾ താഴ്ന്നുപോകൽ, സംസാരിക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം എന്നിവയുണ്ടാകും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അപകടകരം.


അണലി


സാധാരണയായി മുന്നറിയിപ്പില്ലാതെ കടിക്കും. പലപ്പോഴും വേഗത്തിൽ രണ്ടുമൂന്നുതവണവരെ കടിക്കും.

തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ: കടിയേറ്റ സ്ഥലത്ത് കഠിനവേദനയും വലിയ വീക്കവും, മോണകളിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, രക്തം കട്ടപിടിക്കാതിരിക്കുക, മൂത്രത്തിൽ രക്തം, വൃക്കപ്രശ്നങ്ങൾ എന്നിവയുണ്ടാകും.


ശംഖുവരയൻ


രാത്രികാലങ്ങളിലാണ്‌ കടിയേൽക്കാനുള്ള സാധ്യത ഏറെ. പലപ്പോഴും ഉറക്കത്തിനിടയിൽ കടിയേൽക്കും. വേദന വളരെ കുറവായതിനാൽ കടിയേറ്റത് പലരും അറിയാതെ പോകും.


തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ: ആദ്യം ലക്ഷണങ്ങൾ ഇല്ലാത്തതുപോലെ തോന്നും. മണിക്കൂറുകൾക്കുശേഷം വയറുവേദന, കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്, സംസാരവും വിഴുങ്ങലും ബുദ്ധിമുട്ട്, ശ്വാസതടസ്സം തുടങ്ങിയവ ഉണ്ടാകും. എല്ലാ പാമ്പുകടികളും വിഷമുള്ളതല്ല. പക്ഷേ, തിരിച്ചറിയാൻ ശ്രമിച്ച് സമയം കളയരുത്. ആന്റിവെനവും വിദഗ്‌ധചികിത്സയും ലഭിക്കുന്ന ആശുപത്രികളിൽ ഉടൻ എത്തിക്കുക.


ശ്രദ്ധിക്കേണ്ടത്‌


പ്രതിരോധമാണ് ഏറ്റവും പ്രധാനം. വീട്ടുപരിസരം വൃത്തിയായി സൂക്ഷിക്കുക, മാലിന്യം കെട്ടിക്കിടക്കാതിരിക്കുക, എലിനിയന്ത്രണം ഉറപ്പാക്കുക, രാത്രിയിൽ ടോർച്ച് ഉപയോഗിക്കുക, കാൽരക്ഷകൾ ധരിക്കുക എന്നിവ അടിസ്ഥാനപരമായ സുരക്ഷാമാർഗങ്ങളാണ്.


പാമ്പിനെ കണ്ടാൽ സ്വയം പിടിക്കാൻ ശ്രമിക്കരുത്. വീടും പരിസരവും വൃത്തിയാക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക. പാമ്പുകടി ഏറ്റാൽ ആന്റിവെനവും വിദഗ്ധ ചികിത്സയുമുള്ള ആശുപത്രിയിൽ ഉടൻ എത്തിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home